ഇവിടെ എല്ലാവര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യമില്ലേ?, രാംദേവിനെതിരെ ഹരജി നല്‍കി സമയം കളയാതെ കൊറോണക്ക് മരുന്ന് കണ്ടുപിടിക്കൂ; മെഡിക്കല്‍ അസോസിയേഷനോട് കോടതി
national news
ഇവിടെ എല്ലാവര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യമില്ലേ?, രാംദേവിനെതിരെ ഹരജി നല്‍കി സമയം കളയാതെ കൊറോണക്ക് മരുന്ന് കണ്ടുപിടിക്കൂ; മെഡിക്കല്‍ അസോസിയേഷനോട് കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 3rd June 2021, 4:50 pm

ന്യൂദല്‍ഹി: പതഞ്ജലിയുടെ കൊറോണില്‍ കൊവിഡ് ഭേദമാക്കുമെന്ന രീതിയില്‍ വ്യാജ പ്രചരണം നടത്തുന്ന ബാബ രാംദേവിനെതിരെ ദല്‍ഹി മെഡിക്കല്‍ അസോസിയേഷന്‍ സമര്‍പ്പിച്ച ഹരജിയില്‍ വിവാദ പ്രസ്താവനയുമായി ജഡ്ജ്. രാംദേവിന്റെ വാദങ്ങള്‍ പൗരന്റെ അഭിപ്രായ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടതാണെന്നാണ് ദല്‍ഹി ഹൈക്കോടതി ജസ്റ്റിസ് സി. ഹരിശങ്കര്‍ അഭിപ്രായപ്പെട്ടത്.

പൊതുജനാഭിപ്രായത്തിന്റെ പരിധിയില്‍ കൂടി വരുന്ന, പൗരന്റെ മൗലികവകാശമായ അഭിപ്രായ സ്വാതന്ത്ര്യമായേ രാംദേവിന്റെ കൊറോണില്‍ അനുബന്ധ പ്രസ്താവനകളെ കാണാനാകൂവെന്ന് ജസ്റ്റിസ് ഹരി ശങ്കര്‍ പറഞ്ഞു.

‘ജനങ്ങള്‍ക്കിവിടെ അഭിപ്രായ സ്വാതന്ത്ര്യമില്ലേ? എനിക്കിപ്പോള്‍ ഹോമിയോപ്പതി വ്യാജമാണെന്ന് തോന്നിയാല്‍ ഹോമിയോ ഡോക്ടര്‍മാര്‍ എനിക്കെതിരെ കേസ് ഫയല്‍ ചെയ്യുമോ?’ ഹരി ശങ്കര്‍ ചോദിച്ചു. അതുകൊണ്ടുതന്നെ ഇത്തരം വിഷയങ്ങളില്‍ ഹരജി നല്‍കി സമയം കളയാതെ കൊറോണ വൈറസിന് മരുന്ന് കണ്ടുപിടിക്കാനാണ് ഐ.എം.എ ശ്രമിക്കേണ്ടതെന്നും ഹരി ശങ്കര്‍ പറഞ്ഞു.

ബാബ രാംദേവിന്റെ വ്യാജ പ്രചരണങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണയുണ്ടാക്കിയെന്നും നിരവധി പേര്‍ വാക്‌സിനേഷനെടുക്കേണ്ടതില്ലെന്ന തീരുമാനത്തിലേക്കെത്തിയെന്നുമാണ് ഇതിന് മറുപടിയായി ഐ.എം.എയുടെ അഭിഭാഷകന്‍ ജഡ്ജിനോട് പറഞ്ഞത്.

അതേസമയം ദല്‍ഹി മെഡിക്കല്‍ അസോസിസയേഷന്റെ ഹരജിയില്‍ ബാബ രാംദേവിനോട് ഹാജരാകാന്‍ ദല്‍ഹി ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കേസിന്റെ അടുത്ത വാദം നടക്കുന്ന ജൂലൈ 13 വരെ പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തരുതെന്നും രാംദേവിനോട് കോടതി ആവശ്യപ്പെട്ടു.

കൊറോണില്‍ കൊവിഡ് ഭേദമാക്കുന്ന രീതിയില്‍ വ്യാജ പ്രചാരണം നടത്തുന്നതില്‍ നിന്നും രാംദേവിനെ തടയണമെന്നാവശ്യപ്പെട്ടു കൊണ്ടായിരുന്ന ദല്‍ഹി മെഡിക്കല്‍ അസോസിയേഷന്‍ കോടതിയെ സമീപിച്ചത്.

കൊറോണില്‍ കൊവിഡ് ഭേദമാക്കുമെന്നതിന് ശാസ്ത്രീയ തെളിവുകളൊന്നും ഇതുവരെയും പുറത്തുവന്നിട്ടില്ല. എന്നാല്‍ ഓണ്‍ലൈനിലും മറ്റുമായി കൊവിഡ് ഇമ്മ്യൂണിറ്റി ബൂസ്റ്റര്‍ എന്ന പേരില്‍ കൊറോണില്‍ കിറ്റ് പതഞ്ജലി വില്‍പ്പന നടത്തുന്നുണ്ട്. കൊറോണില്‍ രോഗം ഭേദമാക്കുമെന്ന രീതിയില്‍ നിരന്തര പ്രസ്താവനകളും രാംദേവ് നടത്തുന്നുണ്ട്.

നേരത്തെ, ആധുനിക വൈദ്യശാസ്ത്രത്തിനെതിരെ രാംദേവ് അടിസ്ഥാനരഹിതമായ പ്രസ്താവന നടത്തിയിരുന്നു. സംഭവം വിവാദമായതതോടെ പ്രസ്താവന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രി തന്നെ രംഗത്തുവനന്നു. ഇതിന് പിന്നാലെ മാപ്പ് പറഞ്ഞ് രാംദേവ് തന്റെ പ്രസ്താവന പിന്‍വലിക്കുകയായിരുന്നു.

രാംദേവിനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് ഉത്തരാഖണ്ഡ് ഐ.എം.എയും രംഗത്തെത്തിയിരുന്നു. 1000 കോടി രൂപയുടെ മാനനഷ്ടക്കേസാണ് ഫയല്‍ ചെയ്തിരിക്കുന്നത്.

അലോപ്പതിയെക്കുറിച്ച് താന്‍ പറഞ്ഞ കാര്യങ്ങള്‍ ശരിയല്ലെന്ന് പറയുന്ന വീഡിയോ പോസ്റ്റ് ചെയ്യുകയോ രേഖാമൂലം ഖേദപ്രകടനം നടത്തുകയോ ചെയ്യണമെന്നാണ് ലീഗല്‍ നോട്ടീസില്‍ ഐ.എം.എ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനായി 15 ദിവസത്തെ സമയം അനുവദിക്കുമെന്നും അല്ലാത്തപക്ഷം 1000 കോടി രൂപ നല്‍കണമെന്നുമാണ് നോട്ടീസില്‍ പറയുന്നത്.

അതേസമയം, വാക്സിനേഷന്‍ സംബന്ധിച്ച് വ്യാജ പ്രചരണം നടത്തുന്ന ബാബ രാംദേവിനെതിരെ എത്രയും പെട്ടെന്ന് നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഐ.എം.എ. പ്രധാനമന്ത്രിയ്ക്ക് കത്തയച്ചിരുന്നു. രാംദേവിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുക്കണമെന്നും ഐ.എം.എ കത്തില്‍ വ്യക്തമാക്കി.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Delhi HC issues summons to Baba Ramdev over Patanjali’s Coronil, but says everyone has freedom of speech