|

ദേശീയ ഗെയിംസില്‍ കളരിപ്പയറ്റ് ഉള്‍പ്പെടുത്തണമെന്ന ഹരജി; പി.ടി. ഉഷയ്ക്ക് ദല്‍ഹി ഹൈക്കോടതിയുടെ നോട്ടീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ (ഐ.ഒ.എ) അധ്യക്ഷ പി.ടി. ഉഷയ്ക്ക് ദല്‍ഹി ഹൈക്കോടതിയുടെ നോട്ടീസ്. ദേശീയ ഗെയിംസില്‍ നിന്ന് കളരിപ്പയറ്റ് ഒഴിവാക്കിയ നീക്കത്തിനെതിരായ ഹരജിയിലാണ് നടപടി.

ഒളിമ്പിക് അസോസിയേഷനും കേന്ദ്ര-ഉത്തരാഖണ്ഡ് സര്‍ക്കാരുകള്‍ക്കും കോടതി നോട്ടീസ് നല്‍കിയിട്ടുണ്ട്. പി.ടി. ഉഷയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് ഹരിയാന സ്വദേശിയാണ് ദല്‍ഹി ഹൈക്കോടതിയില്‍ ഹരജി ഫയല്‍ ചെയ്തത്.

കഴിഞ്ഞ തവണ ഗോവയില്‍ നടന്ന ദേശീയ ഗെയിംസില്‍ കളരിപ്പയറ്റ് മത്സര ഇനമായിരുന്നു. എന്നാല്‍ ഇത്തവണ പ്രദര്‍ശന ഇനമായാണ് കളരിപ്പയറ്റ് ദേശീയ ഗെയിംസില്‍ ഉള്‍പ്പെടുത്തിയത്. ചരിത്രപരവും സാംസ്‌കാരികവുമായ പൈതൃകം മുന്‍നിര്‍ത്തി കളരിപ്പയറ്റിനെ പ്രദര്‍ശന ഇനമാക്കുകയായിരുന്നു.

കഴിഞ്ഞ തവണ കളരിപ്പയറ്റ് ഇനത്തില്‍ 19 സ്വര്‍ണ മെഡല്‍ ഉള്‍പ്പെടെ 22 മെഡല്‍ കേരളം നേടിയിരുന്നു. എന്നാല്‍ ദേശീയ ഗെയിംസില്‍ പുതിയ ഇനം ഉള്‍പ്പെടുത്തുന്നത് ബുദ്ധമുട്ടാണെന്നായിരുന്നു പി.ടി ഉഷയുടെ നിലപാട്. വലിയ പങ്കാളിത്തവും രാജ്യത്തുടനീളമായി പ്രചാരവുമുള്ള കായിക ഇനമായിരിക്കണം മത്സര ഇനമായി ഉള്‍പ്പെടുത്തേണ്ടതെന്നാണ് ഐ.ഒ.എ നല്‍കിയ വിശദീകരണം.

അതേസമയം അടുത്ത വര്‍ഷം മുതല്‍ സ്‌കൂള്‍ കായികമേളയില്‍ കളരിപ്പയറ്റ് ഉള്‍പ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചിരുന്നു. ദേശീയ ഗെയിംസില്‍ കളരിപ്പയറ്റ് ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധമുണ്ടെന്നും ഒളിമ്പിക്സ് അസോസിയേഷന്റെ നടപടിയില്‍ പി.ടി ഉഷ ഒളിച്ചുകളിക്കുന്നുവെന്നും മന്ത്രി പ്രതികരിച്ചിരുന്നു.

കളരിപ്പയറ്റ് മത്സരയിനമാക്കാത്ത ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ നടപടി അങ്ങേയറ്റം അപലപനീയമാണെന്നും മലയാളിയായ പി.ടി ഉഷ അസോസിയേഷന്‍ അധ്യക്ഷനായിരിക്കെ ഇത്തരമൊരു തീരുമാനം ദൗര്‍ഭാഗ്യകരമാണെന്നും കായികമന്ത്രി വി. അബ്ദുറഹിമാനും പറഞ്ഞിരുന്നു.

നേരത്തെ കളരിപ്പയറ്റ് മത്സരയിനമാക്കണമെന്നും പുതുക്കിയ മത്സരക്രമം പുറത്തിറക്കണമെന്നും അസോസിയേഷനും ഉത്തരാഖണ്ഡ് സര്‍ക്കാരിനും ദല്‍ഹി ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു.

എന്നാല്‍ വിധിയെ കുറിച്ച് കൂടുതലൊന്നും അറിയില്ലെന്നാണ് കളരിപ്പയറ്റ് ഒഴിവാക്കിയതിന് പിന്നാലെ പി.ടി. ഉഷ മാധ്യമങ്ങളോട് പ്രതികരിച്ചത്.

Content Highlight: Delhi High Court notice to Indian Olympic Association (IOA) president PT Usha