കെജ്‌രിവാളിന് തിരിച്ചടി; ജാമ്യം അനുവദിച്ച വിചാരണ കോടതി വിധി താത്കാലികമായി തടഞ്ഞ് ദല്‍ഹി ഹൈക്കോടി
national news
കെജ്‌രിവാളിന് തിരിച്ചടി; ജാമ്യം അനുവദിച്ച വിചാരണ കോടതി വിധി താത്കാലികമായി തടഞ്ഞ് ദല്‍ഹി ഹൈക്കോടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 21st June 2024, 5:39 pm

ന്യൂദല്‍ഹി: ദല്‍ഹി മദ്യനയക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ജാമ്യം അനുവദിച്ച വിചാരണ കോടതി വിധി താത്കാലികമായി തടഞ്ഞ് ദല്‍ഹി ഹൈക്കോടതി. ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി സമര്‍പ്പിച്ച ഹരജിയിലാണ് വിധി.

മൂന്ന് ദിവസത്തിനകം ഉത്തരവ് പുറപ്പെടുവിക്കുമെന്നും അതുവരെ വിചാരണ കോടതിയുടെ ജാമ്യ ഉത്തരവ് നടപ്പാക്കരുതെന്നുമാണ് ഹൈക്കോടതി വിധിയില്‍ പറയുന്നത്. ആറ് മണിക്കൂറിലേറെ നടന്ന വാദത്തിന് പിന്നാലെയാണ് ഹൈക്കോടതി ഇപ്പോള്‍ വിധി റദ്ദാക്കിയത്.

വ്യാഴാഴ്ച വൈകിട്ടോടെയാണ് കെജ്‌രിവാളിന് ദല്‍ഹിയിലെ റൗസ് അവന്യൂ കോടതി ജാമ്യം അനുവദിച്ചത്. ഇതിന് പിന്നാലെയാണ് ഇ.ഡി ജാമ്യത്തെ എതിര്‍ത്ത് ഹൈക്കോടതിയെ സമീപിച്ചത്.

ഹരജി സമര്‍പ്പിച്ചതിന് പിന്നാലെ വെള്ളിയാഴ്ച തന്നെ ഇതില്‍ വിശദമായ വാദം കേള്‍ക്കുമെന്ന് ഹൈക്കോടതി അറിയിക്കുകയായിരുന്നു. പി.എം.എല്‍.എ ആക്ട് പ്രകാരമുള്ള വ്യവസ്ഥകള്‍ പാലിക്കാതെയാണ് കെജ്‌രിവാളിന് വിചാരണ കോടതി ജാമ്യം അനുവദിച്ചതെന്ന് ഇ.ഡി വാദിച്ചു.

ജാമ്യ ഹരജിയെ എതിര്‍ത്തുള്ള വാദത്തിന് ഇ.ഡിക്ക് വിചാരണ കോടതി വേണ്ടത്ര സമയം നല്‍കിയില്ലെന്ന ആരോപണവും അവര്‍ കോടതിയില്‍ ഉന്നയിച്ചു. കെജ്‌രിവാള്‍ കുറ്റക്കാരനെന്ന് തെളിയിക്കുന്നതിന് ആവശ്യമായ 12 മൊഴികള്‍ ഉണ്ടെന്നും ഇ.ഡി വാദിച്ചു. രഹസ്യ മൊഴികളും വാട്‌സാപ്പ് ചാറ്റുകളും കണക്കിലെടുക്കാതെയാണ് ജാമ്യം നല്‍കിയതെന്നും ഇ.ഡി കോടതിയില്‍ പറഞ്ഞു.

എന്നാൽ കെജ്‌രിവാളിനോട് ഇ.ഡി പക്ഷപാതപരമായി പെരുമാറുന്നുവെന്നാണ് വ്യാഴാഴ്ച ജാമ്യം അനുവദിച്ച് കൊണ്ട് വിചാരണ കോടതി പറഞ്ഞത്. കുറ്റകൃത്യവുമായി കെജ്‌രിവാളിനെ നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവുകൾ ഹാജരാക്കാൻ ഇ.ഡിക്ക് സാധിച്ചില്ലെന്നും കോടതി നിരീക്ഷിച്ചു. കെജ്‌രിവാളിനെതിരെ കേസെടുക്കാൻ പര്യാപ്തമായ തെളിവുകളല്ല ഇ.ഡി ഹാജരാക്കിയതെന്നും കോടതി വ്യക്തമാക്കി.

Content Highlight: Delhi High Court temporarily stayed the trial court verdict granting bail to Kejriwal