ന്യൂദല്‍ഹി: ദല്‍ഹിയില്‍ പടക്ക വില്‍പന അനുവദിക്കാനാകില്ലെന്ന് ഉത്തരവിട്ട് ദല്‍ഹി ഹൈക്കോടതി. നഗരത്തില്‍ വായുമലിനീകരണം രൂക്ഷമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഈ സാഹചര്യത്തില്‍ പടക്ക വില്‍പന അനുവദിക്കില്ലെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് സഞ്ജീവ് നരുലയുടേതാണ് നിരീക്ഷണം.
‘ദല്‍ഹി ഫയര്‍വര്‍ക്ക് ഷോപ്പ് കീപ്പേഴ്സ് അസോസിയേഷന്‍’ നല്‍കിയ ഹരജി പരിഗണിച്ചുകൊണ്ടായിരുന്നു കോടതി ഉത്തരവ്. നേരത്തെ പടക്കങ്ങള്‍ കൈവശം വെക്കുന്നത് നിരോധിച്ച് ദല്‍ഹി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഹരജിയുമായി അസോസിയേഷന്‍ കോടതിയെ സമീപിച്ചത്.
കൈവശമുള്ള പടക്കങ്ങള്‍ കൈമാറ്റം ചെയ്യപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ കോടതി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു. പടക്കങ്ങള്‍ മോഷണം പോകാതിരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മുദ്രവെക്കല്‍ നടപടിയിലേക്ക് കടക്കണമെന്നും കോടതി നിര്‍ദേശിച്ചു.
സെപ്റ്റംബര്‍ 14നാണ് പടക്കങ്ങളുടെ ഉത്പാദനം, വില്‍പന, സംഭരണം എന്നിവയ്ക്ക് ദല്‍ഹി സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയത്. ജനുവരി ഒന്ന് വരെയാണ് നിരോധനം. ദല്‍ഹി പരിസ്ഥിതി മന്ത്രി ഗോപാല്‍ റായാണ് ഉത്തരവ് പുറപ്പെടുവിച്ചത്. വായു മലിനീകരണം തടയാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളെ പിന്തുണയ്ക്കാന്‍ ദല്‍ഹി നിവാസികളോട് അദ്ദേഹം അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു.
സംസ്ഥാനത്ത് ദസറ ആഘോഷങ്ങള്‍ പൂര്‍ത്തിയായതോടെ ദല്‍ഹിയുടെ 24 മണിക്കൂര്‍ ശരാശരി എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് (എ.ക്യു.ഐ) 224 ല്‍ എത്തിയതായി കേന്ദ്രമലിനീകരണ നിയന്ത്രണ ബോര്‍ഡ് അറിയിച്ചിരുന്നു.
പിന്നാലെ ഗ്രേഡഡ് റെസ്പോണ്‍സ് ആക്ഷന്‍ പ്ലാനിന്റെ (ജി.ആര്‍.എ.പി) സ്റ്റേജ് ഒന്ന് പ്രകാരം, വായുമലിനീകരണ വിരുദ്ധ നടപടികള്‍ സ്വീകരിക്കുന്നതിന് മുമ്പ് സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ കേന്ദ്രം തീരുമാനിക്കുകയായിരുന്നു. എ.ക്യു.ഐ 200 കടന്നാല്‍ ഭക്ഷണശാലകളിലും ഹോട്ടലുകളിലും കല്‍ക്കരി, വിറക് എന്നിവയുടെ ഉപയോഗം പൂര്‍ണമായും നിരോധിക്കണമെന്നും ഇത് നിര്‍ബന്ധമാക്കുന്നുണ്ട്.
Content Highlight: Delhi High Court orders that sale of firecrackers cannot be allowed in Delhi