ന്യൂദല്‍ഹി: മാധ്യമപ്രവര്‍ത്തകര്‍ അവരുടെ ഉറവിടങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് വെളിപ്പെടുത്താതിരിക്കാനുള്ള നിയമപരമായപരിരക്ഷ രാജ്യത്തില്ലെന്ന് ദല്‍ഹി ഹൈക്കോടതി. ഒരു ക്രിമിനല്‍ കേസിന്റെ അന്വേഷത്തിന് സഹായകരമാകുന്ന ഉറവിടങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് മാധ്യമപ്രവര്‍ത്തകര്‍ നല്‍കണമെന്നും കോടതി പറഞ്ഞു.
അന്വേഷണ ഏജന്‍സികള്‍ക്ക് നിയമപരമായിത്തന്നെ എപ്പോള്‍ വേണമെങ്കിലും സോഴ്‌സ് ആവശ്യപ്പെടാമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
‘ഇന്ത്യന്‍ പീനല്‍ കോഡ് (ഐ.പി.സി), ക്രിമിനല്‍ പ്രൊസീജ്യര്‍ കോഡ്(സി.ആര്‍.പി.സി) എന്നിവ പ്രകാരം അന്വേഷണ ഏജന്‍സിക്ക് പൊതു വ്യക്തികളില്‍ നിന്ന് അന്വേഷണത്തിനാവശ്യമായ വിവരങ്ങള്‍ ശേഖരിക്കാന്‍ വകുപ്പുണ്ട്,’ കോടതി പറഞ്ഞു.
2009ല്‍ ദി ടൈംസ് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട വിഷയത്തിലായിരുന്നു കോടതിയുടെ അഭിപ്രായപ്രകടനം.
2007ല്‍ മുലായം സിങ് യാദവിന്റെയും കുടുംബാംഗങ്ങളുടെയും സ്വത്ത് സംബന്ധിച്ച് പ്രാഥമിക അന്വേഷണം നടത്താന്‍ സുപ്രീം കോടതി സി.ബി.ഐയോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് സി.ബി.ഐ പ്രാഥമിക അന്വേഷണം നടത്തി, റിപ്പോര്‍ട്ട് മുദ്രവച്ച രണ്ട് കവറുകളിലായി സുപ്രീം കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തു.