| Thursday, 26th July 2012, 12:40 am

കല്‍മാഡി ഒളിമ്പിക്‌സിന് പോകേണ്ടെന്ന് കോടതി, യോഗങ്ങളില്‍ പങ്കെടുക്കുമെന്ന് കല്‍മാഡി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ലണ്ടന്‍ ഒളിമ്പിക്‌സിന്റെ ഉദ്ഘാടനച്ചടങ്ങില്‍ ഔദ്യോഗികമായി പങ്കെടുക്കുന്നതില്‍ നിന്ന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് സുരേഷ് കല്‍മാഡിയെ ദല്‍ഹി ഹൈക്കോടതി വിലക്കി.[]

കല്‍മാഡി പങ്കെടുക്കുന്നത് രാജ്യത്തിന് ലജ്ജാകരമാണെന്ന് കോടതി പറഞ്ഞു. ഉദ്ഘാടനച്ചടങ്ങ് നടക്കുന്ന ഈ മാസം 27 വരെ കല്‍മാഡി രാജ്യം വിടരുതെന്നും ആക്ടിങ് ചീഫ് ജസ്റ്റിസ് എ.കെ സിക്രി, ജസ്റ്റിസ് രാജീവ് സഹായ് എന്‍ഡ്‌ലോ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.

കോമണ്‍വെല്‍ത്ത് അഴിമതിക്കേസില്‍ ജാമ്യം ലഭിച്ച കല്‍മാഡി ഔദ്യോഗികപദവി ഉപയോഗിച്ചല്ല, സ്വന്തം നിലയ്ക്കാണ് ലണ്ടനില്‍ പോകുന്നതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. എന്നാല്‍ കല്‍മാഡി ഒളിമ്പിക്‌സില്‍ പങ്കെടുത്താല്‍ അത് രാജ്യത്തിനും സര്‍ക്കാറിനും ജനങ്ങള്‍ക്കും നാണക്കേടുണ്ടാക്കുമെന്നായിരുന്നു കോടതിയുടെ വിലയിരുത്തല്‍.

“”രാജ്യത്തിന്റെ ഭാഗത്തുനിന്ന് നോക്കുമ്പോള്‍, ഒളിമ്പിക്‌സ് ഉദ്ഘാടനച്ചടങ്ങില്‍ കല്‍മാഡി പങ്കെടുക്കരുതെന്നാണ് ഞങ്ങള്‍ തീരുമാനിച്ചത്. രാജ്യതാത്പര്യത്തിനാണ് മുഖ്യ പരിഗണന”” -കോടതി പറഞ്ഞു.

എന്നാല്‍, അന്താരാഷ്ട്ര അത്‌ലറ്റിക് ഫെഡറേഷന്‍ (ഐ.എ.എ.എഫ്.) കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാന്‍ അനുമതിതേടിക്കൊണ്ടുള്ള കല്‍മാഡിയുടെ ഹരജിയില്‍ തീരുമാനമെടുക്കുന്നത് കോടതി ഫെഡറേഷനു തന്നെ വിട്ടു. കോടതി ഉത്തരവ് വായിച്ച ശേഷം ഐ.എ.എ.എഫിന് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാം.

ഏഷ്യന്‍ അത്‌ലറ്റ്‌സ് അസോസിയേഷന്‍(എ.എ.എ.) പ്രസിഡന്റ് എന്ന നിലയില്‍ തനിക്ക് ഐ.എ.എ.എഫിന്റെ ക്ഷണമുണ്ടെന്നാണ് കല്‍മാഡി ഹരജിയില്‍ പറയുന്നത്.

അതേസമയം, ഒളിമ്പിക്‌സ് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ താന്‍ ഉദ്ദേശിക്കുകയോ കോടതിയുടെ അനുമതി തേടുകയോ ചെയ്തിട്ടില്ലെന്ന് സുരേഷ് കല്‍മാഡി അറിയിച്ചു. ഐ.എ.എ.എഫിന്റെ കൗണ്‍സില്‍ യോഗങ്ങളില്‍ പങ്കെടുക്കാനാണ് കോടതിയുടെ അനുമതി തേടിയത്. ഇതിനായി ലണ്ടനില്‍ പോകാന്‍ കോടതി അനുമതി നല്‍കിയതായും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more