ജുമാ മസ്ജിദ് സംരക്ഷിത പദവി തീരുമാനം; കാണാതായ ഫയൽ ഹാജരാക്കാൻ കേന്ദ്രത്തോട് ഉത്തരവിട്ട് ദൽഹി ഹൈക്കോടതി
national news
ജുമാ മസ്ജിദ് സംരക്ഷിത പദവി തീരുമാനം; കാണാതായ ഫയൽ ഹാജരാക്കാൻ കേന്ദ്രത്തോട് ഉത്തരവിട്ട് ദൽഹി ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 29th August 2024, 8:53 am

ന്യൂദൽഹി: മുഗൾ ഭരണകാലത്തെ ചരിത്രപ്രസിദ്ധമായ ജുമാ മസ്ജിദ് സംരക്ഷിത സ്മാരകമായി പ്രഖ്യാപിക്കേണ്ടതില്ലെന്ന മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ തീരുമാനമടങ്ങിയ ഫയൽ ഹാജരാക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ട് ദൽഹി ഹൈക്കോടതി. കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തോടും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയോടുമാണ് (എ.എസ്.ഐ ) ഹൈക്കോടതി ഉത്തരവിട്ടത്.

നഷ്‌ടപ്പെട്ടതായി റിപ്പോർട്ട് ചെയ്യപ്പെടുന്ന രേഖകൾ സമർപ്പിക്കുന്നതിൽ അധികൃതർ പരാജയപ്പെട്ടാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുമെന്ന് ജസ്റ്റിസുമാരായ പ്രതിബ എം. സിങ്, അമിത് ശർമ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.

‘ കാണാതായ രേഖകൾ നിങ്ങളുടെ കസ്റ്റഡിയിലുള്ള പ്രധാനപ്പെട്ട രേഖകളാണ്. നിങ്ങൾ അവ സുരക്ഷിതമായി സൂക്ഷിക്കണം. ഇത് വളരെ ഗുരുതരമാണ്, രേഖകൾ നഷ്ടപ്പെട്ടാൽ ഉദ്യോഗസ്ഥർക്കെതിരെ ഞങ്ങൾ നടപടിയെടുക്കും’ ബെഞ്ച് വ്യക്തമാക്കി.

ജുമാ മസ്ജിദിനെ സംരക്ഷിത സ്മാരകമായി പ്രഖ്യാപിക്കാനും അതിനു ചുറ്റുമുള്ള എല്ലാ കയ്യേറ്റങ്ങളും നീക്കം ചെയ്യാനും അധികാരികളോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപ്പര്യ ഹരജികൾ പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. ജുമാ മസ്ജിദുമായി ബന്ധപ്പെട്ട സാംസ്കാരിക മന്ത്രാലയത്തിൻ്റെ ഫയൽ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് ഹരജിക്കാരിൽ ഒരാളായ സുഹൈൽ അഹമ്മദ് ഖാൻ 2018 മാർച്ചിൽ അപേക്ഷ നൽകിയിരുന്നു.

 

നേരത്തെ 2017 ഓഗസ്റ്റ് 23ന് രേഖകൾ ഹാജരാക്കാൻ മന്ത്രാലയത്തോട് ഉത്തരവിട്ടിരുന്നെന്നും 2018 ഫെബ്രുവരി 27ന് ഇത് വീണ്ടും ആവർത്തിച്ചതായും കോടതി ചൂണ്ടിക്കാട്ടി. 2018 മെയ് 21 ന് ഫയൽ ഹാജരാക്കിയിരുന്നു. എന്നാൽ ഹാജരാക്കിയ ഫയലിൽ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ യഥാർത്ഥ കത്ത് ഉണ്ടയായിരുന്നില്ല.

എല്ലാ രേഖകളും സഹിതമുള്ള ഒറിജിനൽ ഫയൽ സെപ്തംബർ 27ന് നടക്കുന്ന അടുത്ത ഹിയറിങ്ങിൽ ഹാജരാക്കണമെന്നും ഇല്ലെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഉത്തരവാദികളായിരിക്കുമെന്നും ബെഞ്ച് വ്യക്തമാക്കി.

 

‘ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയായാലും സാംസ്കാരിക മന്ത്രാലയമായാലും, ഒറിജിനൽ ഫയൽ അടുത്ത ഹിയറിങ്ങിൻ്റെ തീയതിയിൽ ഹാജരാക്കണം. ഇല്ലെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കുന്നതാണ്,’ കോടതി പറഞ്ഞു.

ജുമാ മസ്ജിദ് കേന്ദ്ര സംരക്ഷിത സ്മാരകമല്ലാത്തതിനാൽ അത് എ.എസ്.ഐയുടെ പരിധിയിൽ വരുന്നതല്ലെന്നും എ.എസ്.ഐ കോടതിയെ അറിയിച്ചിരുന്നു. ഒപ്പം ജുമാ മസ്ജിദ് സംരക്ഷിത സ്മാരകമായി പ്രഖ്യാപിക്കില്ലെന്ന് മൻമോഹൻ സിങ് ഷാഹി ഇമാമിന് ഉറപ്പ് നൽകിയതായി 2015 ഓഗസ്റ്റിൽ എ.എസ്.ഐ കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു.

‘2004ൽ ജുമാ മസ്ജിദിനെ കേന്ദ്ര സംരക്ഷിത സ്മാരകമായി പ്രഖ്യാപിക്കണമെന്ന വിഷയം ഉയർന്നിരുന്നു. എന്നാൽ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് ഷാഹി ഇമാമിന് 2004 ഒക്ടോബർ 20 ന് അയച്ച കത്തിൽ ജുമാ മസ്ജിദിനെ കേന്ദ്ര സംരക്ഷിത സ്മാരകമായി പ്രഖ്യാപിക്കില്ലെന്ന് പറഞ്ഞിരുന്നു , ‘എ.എസ്.ഐ കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറഞ്ഞു.

 

 

 

Content Highlight: Delhi HC demands file on ex-PM Singh’s decision against Jama Masjid protection