| Tuesday, 14th March 2023, 12:06 pm

പൊതു ആരാധനാലയങ്ങള്‍ പണ്ഡിറ്റുകളും ഇമാമുമാരും സ്വകാര്യ വസതികളാക്കുന്നു: ആശങ്ക പ്രകടിപ്പിച്ച് ദല്‍ഹി ഹൈക്കോടതി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ന്യൂദല്‍ഹി: പൊതു ആരാധനാകേന്ദ്രങ്ങള്‍ സ്വകാര്യസ്വത്തായി കൈകാര്യം ചെയ്യുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് ദല്‍ഹി ഹൈക്കോടതി. പൊതു ആരാധനാ സ്ഥലങ്ങള്‍ക്ക് മേല്‍ പുരോഹിതര്‍, പണ്ഡിറ്റുകള്‍, ഇമാമുകള്‍ തുടങ്ങിയവരും അവരുടെ കുടുംബാംഗങ്ങളും നിയമപരമല്ലാത്ത അവകാശ വാദങ്ങള്‍ ഉന്നയിക്കുന്നതായി കോടതി നിരീക്ഷിച്ചു.

ഇന്ത്യാഗേറ്റിനു സമീപം മസ്ജിദ് സബ്താ ഗഞ്ചിനോട് ചേര്‍ന്ന ഭൂമിയുമായി ബന്ധപ്പെട്ട കേസില്‍ വിധി പറയുന്നതിനിടെയാണ് ജസ്റ്റിസ് പ്രതിഭ. എം. സിങ്ങിന്റെ നിരീക്ഷണം. മസ്ജിദിനോട് ചേര്‍ന്നുള്ള സ്ഥലത്തിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ടാണ് സമീര്‍ അഹമ്മദ് ഹരജി നല്‍കിയത്. മസ്ജിദിലെ ഇമാമിന്റെ മകനായ സഹീര്‍ ദല്‍ഹി വഖഫ് ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള ഭൂമി അനധികൃതമായി കൈവശം വെച്ചിരിക്കുകയാണെന്ന് കോടതി പറഞ്ഞു.

പതിറ്റാണ്ടുകളായി താനും കുടുംബവും ഈ ഭൂമിയിലാണ് താമസിക്കുന്നതെന്നും താമസസ്ഥലവും മസ്ജിദും മതിലു കെട്ടി വേര്‍തിരിച്ച നിലയിലാണെന്നും ഹരജിക്കാരന്‍ കോടതിയില്‍ വാദിച്ചു. സ്ഥലത്ത് പുതിയ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു.

എന്നാല്‍ ഭൂമിക്ക് മേല്‍ ഇമാമോ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോ ഉടമസ്ഥാവകാശം ഉന്നയിക്കുന്നത് നിയമപരമല്ലെന്ന് കോടതി വ്യക്തമാക്കി. ചിലയിടങ്ങളില്‍ ആരാധനാകേന്ദ്രത്തിനായി അനുവദിക്കപ്പെട്ടതില്‍ അധികം ഭൂമി കൈവശം വെച്ച് വാണിജ്യ സ്വത്തായി ഉപയോഗിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് കോടതി പറഞ്ഞു.

മാത്രമല്ല പരിപാലന ചുമതലയുള്ളവര്‍ പ്രസ്തുത ഭൂമിയെ സ്വകാര്യ സ്വത്തായി കൈകാര്യം ചെയ്യുന്നു. മസ്ജിദിന്റെ ഭൂമിയില്‍ ഇമാമിന്റെ കുടുംബത്തിന് അവകാശവാദം ഉന്നയിക്കാനാവില്ല. ഭൂമി വഖഫിന്റെ ഉടമസ്ഥതയിലുള്ളതാണ്. പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കാനും വഖഫ് സ്വത്തുക്കളുടെ പരിപാലനത്തിനുമാണ് ഇമാമിനെ നിയമിക്കുന്നത്. വര്‍ഷങ്ങളായി ഭൂമി കയ്യേറി കൈവശം വെച്ചനുഭവിച്ച സഹീര്‍ അഹമ്മദ് എട്ടാഴ്ചക്കുള്ളില്‍ 15 ലക്ഷം രൂപ പിഴയിനത്തില്‍ ദല്‍ഹി വഖഫ് ബോര്‍ഡിന് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.

Content Highlight: Delhi High Court expresses concern over treatment of places of worship as private property

We use cookies to give you the best possible experience. Learn more