ന്യൂദല്‍ഹി: ഭൂമിയേറ്റടുക്കലിന് നല്‍കുന്ന നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നടത്തുന്ന വ്യാജ അവകാശവാദങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ദല്‍ഹി ഹൈക്കോടതി.
സര്‍ക്കാര്‍ ഉന്നയിക്കുന്ന ഓരോ വ്യാജ അവകാശവാദങ്ങളും ഹരജിക്കാരനോട് ചെയ്യുന്ന വലിയ അനീതിയാണെന്നും ഇത് അതീവ ശ്രദ്ധ നല്‍കേണ്ട വിഷയമാണെന്നും ഹൈക്കോടതി പറഞ്ഞു.
ദല്‍ഹിയില്‍ സിമന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ലീസിനെടുത്ത ഭൂമിക്കുള്ള നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട ഹരജികള്‍ പരിഗണിക്കവേയാണ് കോടതി ഇക്കാര്യം പറഞ്ഞത്.
‘ഈ എല്ലാ കേസുകളിലും സര്‍ക്കാര്‍ വ്യാജ അവകാശവാദങ്ങളും സ്വയം പ്രതിരോധിക്കാനുള്ള ശ്രമങ്ങളുമാണ് കോടതിയില്‍ നടത്തിയെന്നത് ഏറെ ആശങ്ക ജനിപ്പിക്കുന്ന വസ്തുതയാണ്.
ഇത്തരത്തില്‍ വ്യാജ അവകാശവാദങ്ങള്‍ ഉന്നയിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ സര്‍ക്കാരോ കോടതികളോ ഒരു നടപടിയും സ്വീകരിക്കാത്തതാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ കാരണം,’ ജസ്റ്റിസ് ജെ. ആര്‍. മിധെ വിധിയില്‍ പറഞ്ഞു.
വ്യാജ അവകാശവാദങ്ങളുടെ പേരില്‍ സര്‍ക്കാര്‍ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നാല്‍ പോലും ഈ അവകാശവാദങ്ങള്‍ കോടതിയില്‍ സമര്‍പ്പിച്ച ഉദ്യോഗസ്ഥന് ഒരു തരത്തിലുള്ള ബുദ്ധിമുട്ടും നേരിടേണ്ടി വരുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
കോടതിയില്‍ സമര്‍പ്പിക്കുന്ന രേഖകളില്‍ തെറ്റായ വിവരങ്ങളാണ് ഉദ്യോഗസ്ഥന്‍ സമര്‍പ്പിച്ചതെന്ന് കണ്ടെത്തിയാല്‍ സര്‍ക്കാര്‍ ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
കോടതിയിലെത്തുന്ന കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാനായി ലിറ്റിഗേഷന്‍ പോളിസി നിര്‍മ്മിക്കണമെന്നും കോടതി കേന്ദ്ര സര്‍ക്കാരിനോടും ദല്‍ഹി സര്‍ക്കാരിനോടും ആവശ്യപ്പെട്ടു.