| Monday, 29th July 2024, 7:37 pm

അലോപ്പതിക്കെതിരെ വ്യാജ പ്രചരണം; മൂന്ന് ദിവസത്തിനുള്ളിൽ ട്വീറ്റുകൾ പിൻവലിക്കണമെന്ന് ബാബ രാംദേവിനോട് ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: പതഞ്ജലിയുടെ ഉത്പന്നമായ കൊറോണിൽ ഉപയോഗിച്ചാൽ കൊവിഡ് 19 ഭേദമാകുമെന്ന അവകാശവാദം പിൻവലിക്കണമെന്ന് ബാബ രാംദേവിനോട് ദൽഹി ഹൈക്കോടതി. കോവിഡ് -19 മഹാമാരി സമയത്ത് ലക്ഷക്കണക്കിന് ആളുകളുടെ മരണത്തിന് അലോപ്പതി മെഡിസിൻ ഉത്തരവാദിയാണെന്നും ബാബ രാംദേവ് പറഞ്ഞിരുന്നു. ഈ പ്രസ്താവനയും പിൻവലിക്കാൻ കോടതി ആവശ്യപെട്ടിട്ടുണ്ട്.

രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനുള്ള മരുന്ന് എന്ന ലൈസൻസാണ് കൊറോണലിന് ഉള്ളത്. ഇതാണ് കൊവിഡിനുള്ള മരുന്നെന്ന് തെറ്റിദ്ധരിപ്പിച്ച് പതഞ്ജലി പരസ്യം ചെയ്യുന്നത്.

ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതിൽ നിന്ന് രാംദേവിനെയും അദ്ദേഹത്തിൻ്റെ അസോസിയേറ്റായ ബാലകൃഷ്ണയെയും പതഞ്ജലി ആയുർവേദയെയും തടഞ്ഞുകൊണ്ട് ജസ്റ്റിസ് അനുപ് ജയറാം ഭംഭാനിയാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ഋഷികേശ്, പട്‌ന, ഭുവനേശ്വർ എന്നിവിടങ്ങളിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൻ്റെ (എയിംസ്) റസിഡൻ്റ് ഡോക്‌ടേഴ്‌സ് അസോസിയേഷൻ ഉൾപ്പെടെ നിരവധി മെഡിക്കൽ അസോസിയേഷനുകൾ നൽകിയ മാനനഷ്ടക്കേസ് പരിഗണിക്കുകയായിരുന്നു കോടതി.

‘കുറ്റകരമായ ചില പോസ്റ്റുകളും ഉള്ളടക്കങ്ങളും നീക്കം ചെയ്യാൻ നിർദേശങ്ങളുണ്ട്. മൂന്ന് ദിവസത്തിനുള്ളിൽ ആ ട്വീറ്റുകൾ നീക്കം ചെയ്യണം,’ ജസ്റ്റിസ് അനുപ് ജയറാം ഭംഭാനി പറഞ്ഞു.

പതഞ്ജലിയുടെ തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങൾ അലോപ്പതി ചികിത്സകളുടെയും കൊവിഡ് -19 വാക്‌സിനുകളുടെയും സുരക്ഷയെയും ഫലപ്രാപ്തിയെയും കുറിച്ച് പൊതുജനങ്ങളുടെ മനസ്സിൽ സംശയം സൃഷ്ടിക്കുന്നുവെന്ന് മെഡിക്കൽ അസോസിയേഷനുകൾ വാദിച്ചു.

‘നിലവിലുള്ള പകർച്ചവ്യാധിയുടെ കാലത്ത് അലോപ്പതിയെ സംബന്ധിച്ച തെറ്റായ പ്രചരണം, ഇന്ത്യാ ഗവൺമെൻ്റ് പോലും നിർദ്ദേശിക്കുന്ന അലോപ്പതി ചികിത്സകളിൽ നിന്ന് ആളുകളെ പിന്തിരിപ്പിക്കുന്നതിന് കാരണമാകുന്നുണ്ട്,’ ഡോക്ടർമാർ സമർപ്പിച്ച ഹരജിയിൽ പറയുന്നു.

അലോപ്പതി മരുന്നുകളാണ് കൊവിഡ് മരണം വർധിപ്പിച്ചതെന്ന രാംദേവിന്റെ പരാമർശം മൂലം ആശുപത്രികളിലെത്തുന്ന രോഗികളുടെ എണ്ണം കുറഞ്ഞെന്നും ഡോക്ടർമാർ ചൂണ്ടിക്കാട്ടി. ഇക്കഴിഞ്ഞ ജൂലൈ 12ന് ദിവ്യ ഫാർമസിയും പതഞ്ജലി ആയുർവേദ ലിമിറ്റഡും ഉത്പാദിപ്പിക്കുന്ന 14 ആയുർവേദ മരുന്നുകളുടെ വിൽപ്പന യു.പിയിലെ ഗൗതം ബുദ്ധ നഗറിൽ നിരോധിച്ചിരുന്നു.

Content Highlight: Delhi HC orders Ramdev to remove remark claiming Coronil as Covid-19 ‘cure’

We use cookies to give you the best possible experience. Learn more