| Friday, 19th August 2022, 9:49 am

ബി.ജെ.പി നേതാവ് ഷാനവാസ് ഹുസൈനെതിരെ പീഡനക്കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിട്ട് ദല്‍ഹി ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബി.ജെ.പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ഷാനവാസ് ഹുസൈനെതിരെ പീഡനക്കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിട്ട് ദല്‍ഹി ഹൈക്കോടതി. കേസെടുത്ത് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാനാണ് കോടതി ഉത്തരവിട്ടത്.

2018 ഏപ്രിലില്‍ തെക്കന്‍ ദല്‍ഹിയിലെ ഛത്തര്‍പൂര്‍ ഫാം ഹൗസില്‍ വെച്ച് ഷാനവാസ് ഹുസൈന്‍ തന്നെ ബലാത്സംഗം ചെയ്‌തെന്ന യുവതിയുടെ പരാതിയില്‍ നടപടിയെടുക്കാനാണ് കോടതിയുടെ നിര്‍ദേശം.

ഷാനവാസ് ഹുസൈന്റെ ഹരജി തള്ളിക്കൊണ്ടായിരുന്നു കോടതി ഉത്തരവ്.

പീഡന ആരോപണത്തില്‍ ബി.ജെ.പി നേതാവിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് 2018ല്‍ പരാതിക്കാരി കീഴ്ക്കോടതിയെ സമീപിച്ചിരുന്നു. ഷാനവാസ് ഹുസൈനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ 2018 ജൂലൈ ഏഴിന് ദല്‍ഹി പൊലീസിനോട് മജിസ്റ്റീരിയല്‍ കോടതി ഉത്തരവിടുകയും ചെയ്തിരുന്നു.

ഈ ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ടായിരുന്നു ഷാനവാസ് ഹുസൈന്‍ ദല്‍ഹി ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചത്. എന്നാല്‍ ഇത് കോടതി തള്ളുകയായിരുന്നു.

എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദേശിച്ചുകൊണ്ടുള്ള 2018ലെ വിചാരണ കോടതി ഉത്തരവില്‍ തെറ്റില്ലെന്ന് പറഞ്ഞ ദല്‍ഹി ഹൈക്കോടതി ജസ്റ്റിസ് ആഷാ മേനോന്‍ അത് സ്റ്റേ ചെയ്തുകൊണ്ടുള്ള ഇടക്കാല ഉത്തരവുകള്‍ റദ്ദാക്കുകയും ചെയ്തു.

”നിലവിലെ ഹരജിയില്‍ കഴമ്പില്ല. ഹരജി തള്ളിയിരിക്കുകയാണ്. എഫ്.ഐ.ആര്‍ ഉടന്‍ രജിസ്റ്റര്‍ ചെയ്യണം.

അന്വേഷണം പൂര്‍ത്തിയാക്കി സെക്ഷന്‍ 173 CrPC പ്രകാരം വിശദമായ റിപ്പോര്‍ട്ട് മൂന്ന് മാസത്തിനുള്ളില്‍ മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റിന് മുന്നില്‍ സമര്‍പ്പിക്കണം,” ബുധനാഴ്ച പുറത്തുവിട്ട കോടതി ഉത്തരവില്‍ പറയുന്നു.

സംഭവത്തില്‍ ഇതുവരെ കേസെടുക്കാത്തതിന് ഹൈക്കോടതി ദല്‍ഹി പൊലീസിനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.

ബിഹാറില്‍ നിന്നുള്ള ബി.ജെ.പി നേതാവായ ഷാനവാസ് ഹുസൈനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ദല്‍ഹി പൊലീസ് വിമുഖത കാണിക്കുകയാണെന്നും കേസ് രജിസ്റ്റര്‍ ചെയ്യാത്തതിന് പൊലീസിന്റെ ഭാഗത്ത് യാതൊരു ന്യായവുമില്ലെന്നും കോടതി പറഞ്ഞു.

വിചാരണ കോടതി ഇടപെടുന്നത് വരെ കേസന്വേഷിക്കാന്‍ ദല്‍ഹി പൊലീസ് തയ്യാറായില്ലെന്നും ഇരയാക്കപ്പെട്ട സ്ത്രീയുടെ മൊഴി നാല് തവണ രേഖപ്പെടുത്തിയിട്ടും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെന്നും കോടതി നിരീക്ഷിച്ചു.

2018 ജൂണ്‍ 21നായിരുന്നു ഷാനവാസ് ഹുസൈനെതിരെ യുവതി പരാതി നല്‍കിയത്. ഇതിന്മേല്‍ കൈക്കൊണ്ട നടപടി വ്യക്തമാക്കാന്‍ നേരത്തെ വിചാരണ കോടതി ദല്‍ഹി പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പരാതിയില്‍ വസ്തുതയില്ലെന്നായിരുന്നു പൊലീസിന്റെ റിപ്പോര്‍ട്ട്.

ബിഹാറില്‍ അധികാരം നഷ്ടപ്പെട്ട ജെ.ഡി.യു- ബി.ജെ.പി സഖ്യസര്‍ക്കാരില്‍ മന്ത്രിയായിരുന്നു ഷാനവാസ് ഹുസൈന്‍.

Content Highlight: Delhi High Court orders Delhi police to register FIR against BJP leader Shahnawaz Hussain in rape case

We use cookies to give you the best possible experience. Learn more