| Friday, 13th October 2023, 3:49 pm

ന്യൂസ്‌ക്ലിക്കിനെതിരായ യു.എ.പി.എ കേസ്; പ്രബീർ പുർകായസ്തയുടെ ഹരജി തള്ളി ദൽഹി ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തതിനെതിരെയും പൊലീസ് റിമാൻഡിനെതിരെയും ന്യൂസ്ക്ലിക്ക് സ്ഥാപകൻ പ്രബീർ പുർക്കായസ്തയും എച്ച്.ആർ അമിത് ചക്രവർത്തിയും നൽകിയ ഹരജി തള്ളി ദൽഹി ഹൈക്കോടതി.

അറസ്റ്റ് ചെയ്യുന്ന സമയത്ത് കാരണങ്ങൾ വ്യക്തമാക്കിയിരുന്നില്ലെന്നും അഭിഭാഷകരുടെ അഭാവത്തിൽ യാന്ത്രികമായാണ് വിചാരണ കോടതി റിമാൻഡ് അനുമതി നൽകിയതെന്നുമായിരുന്നു ഹരജിക്കാരുടെ വാദം.

ഏഴ് ദിവസത്തേക്ക് ദൽഹി പൊലീസിന്റെ കസ്റ്റഡിയിൽ വിട്ട വിചാരണ കോടതിയുടെ ഉത്തരവ് ദൽഹി ഹൈക്കോടതി ശരിവെച്ചു. അതേസമയം, തങ്ങൾക്കെതിരായ എഫ്.ഐ.ആർ റദ്ദാക്കണമെന്നവശ്യപ്പെട്ട് ഇരുവരും നൽകിയ ഹരജി ഹൈക്കോടതി ഇതുവരെ പരിഗണിച്ചിട്ടില്ല.

നേരത്തെ റിമാൻഡ് ഓർഡറിൽ അറസ്റ്റിന്റെ കാരണം വ്യക്തമാക്കിയിട്ടുണ്ടോ എന്ന് ജസ്റ്റിസ് തുഷാർ റാവു ഗെഡേല ദൽഹി പൊലീസിനോട് ചോദിച്ചിരുന്നു. കീഴ്കോടതിയിൽ പുർകായസ്‌തയുടെ വാദം കേട്ടിട്ടില്ല എന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.

എന്നാൽ, പൊലീസിന്റെ മറുപടി കേൾക്കാതെ ഇടക്കാല മോചനം അനുവാദിക്കാനാകില്ല എന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. പുർകായസ്തയുടെയും ചക്രവർത്തിയുടെയും ഇടക്കാലമോചനം ആവശ്യപ്പെട്ടുള്ള അപേക്ഷയ്ക്ക് മറുപടി നൽകണമെന്നും ദൽഹി പൊലീസിനോട് കോടതി നിർദേശിച്ചിരുന്നു.

ചൈനയുടെ പ്രൊപഗാണ്ട പ്രചരിപ്പിക്കുവാൻ ന്യൂസ്ക്ലിക്കിന് ഫണ്ട് ലഭിച്ചുവെന്ന ന്യൂയോർക്ക് ടൈംസിന്റെ ആരോപണത്തിലാണ് പുർകായസ്തയേയും ചക്രവർത്തിയേയും അറസ്റ്റ് ചെയ്തത്.

Content Highlight: Delhi HC rejects petitions by Newsclick founder Prabir Purkayastha

We use cookies to give you the best possible experience. Learn more