| Saturday, 21st December 2024, 8:21 am

ഗ്യാൻവാപി മസ്ജിദിൽ ശിവലിംഗമുണ്ടെന്ന പോസ്റ്റ്; ഡി.യു പ്രൊഫസർക്കെതിരായ എഫ്.ഐ.ആർ ശരിവെച്ച് ദൽഹി ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: ഗ്യാൻവ്യാപി മസ്ജിദിൽ ശിവലിംഗമുണ്ടെന്ന് ആരോപിച്ച് സോഷ്യൽ മീഡിയയിൽ അധിക്ഷേപകരമായ പോസ്റ്റിട്ടതിന് ദൽഹി യൂണിവേഴ്സിറ്റി പ്രൊഫസർക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ റദ്ദാക്കാൻ വിസമ്മതിച്ച്‌ ദൽഹി ഹൈക്കോടതി.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 153 എ, 295 എ വകുപ്പുകൾ പ്രകാരം 2022 മെയിൽ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡോ. രത്തൻ ലാൽ സമർപ്പിച്ച ഹരജി ജസ്റ്റിസ് ചന്ദ്ര ധാരി സിങ് തള്ളി.

പ്രഥമദൃഷ്ട്യാ ഹരജിക്കാരൻ സമൂഹത്തിലെ മത സൗഹാർദത്തിന് ഭംഗം വരുത്തി. സമൂഹത്തിലെ വലിയൊരു വിഭാഗത്തിൻ്റെ വികാരം വ്രണപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് ഹരജിക്കാരൻ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ഇട്ടതെന്നും കോടതി നിരീക്ഷിച്ചു.

ഒരു വ്യക്തിക്ക് അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്‌കാര സ്വാതന്ത്ര്യവും ഉണ്ടെങ്കിലും അത് സമൂഹത്തിൽ മതസ്പർധ വർധിപ്പിക്കാനുള്ള ഉപാധിയായി കാണരുതെന്ന് കോടതി പറഞ്ഞു. ഹരജിക്കാരൻ്റെ പ്രവൃത്തിയും പരാമർശങ്ങളും ശിവനെ ആരാധിക്കുന്നവരുടെയും വിശ്വസിക്കുന്നവരുടെയും ചെയ്യുന്നവരുടെ വിശ്വാസങ്ങൾക്കും ആചാരങ്ങൾക്കും വിരുദ്ധമാണെന്ന് ജസ്റ്റിസ് സിങ് അഭിപ്രായപ്പെട്ടു.

‘ഹരജിക്കാരൻ പോസ്റ്റ് ചെയ്ത ഉള്ളടക്കം പരാതിക്കാരൻ്റെ മതവികാരത്തെ വ്രണപ്പെടുത്തുക മാത്രമല്ല, രണ്ട് വ്യത്യസ്ത സമുദായങ്ങൾക്കിടയിൽ വിദ്വേഷവും ശത്രുതയും വർഗീയ സംഘർഷവും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

മാത്രമല്ല, എഫ്.ഐ.ആർ രജിസ്‌റ്റർ ചെയ്‌തതിന് ശേഷവും ഹരജിക്കാരൻ സമൂഹ മാധ്യമങ്ങളിൽ ഇത്തരം വിഷയങ്ങൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇത് തീർച്ചയായും ഐ.പി.സി സെക്ഷൻ 153 എ, 295 എ എന്നിവയുടെ കീഴിൽ വരുന്ന കുറ്റകൃത്യമാണ്. അതിനാൽ ഈ ഹരജി കോടതി തള്ളുന്നു,’ കോടതി ഉത്തരവിട്ടു.

ഒരു ചരിത്രകാരൻ, അധ്യാപകൻ എന്നീ നിലകളിൽ ഹരജിക്കാരൻ സാധാരണ ജനങ്ങൾക്ക് മാതൃകയാകേണ്ട വ്യക്തിയാണെന്നും ഹരജിക്കാരന് സമൂഹത്തോട് വലിയ ഉത്തരവാദിത്തമുണ്ടെന്നും കോടതി പറഞ്ഞു.

എഫ്.ഐ.ആറുമായി ബന്ധപ്പെട്ട് 2022 മെയ് 20ന് ഹരജിക്കാരനെ അറസ്റ്റ് ചെയ്യുകയും അടുത്ത ദിവസം കോടതി ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു.

Content Highlight: Delhi HC upholds FIR against DU professor over Gyanvapi post

We use cookies to give you the best possible experience. Learn more