ന്യൂദല്‍ഹി: പ്രായപൂര്‍ത്തിയാവാത്ത, ഋതുമതിയായ മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് മുഹമ്മദന്‍ നിയമപ്രകാരം വിവാഹം കഴിക്കുന്നതില്‍ തെറ്റില്ലെന്ന് ദല്‍ഹി ഹൈക്കോടതി. ഋതുമതിയാണെങ്കില്‍ പെണ്‍കുട്ടിക്ക് വിവാഹം കഴിച്ച് ഭര്‍ത്താവിനൊപ്പം ജീവിക്കാന്‍ അവകാശമുണ്ടെന്നും, അതിന് പ്രായപൂര്‍ത്തിയാവേണ്ടതില്ലെന്നും കോടതി നിരീക്ഷിച്ചു.
ജസ്റ്റിസ് ജസ്മീത് സിങ്ങിന്റെതാണ് ഈ നിരീക്ഷണം.
പ്രായപൂര്‍ത്തിയായിട്ടില്ലെങ്കിലും മുഹമ്മദന്‍ നിയമപ്രകാരം വിവാഹമാവാമെന്നും, അതിന് രക്ഷിതാക്കളുടെ സമ്മതം ആവശ്യമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
‘മുഹമ്മദന്‍ നിയമപ്രകാരം പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിക്ക് മാതാപിതാക്കളുടെ സമ്മതമില്ലാതെ വിവാഹം കഴിക്കാമെന്നും, 18 വയസിന് താഴെയാണെങ്കില്‍ പോലും ഭര്‍ത്താവിനൊപ്പം താമസിക്കാന്‍ അവകാശമുണ്ട്’ എന്നായിരുന്നു കോടതിയുടെ നിരീക്ഷണം.
ഈ വര്‍ഷം മാര്‍ച്ചില്‍ മുസ്‌ലിം ആചാര പ്രകാരം വിവാഹിതരായ ദമ്പതികള്‍ക്ക് സംരക്ഷണം നല്‍കാന്‍ ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ഹൈക്കോടതി ഈ നിരീക്ഷണം നടത്തിയത്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വിവാഹം റദ്ദാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് നിയമ നടപടികള്‍ സ്വീകരിച്ചിരുന്നു.
പരാതിയേത്തുടര്‍ന്ന് പൊലീസ് പെണ്‍കുട്ടിയുടെ ഭര്‍ത്താവിനെതിരെ ഐ.പി.സി സെക്ഷന്‍ 363, 376, പോക്‌സോ വകുപ്പുകള്‍ ചേര്‍ത്ത് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
താന്‍ വിവാഹം കഴിച്ചതും വീട് വിട്ടിറങ്ങിയതും സ്വന്തം ഇഷ്ടപ്രകാരമാണെന്നായിരുന്നു പെണ്‍കുട്ടിയുടെ പ്രതികരണം. മാതാപിതാക്കള്‍ തന്നെ നിരന്തരമായി മര്‍ദ്ദിക്കാറുണ്ടായിരുന്നുവെന്നും പെണ്‍കുട്ടി കോടതിയില്‍ പറഞ്ഞു.
കോടതിയില്‍ ഹാജരാക്കിയ രേഖകള്‍ പ്രകാരം 2006 ഓഗസ്റ്റ് രണ്ടിനാണ് പെണ്‍കുട്ടി ജനിച്ചത്. വിവാഹം കഴിക്കുമ്പോള്‍ 15 വയസും അഞ്ച് മാസവും മാത്രമായിരുന്നു പെണ്‍കുട്ടിയുടെ പ്രായം.
ഏപ്രിലില്‍ ഭര്‍ത്താവിന്റെ അടുക്കല്‍ നിന്നും പൊലീസ് പെണ്‍കുട്ടിയെ മാറ്റുകയായിരുന്നു. തുടര്‍ന്ന് ദല്‍ഹി ദീന്‍ ദയാല്‍ ഉപാധ്യായ ആശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കുകയും ചെയ്തു.
ഇരുവരും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നെന്നും പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നും പരിശോധനാ ഫലത്തില്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ഇവിടെ നടന്നത് ലൈംഗീക ചൂഷണമല്ലെന്നും പോക്സോ നിയമം നിലനില്‍ക്കില്ലെന്നും കോടതി നിരീക്ഷിച്ചു.
ഇരുവരും പ്രണയത്തിലായിരുന്നുവെന്നും മുസ്‌ലിം മതനിയമപ്രകാരം വിവാഹം കഴിച്ച ശേഷമാണ് ഇരുവരും ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നും ഹൈക്കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടി.
നിലവില്‍ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നത് കണക്കിലെടുത്ത് ഇവരെ ഭര്‍ത്താവില്‍ നിന്നും അകറ്റാന്‍ സാധിക്കില്ലെന്നും, അങ്ങനെ അകറ്റിയാല്‍ പെണ്‍കുട്ടിക്കുണ്ടാക്കുന്ന മാനിസികാഘാതം വളരെ വലുതായിരിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.
‘ഹരജിക്കാര്‍ വേര്‍പിരിഞ്ഞാല്‍ അത് ഹരജിക്കാരിക്കും അവളുടെ ഗര്‍ഭസ്ഥ ശിശുവിനുമുണ്ടാക്കാന്‍ പോകുന്ന മാനസികാഘാതം വളരെ വലുതായിരിക്കും. ഹരജിക്കാരിയുടെ മികച്ച നിലയെന്തോ, അത് സംരക്ഷിക്കുകയാണ് ഇവിടെ സ്‌റ്റേറ്റിന്റെ ലക്ഷ്യം,’ കോടതി പറഞ്ഞു.
Content Highlight: Delhi High Court observes that Muslim girl can marry without parents’ consent if she attained puberty