| Tuesday, 18th October 2022, 3:01 pm

ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷ ദല്‍ഹി ഹൈക്കോടതി തള്ളി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ഥി നേതാവായ ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷ ദല്‍ഹി ഹൈക്കോടതി തള്ളി.
മാര്‍ച്ച് 24ന് വിചാരണക്കോടതി ജാമ്യം നിഷേധിച്ചതിനെത്തുടര്‍ന്നാണ് ഉമര്‍ ഖാലിദ് ദല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നത്.

ജസ്റ്റിസുമാരായ സിദ്ധാര്‍ത്ഥ് മൃദുല്‍, രജനീഷ് ഭട്നഗര്‍ എന്നിവരടങ്ങിയ പ്രത്യേക ഡിവിഷന്‍ ബെഞ്ചാണ് ജാമ്യാപേക്ഷയില്‍ വിധി പറഞ്ഞത്. ജാമ്യാപേക്ഷയില്‍ മെറിറ്റുകളൊന്നും കണ്ടെത്താത്തതിനെ തുടര്‍ന്ന് ജാമ്യാപേക്ഷ തള്ളുന്നു എന്നാണ് ബെഞ്ച് വിധി പ്രസ്താവത്തില്‍ പറഞ്ഞത്.

ചൊവ്വാഴ്ച ജാമ്യം ലഭിച്ചിരുന്നെങ്കില്‍ ഉമര്‍ ഖാലിദ് ജയില്‍ മോചിതനാവുമായിരുന്നു. കലാപമുണ്ടാക്കാനുള്ള ‘വലിയ ഗൂഢാലോചന’ ആരോപിച്ച് യു.എ.പി.എ ചുമത്തപ്പെട്ട ഖാലിദ് 2020 സെപ്റ്റംബര്‍ മുതല്‍ ജയിലില്‍ കഴിയുകയാണ്.

ഖാലിദിന്റെ പ്രസംഗങ്ങളില്‍ പ്രതിഷേധത്തിനൊപ്പം അഹിംസക്കുള്ള പ്രത്യേത ആഹ്വാനവും ഉണ്ടെന്ന് ദല്‍ഹി ഹൈക്കോടതിയിലെ വാദത്തിനിടെ ഖാലിദിന്റെ അഭിഭാഷകന്‍ ത്രിദീപ് പൈസ് വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഒന്നിനാണ് ഉമര്‍ ഖാലിദ് അറസ്റ്റിലാവുന്നത്. കലാപത്തിന് പദ്ധതിയിട്ടെന്ന പേരില്‍ സെപ്റ്റംബറില്‍ ഉമര്‍ ഖാലിദിനെതിരെ യു.എ.പി.എ ചുമത്തിയിരുന്നു. നവംബര്‍ 22 നാണ് ഉമര്‍ ഖാലിദ്, വിദ്യാര്‍ഥി നേതാക്കളായ ഷര്‍ജില്‍ ഇമാം, ഫൈസാന്‍ ഖാന്‍ എന്നിവര്‍ക്കെതിരെ ദല്‍ഹി പൊലീസ് ചാര്‍ജ് ഷീറ്റ് ഫയല്‍ ചെയ്യുന്നത്.

ദല്‍ഹിയിലെ ജാമിയ ഏരിയയിലെ പ്രതിഷേധങ്ങളുടെയും വടക്കുകിഴക്കന്‍ ദല്‍ഹിയില്‍ 2019 ഡിസംബറിലും 2020 ഫെബ്രുവരിയിലും അരങ്ങേറിയ കലാപങ്ങളുടെയും ആസൂത്രകന്‍മാരാണെന്ന് ആരോപിച്ച് ഖാലിദ്, ഷര്‍ജില്‍ ഇമാം തുടങ്ങി നിരവധി പേര്‍ക്കെതിരെ യു.എ.പി.എയിലേയും ഐ.പി.സിയിലേയും വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുക്കുകയായിരുന്നു.

CONTENT HIGHLIGHTS: Delhi High Court rejects Umar Khalid’s bail plea

Latest Stories

We use cookies to give you the best possible experience. Learn more