ന്യൂദല്‍ഹി: മാവോയിസ്റ്റ് ബന്ധമാരോപിച്ച് വീട്ടുതടങ്കലാക്കപ്പെട്ട അഞ്ച് ആക്ടിവിസ്റ്റുകളില്‍ മാധ്യമപ്രവര്‍ത്തകന്‍ ഗൗതം നവ്‌ലഖയുടെ വീട്ടുതടങ്കല്‍ ദല്‍ഹി ഹൈക്കോടതി റദ്ദ് ചെയ്തു. 24 മണിക്കൂറിലധികം നീണ്ട നവ്‌ലഖയുടെ വീട്ടുതടങ്കല്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു. ആക്ടിവിസ്റ്റുകളുടെ വീട്ടുതടങ്കല്‍ നാലാഴ്ചയിലേക്ക് നീട്ടിക്കൊണ്ട് സുപ്രീംകോടതി ഉത്തരവിട്ട് ദിവസങ്ങള്‍ക്കകമാണ് ദല്‍ഹി ഹൈക്കോടതി വിധി.
ജസ്റ്റിസ് എസ് മുരളീധര്‍, ജസ്റ്റിസ് വിനോദ് ഗോയല്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. വിചാരണക്കോടതി നടപടികളെ വിമര്‍ശിച്ച ബെഞ്ച് ട്രാന്‍സിറ്റ് റിമാന്‍ഡ് ഉത്തരവും റദ്ദു ചെയ്തു. അറസ്റ്റ് ചെയ്യാനുണ്ടായ സാഹചര്യമോ മുന്‍കൂര്‍ നോട്ടീസോ നവ്‌ലഖയ്ക്ക് പൊലീസ് നല്‍കിയില്ലെന്നും കോടതി പറഞ്ഞു.
കഴിഞ്ഞയാഴ്ച നവ്‌ലഖ അടക്കമുള്ള ആക്ടിവിസ്റ്റുകളുടെ വീട്ടുതടങ്കല്‍ നീട്ടിയ കോടതി വേണമെങ്കില്‍ മുറപ്രകാരമുള്ള കോടതിയെ നാലാഴ്ചയ്ക്കകം സമീപിക്കാമെന്ന് ആക്ടിവിസ്റ്റുകള്‍ക്ക് ഇളവ് നല്‍കുകയും ചെയ്തിരുന്നു.