ന്യൂദല്‍ഹി: പ്രണയ ബന്ധങ്ങള്‍ ക്രിമിനല്‍ വത്കരിക്കാന്‍ പോക്‌സോ നിയമം ദുരുപയോഗം ചെയ്യരുതെന്ന് ദല്‍ഹി ഹൈക്കോടതി. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ലൈംഗികാതിക്രമങ്ങളില്‍ നിന്ന് സംരക്ഷിക്കുക എന്നതാണ് പോക്സോ നിമയത്തിന്റെ ലക്ഷ്യമെന്നും അല്ലാതെ ചെറുപ്പക്കാര്‍ തമ്മിലുള്ള പരസ്പര പ്രണയത്തെ ഇതിലേക്ക് വലിച്ചഴക്കരുതെന്നും കോടതി പറഞ്ഞു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ 25 വയസുകാരന് ജാമ്യം അനുവദിച്ചാണ് ദല്‍ഹി ഹൈക്കോടതിയുടെ നരീക്ഷണമെന്ന് ദി സിയാസത്ത് ഡയലി റിപ്പോര്‍ട്ട് ചെയ്യുന്നു.
അന്വേഷണത്തില്‍ പെണ്‍കുട്ടി പ്രോസിക്യൂഷന്റെ ആരോപണത്തെ നിഷേധിച്ചിരുന്നു. പെണ്‍കുട്ടി കോടതിക്ക് നല്‍കിയ മൊഴിയില്‍ പറഞ്ഞത് യുവാവുമായി പ്രണയബന്ധത്തിലാണെന്നാണ്. ഇതോടെയാണ് ഹൈക്കോടതി ജഡ്ജി വികാസ് മഹാജന്‍ ഈ നിരീക്ഷണം നടത്തിയത്.
‘പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകാത്ത ആളാണെന്നതില്‍ സംശയമില്ല. മെഡിക്കല്‍ റിപ്പോര്‍ട്ട് പ്രകാരം ലൈംഗികാതിക്രമത്തിനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല. എന്നാല്‍ വിഷയത്തില്‍ വിചാരണ പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ കേസില്‍ ഒരു തീര്‍പ്പില്‍ എത്താന്‍ സാധിക്കുകയൊള്ളു,’ ജസ്റ്റിസ് വികാസ് മഹാജന്‍ പറഞ്ഞു.
15 വയസുള്ള തന്റെ മകളെ അയല്‍വാസിയായ യുവാവ് തട്ടിക്കൊക്കൊണ്ടുപോയെന്ന് ആരോപിച്ച് പെണ്‍കുട്ടിയുടെ അമ്മ 2022ലാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നത്. 25 കാരനായ യുവാവ് കഴിഞ്ഞ 11 മാസമായി കസ്റ്റഡിയിലായിരുന്നു.
വീട്ടുകാരുടെ മോശം പെരുമാറ്റത്തെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ നിര്‍ബന്ധപ്രകാരം യുവാവ് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോയതെന്നാണ് അദ്ദേഹത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്.