ന്യൂദല്‍ഹി: ഗുജറാത്ത് കലാപത്തെ കുറിച്ച് ബി.ബി.സി പ്രസിദ്ധീകരിച്ച ഡോക്യമെന്ററിയിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നൽകിയ ഹരജി പരിഗണിക്കാനാകില്ലെന്ന് ദല്‍ഹി ഹൈക്കോടതി.
‘ഇന്ത്യ ദി മോദി ക്വസ്റ്റ്യൻ’ എന്ന പേരില്‍ ബി.ബി.സി പ്രസിദ്ധീകരിച്ച ഡോക്യുമെന്ററി രാജ്യത്തെയും പ്രധാനമന്ത്രിയെയും അപകീര്‍ത്തിപ്പെടുത്തിയെന്ന് കാട്ടിയാണ് ദല്‍ഹി ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തിയതിന് ബി.ബി.സി നഷ്ടപരിഹാരം നല്‍കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടു. ഒരു എൻ.ജി.ഒ ആണ് ഹരജിയുമായി കോടതിയെ സമീപിച്ചത്.
എന്നാല്‍ ഹരജി പരിഗണിക്കാനാവില്ലെന്ന് ജസ്റ്റിസ് അനുപ് ജയറാം ഭംഭാനി അറിയിച്ചു. മെയ് 22ന് മറ്റൊരു ബെഞ്ചിന് മുമ്പാകെ ഹരജി വാദം കേള്‍ക്കുന്നതിന് ലിസ്റ്റ് ചെയ്യാമെന്നും ഹൈക്കോടതി വ്യക്തമാക്കി.
ഡോക്യുമെന്ററി പ്രസിദ്ധീകരിച്ചതിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാജ്യവും അപമാനിക്കപ്പെട്ടു. ഇതിന് നഷ്ടപരിഹാരമായി ബി.ബി.സി 10,000 കോടി രൂപ നല്‍കണമെന്നാണ് ഹരജിക്കാര്‍ ആവശ്യപ്പെട്ടത്.
ഡോക്യുമെന്ററി പ്രധാനമന്ത്രിയുടെയും രാജ്യത്തിന്റെയും ഗുജറാത്ത് സര്‍ക്കാരിന്റെയും സല്‍പ്പേരിനെ പരിഹരിക്കാനാകാത്ത രീതിയിൽ കളങ്കപ്പെടുത്തിയെന്നും ഹരജിക്കാരന്‍ കൂട്ടിച്ചേര്‍ത്തു.
മോദി മുഖ്യമന്ത്രിയായിരിക്കെ 2002ല്‍ നടന്ന ഗുജറാത്ത് കലാപത്തെ ആസ്പദമാക്കിയാണ് ബി.ബി.സിയുടെ ഡോക്യുമെന്ററി. 2023 ജനുവരിയില്‍ രണ്ട് ഭാഗങ്ങളായാണ് ബി.ബി.സി ഡോക്യുമെന്ററി പ്രസിദ്ധീകരിച്ചത്. ഇത് പുറത്തിറങ്ങിയ ഉടന്‍ കേന്ദ്ര സര്‍ക്കാര്‍ ഡോക്യുമെന്ററി നിരോധിച്ചിരുന്നു. ഇതിന് മുമ്പ് ഗുജറാത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു എന്‍.ജി.ഒ നല്‍കിയ ഹരജിയില്‍ ദല്‍ഹി ഹൈക്കോടതി ബി.ബിസിക്ക് നോട്ടീസ് അയച്ചിരുന്നു.
Content Highlight: Delhi HC recuses to hear plea against BBC documentary alleging India slur