കെജ്‌രിവാളിന്റെ കോടതി നടപടികളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ നിന്നും നീക്കം ചെയ്യണം; സുനിത കെജ്‌രിവാളിന് ഹൈക്കോടതി നോട്ടീസ്
Kerala
കെജ്‌രിവാളിന്റെ കോടതി നടപടികളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ നിന്നും നീക്കം ചെയ്യണം; സുനിത കെജ്‌രിവാളിന് ഹൈക്കോടതി നോട്ടീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 15th June 2024, 4:16 pm

ന്യൂദല്‍ഹി: ദൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ കോടതി ജാമ്യ നടപടികളുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയകളിൽ നിന്ന് നീക്കം ചെയ്യാൻ പങ്കാളി സുനിത കെജ്‌രിവാളിന് ദൽഹി ഹൈക്കോടതിയുടെ നിർദേശം. ഇത് ചൂണ്ടിക്കാട്ടി സുനിത കെജ്‌രിവാളിന് ഹൈക്കോടതി നോട്ടിസ് അയച്ചു.

മാര്‍ച്ച് 28ന് നടന്ന കോടതി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ജസ്റ്റിസ് നീന ബെന്‍സല്‍ കൃഷ്ണയും ജസ്റ്റിസ് അമിത് ശര്‍മയും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് വീഡിയോ കോണ്‍ഫറന്‍സ് ചട്ടങ്ങള്‍ ലംഘിച്ചു എന്നാണ് നോട്ടീസില്‍ പറയുന്നത്. കെജ്‌രിവാളിനെ ഇ.ഡി കോടതിയില്‍ ഹാജരാക്കിയപ്പോഴുള്ള ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരിച്ചത്.

അഭിഭാഷകനായ വൈഭവ് സിങ്ങാണ് ഇതുമായി ബന്ധപ്പെട്ട് പൊതുതാല്‍പര്യ ഹരജി സമര്‍പ്പിച്ചത്. കേസുമായി ബന്ധപ്പെട്ട മറ്റു കക്ഷികള്‍ക്കും ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. സുനിത കെജ് രിവാളിന് പുറമേ അക്ഷയ് മല്‍ഹോത്ര, എക്‌സ് യൂസര്‍ നാഗിക് ഇന്ത്യ ജിതേഖ, പ്രോമില ഗുപ്ത, വിനീത ജെയന്‍ ഡോ. അരുണേഷ് കുമാര്‍ യാദവ് എന്നിവരും വീഡിയോ കോണ്‍ഫറന്‍സിങ് ചട്ടങ്ങള്‍ ബോധപൂര്‍വം ലംഘിച്ചുവെന്നും വൈഭവിന്റെ ഹരജിയില്‍ പറയുന്നു.

ഫേസ്ബുക്ക്, വാട്സ്ആപ്പ്, ഇന്‍സ്റ്റഗ്രാം, എക്‌സ് തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ നിന്നും വീഡിയോ നീക്കം ചെയ്യണമെന്നും കോടതി നിര്‍ദേശിച്ചു. കേസ് ജൂലൈ ഒമ്പതിന് ദല്‍ഹി ഹൈകോടതി വീണ്ടും പരിഗണിക്കും.

 

Content Highlight: Delhi High Court Sent a Notice For Sunitha Kejriwal For Video of court proceedings Share on Social Media