ന്യൂദൽഹി: ദൽഹിയിലെ മെഹ്റോളിയിൽ തകർത്ത അഖൂന്ദ്ജി മസ്ജിദിൽ ബറാത്ത് ദിനവുമായി ബന്ധപ്പെട്ട പ്രാർത്ഥനകൾക്ക് അനുമതി നൽകാൻ വിസമ്മതിച്ച് ദൽഹി ഹൈക്കോടതി.
ബറാത്ത് രാവിൽ മുസ്‌ലിങ്ങളിലെ ചില വിഭാഗം അല്ലാഹുവിൽ നിന്ന് തങ്ങൾക്കും പൂർവികർക്കും പാപമോചനം തേടി പ്രാർത്ഥനകൾ സംഘടിപ്പിക്കാറുണ്ട്.
ദൽഹി വഖഫ് ബോർഡിന് കീഴിലുള്ള പരിപാലന കമ്മിറ്റിയാണ് ഹരജി നൽകിയത്. നിലവിൽ ദൽഹി നഗരവികസന അതോറിറ്റിയുടെ (ഡി.ഡി.എ) കൈവശമുള്ള ഭൂമിയിൽ തൽസ്ഥിതി തുടരാൻ കോടതി ഉത്തരവുണ്ടെന്ന് ജസ്റ്റിസ് പുരുഷേന്ദ്ര കുമാർ ഖോരവ് ചൂണ്ടിക്കാട്ടി.
പള്ളി പൊളിച്ചുമാറ്റിയ കേസിൽ മാർച്ച് എഴിലേക്ക് വിധി പറയാൻ മാറ്റിവെച്ച സാഹചര്യത്തിൽ ഇപ്പോൾ മറ്റ് നിർദേശങ്ങൾ പുറപ്പെടുവിക്കാൻ സാധിക്കില്ലെന്നും അതുകൊണ്ട് അപേക്ഷ തള്ളുകയാണെന്നും കോടതി പറഞ്ഞു.
ജനുവരി 30നാണ് സഞ്ജയ് വനഭൂമിയിലെ അനധികൃത നിർമിതിയെന്ന് ആരോപിച്ച് ഡി.ഡി.എ അഖൂൻജി മസ്‌ജിദും ബെഹ്‌റുൽ ഉലൂം മദ്രസയും പൊളിച്ചുമാറ്റിയത്.
Content Highlight: Delhi HC refuses to permit Shab-e-Barat prayers at Akhoondji mosque in Mehrauli