| Thursday, 19th November 2020, 2:26 pm

'ആമയെപ്പോലെയായിരുന്നല്ലോ നീങ്ങിയിരുന്നത്, ഇപ്പോഴാണോ മയക്കം വിട്ട് എണീറ്റത്?' ദല്‍ഹി സര്‍ക്കാരിനെതിരെ കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കൊവിഡ് പ്രതിരോധത്തില്‍ കെജ്‌രിവാള്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ദല്‍ഹി ഹൈക്കോടതി. കൃത്യസമയത്ത് നടപടി സ്വീകരിക്കാതിരുന്നതിനെതിരെയാണ് കോടതിയുടെ വിമര്‍ശനം. ‘നിങ്ങള്‍ ഇപ്പോഴാണ് മയക്കത്തില്‍ നിന്നും ഞെട്ടിയുണര്‍ന്നിരിക്കുന്നത്. ഞങ്ങള്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങിയ ശേഷവും ആമയെപ്പോലെയായിരുന്നു നിങ്ങള്‍ നീങ്ങിയത്.’ കോടതി ചോദിച്ചു.

‘വിവാഹഘോഷങ്ങളില്‍ പങ്കെടുക്കാന്‍ കഴിയുന്നവരുടെ എണ്ണം നിയന്ത്രിക്കാന്‍ എന്തിനാണ് പതിനെട്ട് ദിവസം കാത്തുനിന്നത്? ഈ സമയത്തിനുള്ളില്‍ എത്ര പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്?’ എന്നും ദല്‍ഹി സര്‍ക്കാരിനോട് കോടതി ആവര്‍ത്തിച്ചു.

ദല്‍ഹിയില്‍ കൊവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചതിന് പിന്നാലെ വിവാഹച്ചടങ്ങുകളില്‍ പങ്കെടുക്കാന്‍ സാധിക്കുന്നവരുടെ എണ്ണം കുറച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. 200ല്‍ നിന്നും 50 ആയി കുറക്കുകയായിരുന്നു. ഈ നടപടി സ്വീകരിക്കാന്‍ വൈകിയതിനെതിരെയാണ് കോടതി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

മാസ്‌ക് ധരിക്കാത്തതിനും സാമൂഹിക അകലം പാലിക്കാത്തതിനും ഈടാക്കുന്ന പിഴ ഇത്തരം നടപടികള്‍ നിയന്ത്രിക്കാന്‍ തക്ക ശക്തമായതല്ലെന്നും കോടതി നിരീക്ഷിച്ചു. പല ജില്ലകളിലും വ്യത്യസ്തമായ രീതിയിലാണ് ഈ നിയന്ത്രണങ്ങളും പിഴയുമെന്നും കോടതി ചൂണ്ടിക്കാട്ടി.

‘എന്ത് മോണിറ്ററിംഗ് ആണ് നിങ്ങള്‍ നടത്തുന്നത്. കാര്യങ്ങളെ കുറച്ചുകൂടെ ഗൗരവത്തില്‍ നോക്കൂ. ന്യൂയോര്‍ക്ക് സാവ് പോളോ പോലുള്ള നഗരങ്ങളെ വരെ നിങ്ങള്‍ കടത്തിവെട്ടി കഴിഞ്ഞു.’ കോടതി നിരീക്ഷിച്ചു. 7,468 പേര്‍ക്കാണ് ബുധനാഴ്ച ദല്‍ഹിയില്‍ കൊവിഡ് സ്ഥിരീകരിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Delhi High Court against Kejriwal Govt in delay in Covid Prevention

We use cookies to give you the best possible experience. Learn more