യമനിലേക്ക് പോകാനുള്ള നിമിഷപ്രിയയുടെ അമ്മയുടെ ഹരജി; കേന്ദ്ര നിലപാട് തേടി ദല്‍ഹി ഹൈക്കോടതി
Kerala News
യമനിലേക്ക് പോകാനുള്ള നിമിഷപ്രിയയുടെ അമ്മയുടെ ഹരജി; കേന്ദ്ര നിലപാട് തേടി ദല്‍ഹി ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 19th October 2023, 4:46 pm

ന്യൂദല്‍ഹി : യെമന്‍ പൗരനെ കൊല്ലപ്പെടുത്തിയ കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിന് യെമന്‍ സന്ദര്‍ശിക്കാന്‍ അനുമതി തേടി അമ്മ പ്രേമകുമാരി. ദല്‍ഹി ഹൈക്കേടതിയിലാണ് ഇവര്‍ ഹരജി സമര്‍പ്പിച്ചത്.

കേസില്‍ കേന്ദ്ര സര്‍ക്കാറിന്റെ നിലപാട് തേടിയ ഹൈക്കോടതി രണ്ടാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചു.

യമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദിയെ കൊല്ലപ്പെടുത്തി ജലസംഭരണിയില്‍ ഒളിപ്പിച്ചെന്നതാണ് നിമിഷക്കെതിരെയുള്ള കേസ്. ഈ കേസില്‍ ശിക്ഷ അനുഭവിക്കുന്ന നിമിഷ വധശിക്ഷയില്‍ ഇളവിന് സമീപിച്ചെങ്കിലും യെമന്‍ കോടതി തള്ളിയിരുന്നു. ഇതിനെതിരായ ഹരജി സുപ്രീം കോടതിയില്‍ ഉണ്ടെങ്കിലും അനുകൂല വിധിയ്ക്ക് സാധ്യത കുറവാണ്.

ശരിഅത്ത് നിയമപ്രകാരം തലാലിന്റെ കുടുംബം ‘ബ്ലഡ്’ മണി സ്വീകരിച്ചാലെ ഇനി നിമിഷയ്ക്ക് ഇളവ് ലഭിക്കാന്‍ സാധ്യതയുള്ളു. ഇതിനായി ഇവരുമായി ചര്‍ച്ച നടത്തുന്നതിനാണ് പ്രേമകുമാരി യെമനില്‍ പോകാന്‍ കോടതി അനുമതി തേടിയത്.

പ്രേമകുമാരിയ്ക്കും സേവ് നിമിഷാ ഫോറത്തിലെ അംഗങ്ങള്‍ക്കും യമന്‍ സന്ദര്‍ശിക്കാന്‍ അനുമതി തേടിയാണ് ഹരജി.

യാത്രക്കുള്ള അനുമതി നല്‍കേണ്ടത് യെമന്‍ സര്‍ക്കാറാണെന്നും കേന്ദ്രത്തിന് ഇതില്‍ ഇടപെടാനാകില്ലെന്നും കേന്ദ്ര സര്‍ക്കാറിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ പവന്‍ നരംഗ് പറഞ്ഞു. എന്നാല്‍ 2016 മുതല്‍ കേന്ദ്രസര്‍ക്കാര്‍ യെമനിലേക്ക് യാത്ര വിലക്കേര്‍പ്പെടുത്തിയതിനാല്‍ വിസയ്ക്ക് അപേക്ഷിക്കാന്‍ പോലും സാധിക്കുന്നില്ലെന്ന് പ്രേമകുമാരിയുടെ അഭിഭാഷകന്‍ സുഭാഷ് ചന്ദ്രന്‍ പറഞ്ഞു.

കേസില്‍ ഇടപെടാന്‍ പല തവണ കേന്ദ്രസര്‍ക്കാറിനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് പ്രേമകുമാരിയുടെ അഭിഭാഷകന്‍ പറഞ്ഞു. എന്നാല്‍ യെമന്‍ സന്ദര്‍ശനത്തിനുള്ള നിവേദനം നല്‍കിയതല്ലാതെ മറ്റൊരു നടപടിയും ഇവര്‍ സ്വീകരിച്ചില്ലെന്ന് കേന്ദ്രം മറുപടി പറഞ്ഞു. ഇത് തെറ്റാണെന്നും കേന്ദ്രത്തിനയച്ച നിവേദനങ്ങള്‍ കോടതിക്ക് കൈമാറാമെന്നും പ്രേമകുമാരിയുടെ അഭിഭാഷകന്‍ പറഞ്ഞു. നവംബര്‍ 16 ന് ഹരജി കോടതി വീണ്ടും പരിഗണിക്കും.

content highlight: Delhi HC seeks centers stand on allowing Nimisha priya’s mother travel to Nimisha priya