ന്യൂദല്‍ഹി: സ്വകാര്യ പരസ്യങ്ങളില്‍ പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള ഭരണഘടനാ തസ്തികകള്‍ വഹിക്കുന്നവരുടെ ചിത്രങ്ങള്‍ ഉപയോഗിക്കുന്നതിനെതിരെ നല്‍കിയ പൊതുതാല്‍പ്പര്യ ഹര്‍ജി പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ പരിഗണനയ്ക്ക് വിട്ടു. ദല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയാണ് പ്രസ് കൗണ്‍സിലിന് കൈമാറിയത്.
പ്രധാനമന്ത്രി, രാഷ്ട്രപതി, ആഭ്യന്തരമന്ത്രി, മുഖ്യമന്ത്രി എന്നിവരുടെ ചിത്രങ്ങള്‍ സ്വകാര്യ പരസ്യങ്ങളില്‍ ഉപയോഗിച്ചാല്‍ അത് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിന് ഇടയാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. ഭരണഘടനാപദവിയില്‍ ഇരിക്കുന്നവര്‍ പരസ്യത്തിലെ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നു എന്ന് സാധാരണക്കാര്‍ തെറ്റിദ്ധരിക്കുമെന്നും ഹര്‍ജിയില്‍ പറയുന്നു.
“ഹിന്ദുസ്ഥാന്‍ ടൈംസ്” പത്രത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ഉപയോഗിച്ച് റിലയന്‍സ് ജിയോയുടെ പരസ്യം പ്രത്യക്ഷപ്പെട്ടത് തെറ്റായ പ്രവണതയാണ് എന്ന് ഹര്‍ജിയില്‍ പറയുന്നു. 2017 ആഗസ്റ്റില്‍ ഈ വിഷയത്തില്‍ “ഹിന്ദുസ്ഥാന്‍ ടൈംസി”ന് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു. 1979-ലെ പ്രസ് കൗണ്‍സില്‍ ചട്ടത്തിലെ എന്‍ക്വയറി പ്രൊസീജിയര്‍ പ്രകാരമാണ് നോട്ടീസ് നല്‍കിയത്.
ഇതില്‍ തുടര്‍നടപടികള്‍ ഉണ്ടാകാത്ത സാഹചര്യത്തിലാണ് ഹര്‍ജിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചത്. ഒരു പ്രത്യേക മാധ്യമത്തെ മാത്രം കക്ഷി ചേര്‍ത്ത് ഹര്‍ജി സമര്‍പ്പിച്ചത് എന്തിനാണെന്ന് ഹൈക്കോടതി നേരത്തേ ചോദിച്ചിരുന്നു. റിലയന്‍സ് ഇന്‍ഡസ്ട്രീസിനെ കക്ഷി ചേര്‍ക്കാത്തതിലും കോടതിയ്ക്ക് അതൃപ്തി ഉണ്ടായിരുന്നു.