'മുഖ്യമന്ത്രിയുടെ വീടിന് നേരെ പ്രതിഷേധമുണ്ടായെന്ന് കരുതി പ്രത്യേക അന്വേഷണസംഘത്തെയൊന്നും നിയോഗിക്കാനാവില്ല'; ആം ആദ്മി എം.എല്‍.എയുടെ ഹരജി തള്ളി ദല്‍ഹി ഹൈക്കോടതി
national news
'മുഖ്യമന്ത്രിയുടെ വീടിന് നേരെ പ്രതിഷേധമുണ്ടായെന്ന് കരുതി പ്രത്യേക അന്വേഷണസംഘത്തെയൊന്നും നിയോഗിക്കാനാവില്ല'; ആം ആദ്മി എം.എല്‍.എയുടെ ഹരജി തള്ളി ദല്‍ഹി ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 4th November 2022, 8:52 am

ന്യൂദല്‍ഹി: ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വീടിന് നേരെയുണ്ടായ പ്രതിഷേധങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘത്തെ (Special investigation team) ഏര്‍പ്പെടുത്താനാവില്ലെന്ന് ദല്‍ഹി ഹൈക്കോടതി. ആം ആദ്മി എം.എല്‍.എ സൗരഭ് ഭരദ്വാജ് (Saurabh Bhardwaj) നല്‍കിയ പൊതുതാല്‍പര്യ ഹരജിയിന്മേലുള്ള നടപടികള്‍ വ്യാഴാഴ്ച അവസാനിപ്പിച്ചുകൊണ്ടായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.

കഴിഞ്ഞ മാര്‍ച്ച് 30ന് കെജ്‌രിവാളിന്റെ ദല്‍ഹിയിലെ വസതിക്ക് പുറത്തുണ്ടായ സംഭവങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കണമെന്നായിരുന്നു ഹരജിയില്‍ സൗരഭ് ഭരദ്വാജ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇത് കോടതി തള്ളുകയായിരുന്നു.

വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ‘കശ്മീര്‍ ഫയല്‍സ്’ എന്ന വിവാദ സിനിമയെക്കുറിച്ചുള്ള കെജ്‌രിവാളിന്റെ പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച് 30ന് മുഖ്യമന്ത്രിയുടെ വസതിക്ക് പുറത്ത് ബി.ജെ.പി പ്രവര്‍ത്തകര്‍ ഒത്തുകൂടുകയും പ്രതിഷേധിച്ച് ബഹളം വെക്കുകയും ചെയ്തത്.

മുഖ്യമന്ത്രിയുടെയും അദ്ദേഹത്തിന്റെ വസതിയുടെയും സുരക്ഷയുമായി ബന്ധപ്പെട്ട് സ്റ്റാറ്റസ് റിപ്പോര്‍ട്ടിലെ നടപടികള്‍ നടപ്പിലാകുന്നുണ്ട് ഉറപ്പുവരുത്തണമെന്നും കോടതി ദല്‍ഹി പൊലീസിനോട് നിര്‍ദേശിച്ചു. ഹരജിയിന്മേല്‍ മറ്റ് ഉത്തരവുകളൊന്നും പുറപ്പെടുവിക്കേണ്ട ആവശ്യമില്ലെന്നും അതുകൊണ്ട് ആം ആദ്മി എം.എല്‍.എയുടെ ഹരജിയിന്മേലുള്ള നടപടികള്‍ അവസാനിപ്പിക്കുന്നതായും കോടതി വ്യക്തമാക്കി.

ദല്‍ഹി മുഖ്യമന്ത്രിയുടെ വസതിയിലേക്കുള്ള റോഡിന്റെ ഇരുവശങ്ങളിലും ഗേറ്റ് സ്ഥാപിക്കുമെന്നും ഈ പ്രവര്‍ത്തിയുടെ 60 ശതമാനവും പൂര്‍ത്തിയായതായും ബാക്കി പണികള്‍ ഉടന്‍ തീര്‍ക്കുമെന്നും ദല്‍ഹി പൊലീസ് കൗണ്‍സല്‍ കോടതിയെ ബോധിപ്പിച്ചിട്ടുണ്ട്.

കശ്മീര്‍ ഫയല്‍സിനെതിരായ കെജ്‌രിവാളിന്റെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പിയുടെ യൂത്ത് വിങ്ങായ ബി.ജെ.വൈ.എമ്മിന്റെ (യുവമോർച്ച) പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ വസതിക്ക് മുന്നില്‍ പൊലീസ് ബാരിക്കേഡുകള്‍ തകര്‍ത്തുകൊണ്ട് പ്രതിഷേധിക്കുകയായിരുന്നു.

ബി.ജെ.വൈ.എമ്മിന്റെ പ്രതിഷേധത്തിനെതിരെ ആം ആദ്മി നേതാക്കള്‍ വിമര്‍ശനവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. കെജ്‌രിവാളിന്റെ വസതിക്ക് സുരക്ഷ വര്‍ധിപ്പിക്കണമെന്നും ആം ആദ്മി ആവശ്യപ്പെട്ടിരുന്നു.

ഇതിന് പിന്നാലെയാണ് സംഭവത്തില്‍ എത്രയും പെട്ടെന്ന് നീതിയുക്തമായ അന്വേഷണം നടത്താന്‍ സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിനെ (എസ്.ഐ.ടി) രൂപീകരിക്കണമെന്നാവശ്യപ്പെട്ട് സൗരഭ് ഭരദ്വാജ് ഹൈക്കോടതിയെ സമീപിച്ചത്.

Content Highlight: Delhi HC quashes AAP MLA’s plea, says no SIT to probe into CM Kejriwal’s house vandalism