|

20 ആഴ്ച പിന്നിട്ടതിനാല്‍ ഗര്‍ഭഛിദ്രം അനുവദിക്കാനാവില്ല; കുഞ്ഞിനെ ദത്ത് നല്‍കിക്കൂടേ; യുവതിയുടെ അപേക്ഷയില്‍ ദല്‍ഹി ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വിവാഹത്തിലൂടെയല്ലാത്ത ബന്ധത്തില്‍, പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിലൂടെയുണ്ടാകുന്ന ഗര്‍ഭം അലസിപ്പിക്കാന്‍ പറ്റില്ലെന്ന് ദല്‍ഹി ഹൈക്കോതി. 20 ആഴ്ച പിന്നിട്ട ഗര്‍ഭിണികള്‍ക്ക് ഗര്‍ഭഛിദ്രം നടത്താനുള്ള അവകാശമാണ് കോടതി നിഷേധിച്ചത്.

വെള്ളിയാഴ്ചയായിരുന്നു കോടതിയുടെ നിരീക്ഷണം. ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മ, ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെതാണ് വിധി.

2003ലെ മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രെഗ്നന്‍സി റൂള്‍ (Medical Termination of Pregnancy Rules, 2003) പ്രകാരം, പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിലൂടെ ഗര്‍ഭിണിയാകുന്ന അവിവാഹിതയായ സ്ത്രീക്ക് 20 ആഴ്ചയില്‍ കൂടുതല്‍ പ്രായമുള്ള ഗര്‍ഭം അവസാനിപ്പിക്കാന്‍ അനുവാദമില്ല എന്നാണ് കോടതി നിരീക്ഷിച്ചത്.

25 വയസുകാരിയായ അവിവാഹിതയായ യുവതിയാണ് ഗര്‍ഭഛിദ്രം നടത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് കോടതിയെ സമീപിച്ചത്. എന്നാല്‍ കോടതി അനുമതി നിഷേധിച്ചുകൊണ്ട് വിധി പുറപ്പെടുവിക്കുകയായിരുന്നു. യുവതി 23 ആഴ്ചയും അഞ്ച് ദിവസവും ഗര്‍ഭിണിയായിരുന്നു.

പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിലൂടെയാണ് ഗര്‍ഭിണിയായതെന്നും എന്നാല്‍ അവിവാഹിതയായതിനാലും പാര്‍ട്ണര്‍ തന്നെ വിവാഹം കഴിക്കാന്‍ വിസമ്മതിച്ചതിനാലും കുഞ്ഞിനെ പ്രസവിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നാണ് ഇവര്‍ കോടതിയെ അറിയിച്ചത്. വിവാഹത്തിലൂടെയല്ലാതെ കുഞ്ഞിനെ പ്രസവിക്കുന്നത് തന്നെ മാനസികമായും ബാധിക്കുമെന്നും യുവതി കോടതിയില്‍ പറഞ്ഞു.

എന്നാല്‍ വിവാഹിതയല്ലാത്ത സ്ത്രീ, പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിലൂടെ ഗര്‍ഭിണിയാവുകയാണെങ്കില്‍ അവര്‍ക്ക് 2003ലെ മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രെഗ്നന്‍സി റൂള്‍ (എം.ടി.പി) പ്രകാരമുള്ള പരിരക്ഷ ലഭിക്കില്ലെന്നും കോടതി ഉത്തരവില്‍ പറയുന്നു.

എം.ടി.പി ചട്ടം അനുസരിച്ച്, ബലാത്സംഗത്തിനിരയായവര്‍, പ്രായപൂര്‍ത്തിയാകാത്തവര്‍, ഗര്‍ഭാവസ്ഥയില്‍ മാര്യേജ് സ്റ്റാറ്റസ് മാറിയ സ്ത്രീകള്‍, മാനസികരോഗികളായ സ്ത്രീകള്‍, അല്ലെങ്കില്‍ ഗര്‍ഭത്തിന് വൈകല്യമുള്ള സ്ത്രീകള്‍ എന്നിവര്‍ക്ക് മാത്രമേ 24 ആഴ്ച വരെയുള്ള ഗര്‍ഭം അവസാനിപ്പിക്കാന്‍ അനുവാദമുള്ളൂ എന്ന് കോടതി പറഞ്ഞു.

ഈ ഘട്ടത്തില്‍ ഗര്‍ഭം അവസാനിപ്പിക്കുന്നത് കുഞ്ഞിനെ കൊല്ലുന്നതിന് തുല്യമാകുമെന്നും യുവതിയുടെ ഹരജി പരിഗണിക്കവെ ജഡ്ജിമാര്‍ അഭിപ്രായപ്പെട്ടു.

ജനനശേഷം കുഞ്ഞിനെ വളര്‍ത്താന്‍ യുവതിയെ നിര്‍ബന്ധിക്കുന്നില്ലെന്നും കുഞ്ഞിനെ ദത്തെടുക്കാന്‍ വിട്ടുകൊടുക്കാമെന്നും കോടതി നിര്‍ദേശിച്ചു.

അതേസമയം, യുവതിയുടെ ഹരജി കോടതി തീര്‍പ്പാക്കിയിട്ടില്ല. പകരം ഹരജി നിലനിര്‍ത്തുകയും അതിന്മേല്‍ ഓഗസ്റ്റ് 26നകം പ്രതികരണം അറിയിക്കാന്‍ നിര്‍ദേശിച്ചുകൊണ്ട് ദല്‍ഹി ആരോഗ്യ കുടുംബക്ഷേമ വകുപ്പിന് നോട്ടീസ് അയക്കുകയും ചെയ്തു.

Content Highlight: Delhi High Court says Unmarried women pregnant from consensual sex cannot terminate pregnancy older than 20 weeks