ദല്‍ഹിയിലെ സി.എ.എ വിരുദ്ധ പ്രക്ഷോഭം; ഷര്‍ജീല്‍ ഇമാമിന് ജാമ്യം
national news
ദല്‍ഹിയിലെ സി.എ.എ വിരുദ്ധ പ്രക്ഷോഭം; ഷര്‍ജീല്‍ ഇമാമിന് ജാമ്യം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 29th May 2024, 3:33 pm

ന്യൂദല്‍ഹി: ദല്‍ഹിയിലെ സി.എ.എ വിരുദ്ധ പ്രക്ഷോഭത്തിൽ സാമൂഹിക പ്രവര്‍ത്തകന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം. യു.എ.പി.എ കേസില്‍ ദല്‍ഹി ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്.

2020ലെ ദല്‍ഹി കലാപവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസംഗങ്ങളില്‍ ഷര്‍ജീല്‍ ഇമാമിനെതിരെ നിരവധി കേസുകൾ എടുത്തിരുന്നു. ഇതിലാണ് അദ്ദേഹത്തിന് ഇപ്പോള്‍ ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

ജാമിയ മിലിയ സര്‍വകലാശാലയിലും അലിഖഢ് സര്‍വകലാശാലയിലും പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തിയെന്നാണ് ഷര്‍ജീല്‍ ഇമാമിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസ്. എന്നാല്‍ കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ കൂടെ ജാമ്യം ലഭിച്ചാല്‍ മാത്രമേ ഷര്‍ജീല്‍ ഇമാമിന് ജയില്‍ മോചിതനാകാന്‍ സാധിക്കുള്ളൂ.

എന്‍.എഫ്.സി പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അഡീഷനല്‍ സെഷന്‍സ് ജഡ്ജി അനുജ് അഗ്രവാളാണ് ജാമ്യം നല്‍കിയത്. 30,000 രൂപയുടെ വ്യക്തിഗത ബോണ്ടിലാണ് ജാമ്യം അനുവദിച്ചത്.

കേസുമായി ബന്ധപ്പെട്ട് 2020മുതല്‍ ഷര്‍ജീല്‍ ഇമാം ജയിലിലാണ്. 2019 ഡിസംബര്‍ 15ന് പൗരത്വഭേദഗതിക്കെതിരെ ജാമിയ നഗര്‍ പ്രദേശത്ത് സമരം ചെയ്ത് വാഹനങ്ങള്‍ കേട് വരുത്തിയെന്നും ഗതാഗതം തടസപ്പെടുത്തിയെന്നുമാണ് എന്‍.എഫ്.സി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ആരോപിക്കുന്നത്.

2019ല്‍ ഷര്‍ജീല്‍ ഇമാം നടത്തിയ പ്രസംഗങ്ങളാണ് ഈ ആക്രമണങ്ങളിലേക്ക് നയിച്ചതെന്നും കുറ്റപത്രത്തില്‍ പറയുന്നു. ഷര്‍ജീല്‍ ഇമാമിനെതിരെയുള്ള തെളിവുകള്‍ അദ്ദേഹം കലാപത്തിന് പ്രേരിപ്പിച്ചുവെന്ന് തെളിയിക്കാന്‍ പര്യാപ്തമല്ലെന്ന് നേരത്തെ കോടതി നിരീക്ഷിച്ചിരുന്നു.

Content Highlight: Delhi High Court Grants Statutory Bail To Sharjeel Imam In Sedition Case