മുഹമ്മദ് സുബൈറിനെ ജിഹാദി എന്ന് വിളിച്ച വ്യക്തി മാപ്പ് പറയണമെന്ന് ദല്‍ഹി ഹൈക്കോടതി
national news
മുഹമ്മദ് സുബൈറിനെ ജിഹാദി എന്ന് വിളിച്ച വ്യക്തി മാപ്പ് പറയണമെന്ന് ദല്‍ഹി ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 24th August 2024, 8:32 am

ന്യൂദല്‍ഹി: ആള്‍ട് ന്യൂസ് സഹസ്ഥാപകനും മാധ്യമപ്രവര്‍ത്തകനുമായ മുഹമ്മദ് സുബൈറിനെ ജിഹാദി എന്ന് വിളിച്ച് അഭിസംബോധന ചെയ്ത വ്യക്തി മാപ്പ് പറയണമെന്ന് ദല്‍ഹി ഹൈക്കോടതി. ജഗദീഷ് സിങ് എന്ന വ്യക്തിയോടാണ് ദല്‍ഹി ഹൈക്കോടതി മാപ്പു പറയാന്‍ ആവശ്യപ്പെട്ടത്.

ഒരു ജിഹാദി എപ്പോഴും ജിഹാദി തന്നെയായിരിക്കും എന്നായിരുന്നു മുഹമ്മദ് സുബൈറിനെതിരെ എക്‌സില്‍ ജഗദീഷ് സിങ് കമന്റ് ചെയ്തിരുന്നത്. മുഹമ്മദ് സുബൈറിനെ ജിഹാദി എന്ന് വിളിച്ച നടപടി തെറ്റായിരുന്നു എന്നും ഖേദം പ്രകടിപ്പിച്ച് മാപ്പു ചോദിക്കുകയാണെന്നും എക്‌സിലൂടെ തന്നെ പറയണമെന്നും കോടതി ആവശ്യപ്പെട്ടു. രണ്ട് മാസത്തിനുള്ളില്‍ തന്നെ മാപ്പ് പറയണമെന്നും കോടതി നിര്‍ദേശിച്ചു.

എന്നാല്‍ ജഗദീഷ് സിങ്ങിന്റെ മാപ്പ് പറഞ്ഞുകൊണ്ടുള്ള ട്വീറ്റ് നേരിട്ടോ അല്ലാതെയോ റീട്വീറ്റ് ചെയ്യുകയോ മറ്റേതെങ്കിലും തരത്തില്‍ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്നും കോടതി ഉത്തരവില്‍ പറയുന്നു. ജഗദീഷ് സിങ്ങിനെതിരായ ഏതെങ്കിലും സിവില്‍, ക്രിമിനല്‍ നടപടിക്ക് ഈ ക്ഷമാപണ ട്വീറ്റ് മുഹമ്മദ് സുബൈറിന് ഉപയോഗിക്കാനാകില്ലെന്നും കോടതി ഉത്തരവില്‍ പറയുന്നു.

നേരത്തെ മുഹമ്മദ് സുബൈറിന്റെ പരാതിയില്‍ ജഗദീഷ് സിങ്ങിനെതിരെ കേസെടുക്കാതിരുന്ന ദല്‍ഹി പൊലീസിന്റെ നടപടിയെ കോടതി വിമര്‍ശിച്ചിരുന്നു. ജഗദീഷ് സിങ്ങിനെതിരെ കുറ്റങ്ങളൊന്നും കണ്ടെത്താനായില്ലെന്നായിരുന്നു ദല്‍ഹി പൊലീസിന്റെ ന്യായീകരണം.

അദ്ദേഹത്തിന്റെ വിദ്വേഷ പോസ്റ്റുകള്‍ പൊതുജനങ്ങള്‍ക്ക് ഭയമോ ആശങ്കയോ ഉണ്ടാക്കുന്നില്ലെന്നും അതിനാലാണ് കേസെടുക്കാതിരുന്നത് എന്നും പൊലീസ് പറഞ്ഞിരുന്നു. ഇതിനെയാണ് കോടതി വിമര്‍ശിച്ചത്. ജസ്റ്റിസ് അനൂപ് ജയ്‌റാം ഭംഭാനിയുടേതാണ് ഉത്തരവ്.

സമൂഹമാധ്യമങ്ങളുടെ ഉപയോഗം സംബന്ധിച്ച് നിര്‍ണായകമായ ചില നിരീക്ഷണങ്ങളും കോടതി ഈ ഹരജി പരിഗണിക്കവെ നടത്തിയിട്ടുണ്ട്. സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവര്‍ കൂടുതല്‍ ജാഗ്രതയും സഹിഷ്ണുതയും പുലര്‍ത്തണമെന്നും തെറ്റു പറ്റിയാല്‍ ക്ഷമ ചോദിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി.

2020ലാണ് കേസിനാസ്പദമായ സംഭവം. അന്നു തന്നെ മുഹമ്മദ് സുബൈര്‍ പരാതി നല്‍കിയിരുന്നു. പരാതിയില്‍ ദല്‍ഹി പൊലീസ് നിസ്സംഗത കാണിച്ചപ്പോഴാണ് അദ്ദേഹം കോടതിയില്‍ ഹരജി നല്‍കിയത്. ഈ ഹരജി പരിഗണിച്ചുകൊണ്ടാണ് ഇപ്പോള്‍ കോടതിയുടെ ഉത്തരവുണ്ടായിരിക്കുന്നത്.

പ്രതിയായ ജഗദീഷ് സിങ് മുഹമ്മദ് സുബൈറിനെതിരെയും പരാതി നല്‍കിയിരുന്നു. ജഗദീഷ് സിങ്ങിന്റെ എക്‌സ് പ്രൊഫൈലിലുള്ള അദ്ദേഹത്തിന്റെ മകളെ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ചായിരുന്നു കേസ്. ജഗദീഷ് സിങ്ങിന്റെ വിദ്വേഷ പ്രസംഗങ്ങള്‍ പ്രായപൂര്‍ത്തിയാകാത്ത മകള്‍ക്കറിയാമോ എന്നായിരുന്നു മുഹമ്മദ് സുബൈറിന്റെ ചോദ്യം.

ഈ ചോദ്യം എക്‌സില്‍ പോസ്റ്റ് ചെയ്തതിനെതിരെയായിരുന്നു ജഗദീഷ് സിങ്ങിന്റെ പരാതി. ഇതില്‍ സുബൈറിനെതിരെ ആദ്യം കേസെടുത്തിരുന്നെങ്കിലും പരാതിയില്‍ കഴമ്പില്ലെന്ന് തിരിച്ചറിഞ്ഞ പൊലീസ് ഈ പരാതി തള്ളിക്കളഞ്ഞു.

content highlights: Delhi High Court asks the person who called Muhammad Zubair a Jihadi to apologize