| Monday, 4th April 2022, 11:15 pm

റാണ അയ്യൂബിനെതിരായ സര്‍ക്കുലര്‍ മനുഷ്യാവകാശലംഘനമെന്ന് കോടതി; വിദേശ യാത്രക്ക് അനുമതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മാധ്യമപ്രവര്‍ത്തക റാണ അയ്യൂബിനെതിരെയുള്ള ലുക്ക് ഔട്ട് സര്‍ക്കുലര്‍ (LOC) ദല്‍ഹി ഹൈക്കോടതി റദ്ദ് ചെയ്തു. സര്‍ക്കുലര്‍ മനുഷ്യാവകാശലംഘനമെന്ന് കോടതി പറഞ്ഞു.

ഇ.ഡി നടപടിക്കെതിരെ റാണ അയ്യൂബ് നല്‍കിയ റിട്ട് ഹരജി പരിഗണിച്ച കോടതി ഉപാധികളോടെയാണ് യാത്രാനുമതി നല്‍കിയത്.

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടക്കുന്നതുകൊണ്ടാണ് ലണ്ടനിലേക്ക് പോകാനിരുന്ന റാണ അയ്യൂബിനെ നേരത്തെ തടഞ്ഞിരുന്നത്. ലണ്ടനിലേക്കുള്ള വിമാനത്തില്‍ കയറുന്നതിന് മുമ്പ് ആയിരുന്നു നടപടി.

കൊവിഡ്19 ദുരിതാശ്വാസത്തിനായി സംഭാവനകള്‍ ശേഖരിക്കുന്നതിനിടയില്‍ റാണ അയ്യൂബ് വിദേശ ധനസഹായ നിയമങ്ങള്‍ ലംഘിച്ചുവെന്ന കേസിലാണ് അന്വേഷണം നടന്നുകൊണ്ടിരിക്കുന്നത്.
ഉത്തര്‍പ്രദേശ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡി റാണ അയ്യൂബിനെതിരെ അന്വേഷണം തുടങ്ങിയത്.

അന്താരാഷ്ട്ര ജേര്‍ണലിസം ഫെസ്റ്റിവലില്‍ ഇന്ത്യന്‍ ജനാധിപത്യത്തെക്കുറിച്ച് മുഖ്യപ്രഭാഷണം നടത്താന്‍ പോകുന്നതിനിടയിലാണ് തന്നെ മുംബൈ ഇമിഗ്രേഷനില്‍ തടഞ്ഞതെന്നും ആഴ്ചകള്‍ക്ക മുമ്പ് തന്നെ ഇക്കാര്യം താന്‍ പരസ്യമാക്കിയിരുന്നെന്നും റാണ അയ്യൂബ് പറഞ്ഞിരുന്നു.

എന്നാല്‍, ഏപ്രില്‍ ഒന്നിന് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് ഇ.ഡിയുടെ വിശദീകരണം. എന്നാല്‍, യാത്ര തടഞ്ഞതിനുശേഷം മാത്രമാണ് ഇ.ഡി സമന്‍സ് നല്‍കിയതെന്ന് റാണാ അയ്യൂബ് ആരോപിച്ചു.

CONTENT HIGHLIGHTS:  Delhi High Court allows journalist Rana Ayyub to travel abroad

We use cookies to give you the best possible experience. Learn more