ദല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയ്‌നിനെ ഇ.ഡി അറസ്റ്റ് ചെയ്തു; രാഷ്ട്രീയ പ്രേരിതമെന്ന് ആംആദ്മി
national news
ദല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയ്‌നിനെ ഇ.ഡി അറസ്റ്റ് ചെയ്തു; രാഷ്ട്രീയ പ്രേരിതമെന്ന് ആംആദ്മി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 30th May 2022, 7:35 pm

ന്യൂദല്‍ഹി: ദല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയ്ന്‍ അറസ്റ്റില്‍. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് (ഇ.ഡി) വിഭാഗമാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ഹവാല ഇടപാടുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിന് പിന്നാലെയായിരുന്നു ജെയ്‌നിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. ജെയ്‌നിനെതിരെ മൊഴിയുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്നും ഇ.ഡി വ്യക്തമാക്കി. അതേസമയം അറസ്റ്റ് രാഷ്ട്രീയപ്രേരിതമാണെന്ന് ആം ആദ്മി പാര്‍ട്ടി പ്രതികരിച്ചു.

2015-16 കാലയളവില്‍ ജെയ്ന്‍ ദല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനവുമായി ഹവാല ഇടപാടുകളില്‍ ഏര്‍പ്പെട്ടിരുന്നതായി ഇ.ഡി ആരോപിച്ചു. ജെയ്‌നിന്റേയും കുടുംബത്തിന്റേയും കീഴിലുള്ള 4.81 ഏക്കര്‍ ഭൂമി ഇ.ഡി കണ്ടുകെട്ടി രണ്ട് മാസത്തിന് ശേഷമാണ് അറസ്റ്റ്.

ജെയ്‌നിന് നേരെ ഇ.ഡിയുടെ അറസ്റ്റ് ഉണ്ടാകുമെന്ന് നേരത്തെ സൂചന ലഭിച്ചിരുന്നതായി ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ ജനുവരിയില്‍ നടന്ന റാലിയ്ക്കിടെ പറഞ്ഞിരുന്നു.

‘പഞ്ചാബില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയ്‌നിന്റെ അറസ്റ്റ് ഉണ്ടാകുമെന്നത് പ്രവചനാതീതമായിരുന്നു. മുന്‍പ് ജെയ്‌നിന്റെ വീട്ടില്‍ കേന്ദ്രം റെയ്ഡ് നടത്തിയിരുന്നു. എന്നാല്‍ ഒന്നും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല,’ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ പറഞ്ഞു.

കേജ്‌രിവാള്‍ മന്ത്രിസഭയിലെ മുതിര്‍ന്ന മന്ത്രിയാണ് സത്യേന്ദര്‍ ജെയ്ന്‍. ആരോഗ്യ വകുപ്പിന് പുറമെ കുടുംബക്ഷേമം, വ്യവസായം, വൈദ്യുതി, ജലം, നഗര വികസനം തുടങ്ങിയ മറ്റ് വകുപ്പകളും ജെയ്ന്‍ കൈകാര്യം ചെയ്യുന്നുണ്ട്. മൂന്നാം തവണയാണ് ജെയ്ന്‍ ദല്‍ഹിയുടെ ആരോഗ്യമന്ത്രിയാകുന്നത്.

അഴിമതിക്കെതിരായ അണ്ണാ ഹസാരെയുടെ പ്രസ്ഥാനയുമായി ചേര്‍ന്ന് നടത്തിയ പ്രവര്‍ത്തനങ്ങളിലൂടെയായിരുന്നു ജെയ്‌നിന്റെ രാഷ്ട്തീയത്തിലേക്കുള്ള ചുവടുവെപ്പ്.

Content Highlight: Delhi health minister caught by ED; arrest is political says AAP