രാഹുല്‍ ഗാന്ധിക്കെതിരായ പോക്‌സോ കേസ്; ബാലാവകാശ കമ്മീഷന്റെ പ്രതികരണം തേടി ദല്‍ഹി ഹൈക്കോടതി
national news
രാഹുല്‍ ഗാന്ധിക്കെതിരായ പോക്‌സോ കേസ്; ബാലാവകാശ കമ്മീഷന്റെ പ്രതികരണം തേടി ദല്‍ഹി ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 25th March 2023, 8:29 am

ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരായ പോക്‌സോ കേസില്‍ ദേശീയ ബാലാവകാശ കമ്മീഷന്റെ പ്രതികരണം തേടി ദല്‍ഹി ഹൈക്കോടതി ഉത്തരവിട്ടു. ബലാത്സംഘത്തിനിരയായ പെണ്‍കുട്ടിയുടെ പേരുവിവരങ്ങള്‍ ട്വിറ്ററിലൂടെ പ്രചരിപ്പിച്ചെന്ന കേസിലാണ് രാഹുലിനെതിരെ പോക്‌സോ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തത്. 2021ലാണ് കേസിനാസ്പദമായ സംഭവം.

മകരന്ദ് സുരേഷ് മാദ്‌ലേക്കര്‍ എന്ന വ്യക്തി നല്‍കിയ പരാതിയിലാണ് ഇപ്പോള്‍ ദല്‍ഹി ഹൈക്കോടതി ബാലാവകാശ കമ്മീഷന്റെ പ്രതികരണം തേടി നോട്ടീസ് അയച്ചിരിക്കുന്നത്. നാലാഴ്ചക്കകം കോടതിയില്‍ മറുപടി നല്‍കാനാണ് ജസ്റ്റിസ് സതീഷ് കുമാറും ജസ്റ്റിസ് സച്ചിന്‍ ദത്തയുമടങ്ങുന്ന ബെഞ്ച് കമ്മീഷനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം കേസില്‍ കോടതി നേരിട്ട് നോട്ടീസ് അയച്ചിട്ടില്ലെന്നും പരാതിയില്‍ സത്യവാങ്മൂലം നല്‍കുമെന്നും ദേശീയ ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ പ്രിയങ്ക് കാനൂന്‍ഗോ മറുപടി നല്‍കിയതായി എ.എന്‍.ഐ.റിപ്പോര്‍ട്ട് ചെയ്തു. ട്വീറ്റ് നീക്കം ചെയ്തതടക്കമുള്ള നടപടികള്‍ കൈക്കൊണ്ടിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എങ്കിലും ഇരയുടെ ഐഡന്റിന്റി വെളിപ്പെടുത്തിയതില്‍ രാഹുലിനെതിരെ കേസ് നിലനില്‍ക്കുമെന്ന് കോടതിയെ അറിയിച്ചതായും അവര്‍ പറഞ്ഞു.

‘2021ലാണ് രാഹുല്‍ ഗാന്ധി ബലാത്സംഘത്തിനിരയായ പെണ്‍കുട്ടിയുടെ പേര് വിവരങ്ങള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. ഇത് 2012ലെ പോക്‌സോ കേസിലെ സെക്ഷന്‍ 23ന്റെ ലംഘനമാണ്. അതുപോലെ തന്നെ ഇന്ത്യന്‍ പീനല്‍ കോഡിലെ കുട്ടികള്‍ക്കെതിരായ അതിക്രമം തടയല്‍ കേസിലെ സെക്ഷന്‍ 128 എയുടെയും പരിധിയില്‍പ്പെടും.

ഈ കേസില്‍ നേരത്തെ സുപ്രീം കോടതിയില്‍ നിന്നും നോട്ടീസ് ലഭിച്ചിട്ടുണ്ട്. അതിനെതിരെ സത്യവാങ്മൂലം നല്‍കും. ദല്‍ഹി ഹൈക്കോടതി നിലവില്‍ നോട്ടീസ് നല്‍കിയിട്ടില്ലെങ്കിലും കേസില്‍ കക്ഷി ചേര്‍ന്ന് തുടര്‍നടപടികള്‍ സ്വീകരിക്കും,’ പ്രിയങ്ക് പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ട ചെയ്തു.

അതേസമയം മാനനഷ്ടക്കേസില്‍ സൂറത്ത് കോടതി രണ്ട് വര്‍ഷം തടവിന് വിധിച്ചതിന് പിന്നാലെ രാഹുല്‍ ഗാന്ധിയുടെ പാര്‍ലമെന്റ് അംഗത്വം റദ്ദാക്കി കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് രാജ്യത്തുയരുന്നത്. ഇതിനിടയിയിലാണ് പോക്‌സോ കേസിലും രാഹുലിന് തിരിച്ചടിയായി ദല്‍ഹി ഹൈക്കോടതിയുടെ നീക്കം. രാജ്യത്തെ വിവിധ കോടതികളിലായി രാഹുലിനെതിരെ 15ഓളം കേസുകളാണ് നിലവിലുള്ളത്.

Content Highlight: Delhi high court  ask ncpcr to react on rahul gandhi case