ന്യൂദല്‍ഹി: കത്വയില്‍ മുസ്‌ലിം ബാലികയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പെണ്‍കുട്ടിയുടെ പേരും വിവരങ്ങളും വെളിപ്പെടുത്തിയ മാധ്യമങ്ങള്‍ക്കെതിരെ ദല്‍ഹി ഹൈക്കോടതി. പെണ്‍കുട്ടിയുടെ വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നത് നിരോധിച്ച് കൊണ്ട് വിവിധ മാധ്യമസ്ഥാപനങ്ങള്‍ക്ക് കോടതി നോട്ടീസ് നല്‍കുകയും ചെയ്തു. മാധ്യമങ്ങള്‍ ഇരയുടെ പേരും ചിത്രങ്ങളും വ്യാപകമായി പ്രസിദ്ധപ്പെടുത്തുന്നത് ശ്രദ്ധയില്‍ പെട്ട കോടതി സ്വമേധയാ നടപടിയെടുക്കുകയായിരുന്നു.
ബലാല്‍സംഗത്തിന് ഇരയായവരുടെ പേരും വിവരങ്ങളും പ്രസിദ്ധപ്പെടുത്താന്‍ നിയമപരമായി വിലക്കുണ്ടെന്നിരിക്കെ, എന്ത് കൊണ്ട് നിയമം തെറ്റിച്ചു എന്നതിന് മാധ്യമസ്ഥാപനങ്ങളോട് കോടതി വിശദീകരണം ചോദിച്ചു.
വിഷയം കോടതി ഒരു കേസ് ആയി രജിസ്റ്റര്‍ ചെയ്യുകയും ഏപ്രില്‍ 17ന് വാദം കേള്‍ക്കുകയും ചെയ്യും. മന്ത്രിസഭയുടെ അഭിപ്രായവും ഇക്കാര്യത്തില്‍ ആരായും.
നിയമം തെറ്റിച്ചവര്‍ക്കെതിരെ അധികൃതര്‍ ഇതുവരെ നടപടിയെടുക്കാത്തതും ഹൈക്കോടതി ചോദ്യം ചെയ്തു. “ഇത്തരത്തില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത് നിരാശാജനകമാണ്. പെണ്‍കുട്ടിയുടെ ചിത്രം ന്യൂസ് റൂമുകളുടെ പശ്ചാത്തലത്തില്‍ പോലും ഉപയോഗിക്കുന്നു” എന്നാണ് ചിഫ് ജസ്റ്റിസ് ഗീത മിത്തലും ജസ്റ്റിസ് സി. ഹരിശങ്കറുമടങ്ങുന്ന ബഞ്ച് പ്രതികരിച്ചത്.
Read | മലയാളത്തിന് ദേശീയ തിളക്കം; മികച്ച സംവിധായകനും സഹനടനും ഗായകനുമടക്കം നിരവധി പുരസ്‌കാരങ്ങള്‍
അതേസമയം, പെണ്‍കുട്ടി ബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിക്കുന്നത് തടഞ്ഞ ജമ്മു കശ്മീര്‍ ത്വ ബാര്‍ അഭിഭാഷകര്‍ക്കെതിരെ സ്വമേധയാ നടപടിയെടുക്കണമെന്ന് സുപ്രീം കോടതിയില്‍ ഒരു കൂട്ടം അഭിഭാഷകര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കോടതി വിഷയം ശ്രദ്ധിക്കുകയും അഭിഭാഷകരോട് ഹര്‍ജി നല്‍കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. ജസ്റ്റിസ് ദീപക് മിശ്ര തലവനായ ബെഞ്ചിനു മുമ്പാകെയാണ് അഭിഭാഷകര്‍ ഇക്കാര്യം ആവശ്യപ്പെട്ടത്.
സുപ്രീം കോടതിയിലെ ഒരുകൂട്ടം അഭിഭാഷകരെ പ്രതിനിധീകരിച്ചുകൊണ്ട് മലയാളിയായ അഭിഭാഷകന്‍ പി.വി ദിനേഷാണ് വിഷയം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. ” ജമ്മുകശ്മീര്‍ കത്വയിലെ അഭിഭാഷകരുടെ ഞെട്ടിക്കുന്ന നടപടിയ്ക്കെതിരെ നോട്ടീസ് നല്‍കണമെന്ന്” അഭിഭാഷകന്‍ കോടതിയോട് ആവശ്യപ്പെട്ടപ്പോള്‍ വിശദാംശങ്ങള്‍ ഉള്‍പ്പെടെ ഒരു ഹര്‍ജി ഫയല്‍ ചെയ്യാന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ആവശ്യപ്പെടുകയായിരുന്നു.