| Friday, 23rd October 2020, 3:21 pm

അര്‍ണബിന്റെ 'ന്യൂസ് അവര്‍' വേണ്ടെന്ന് ദല്‍ഹി ഹൈക്കോടതി; നാഷന്‍ വാണ്ട്‌സ് ടു നോയും നഷ്ടമായേക്കാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക്ക് ടി.വിയോട് ന്യൂസ് അവര്‍ എന്ന പേര് പരിപാടിക്ക് ഉപയോഗിക്കാന്‍ പാടില്ലെന്ന് ദല്‍ഹി ഹൈക്കോടതി. ടൈംസ് ഗ്രൂപ്പിന്റെ ബെന്നറ്റ് കോള്‍മാന്‍ കമ്പനി നല്‍കിയ ഹരജിയിലാണ് കോടതി ഉത്തരവ്.

അതേസമയം’ ദ നാഷന്‍ വാണ്ട്‌സ് ടു ‌നോ’ എന്ന ടാഗ്‌ലൈന്‍ ഉപയോഗിക്കുന്നതില്‍ നിന്ന് റിപ്പബ്ലിക്ക് ടി.വിയെ വിലക്കണമെന്ന ആവശ്യം കോടതി തള്ളി. എന്നാല്‍ ടൈംസ് ഗ്രൂപ്പിന് ‘ദ നാഷന്‍ വാണ്ട്‌സ് ടു നോ’ എന്ന ടാഗ്‌ലൈന്‍ തങ്ങളുടേതാണെന്ന് കോടതിയില്‍ തെളിയിക്കാന്‍ കഴിഞ്ഞാല്‍ അര്‍ണബ് ഗോസ്വാമിക്ക് അത് തിരിച്ചടിയായേക്കാം.

റിപ്പബ്ലിക്ക് ടി.വിക്ക് പരിപാടിയുടെ ഭാഗമായി നാഷന്‍ വാണ്ട്‌സ് ടു നോ എന്ന ടാഗ് ലൈന്‍ ഉപയോഗിക്കുന്നതില്‍ തടസ്സമില്ലെന്നാണ് ഇപ്പോള്‍ കോടതി പറഞ്ഞത്.

അതേസമയം ഒരു കമ്പനി നേരത്തെ രജിസ്റ്റര്‍ ചെയ്ത പേര് തന്നെ പരിപാടിക്ക് ഉപയോഗിക്കുകയാണെങ്കില്‍ ട്രേഡ്മാര്‍ക്ക് നിയമപ്രകാരം പരിശോധിക്കപ്പെടേണ്ടിവരുമെന്നും കോടതി വ്യക്തമാക്കി.

എന്നാല്‍ ദ നാഷണ്‍ വാണ്ട്‌സ് ടു നോ എന്ന ടാഗ്‌ലൈന്‍ ആദ്യമായി ഉപയോഗിച്ചത് തങ്ങളാണെന്ന് വാദി ഭാഗം കോടതിയില്‍ അറിയിച്ചു. അങ്ങനെയങ്കില്‍ തെളിവുകള്‍ സമര്‍പ്പിച്ചാല്‍ മാത്രമേ വിഷയത്തില്‍ തീരുമാനം എടുക്കാന്‍ സാധിക്കുകയുള്ളൂ എന്ന് കോടതി വ്യക്തമാക്കി.

വാദി ഭാഗത്തിന്റെ കമ്പനിയില്‍ ജോലി ചെയ്യുന്ന സമയത്ത് താന്‍ സാധാരണ പ്രയോഗമായി ഉപയോഗിച്ചിരുന്നതാണ് ‘ദ നാഷന്‍ വാണ്ട്‌സ് ടു നോ’എന്ന ടാഗ്‌ലൈന്‍ എന്ന് കോടതിയില്‍ അര്‍ണബ് വാദിച്ചു.

അതിനാല്‍തന്നെ ‘ദ നാഷന്‍ വാണ്ട്‌സ് ടു നോ’ എന്ന പ്രയോഗത്തില്‍ ഇന്റലെക്ച്ച്വല്‍ പ്രോപ്പര്‍ട്ടിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്ലെന്നാണ് അര്‍ണബ് ഗോസ്വാമി കോടതിയില്‍ വ്യക്തമാക്കിയത്.

നാഷന്‍ വാണ്ട്‌സ് ടു നോ എന്ന പ്രയോഗം തങ്ങളുടെ ന്യൂസ് അവര്‍ പ്രോഗ്രാമിന്റെ ഭാഗമായി എഡിറ്റോറിയല്‍ ചര്‍ച്ചയിലൂടെ രൂപപ്പെട്ടുവന്നതാണെന്നാണ് ടൈംസ് നൗ കോടതിയെ അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട് കോടതി വീണ്ടും വാദം കേള്‍ക്കുമെന്നും അറിയിച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Delhi High Court restrains Republic tv from using news hour, the nation wants to know in dilemma

We use cookies to give you the best possible experience. Learn more