| Tuesday, 27th April 2021, 11:30 pm

ജഡ്ജിമാര്‍ക്ക് പഞ്ചനക്ഷത്ര ഹോട്ടലില്‍ കൊവിഡ് ചികിത്സയില്ല; ഹൈക്കോടതിയുടെ വിമര്‍ശനം ഏറ്റു; ഉത്തരവ് പിന്‍വലിക്കുന്നുവെന്ന് ദല്‍ഹി സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഹൈക്കോടതിയിലെ ജഡ്ജിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും കുടുംബാംഗങ്ങള്‍ക്കും കൊവിഡ് ചികിത്സക്കായി പഞ്ചനക്ഷത്ര ഹോട്ടലില്‍ സൗകര്യമൊരുക്കുന്നതില്‍ നിന്ന് പിന്‍മാറി ദല്‍ഹി സര്‍ക്കാര്‍. ഉത്തരവ് പിന്‍വലിക്കുന്നുവെന്ന് ദല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ട്വിറ്ററിലൂടെ അറിയിച്ചു.

പഞ്ചനക്ഷത്ര ഹോട്ടലില്‍ ഹൈക്കോടതി ജഡ്ജിമാര്‍ക്കും ജീവനക്കാര്‍ക്കും 100 ബെഡ് സജ്ജീകരിക്കുമെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ട്. ഇതിനെതിരെ രൂക്ഷവിമര്‍ശനവുമായി ദല്‍ഹി ഹൈക്കോടതി തന്നെ രംഗത്തെത്തിയ പശ്ചാത്തലത്തിലായിരുന്നു ഉത്തരവ് പിന്‍വലിക്കുന്നതായി ആം ആദ്മി സര്‍ക്കാര്‍ അറിയിച്ചത്.

ദല്‍ഹിയിലെ അശോക ഹോട്ടലിലാണ് ജഡ്ജിമാര്‍ക്കായി കൊവിഡ് ചികിത്സ സൗകര്യങ്ങളൊരുക്കുന്നുവെന്ന റിപ്പോര്‍ട്ട് വന്നത്. അശോക ഹോട്ടലില്‍ സജ്ജമാക്കുന്ന താല്‍ക്കാലിക കൊവിഡ് കെയര്‍ സെന്ററിലാവും ചികിത്സയെന്നും വാര്‍ത്തകളുണ്ടായിരുന്നു.

പ്രിമസ് ആശുപത്രിയാണ് പഞ്ചനക്ഷത്ര ഹോട്ടലിലെ കൊവിഡ് കെയര്‍ സെന്റര്‍ നടത്തുക. കൊവിഡ് കെയര്‍ സെന്ററിലുണ്ടാവുന്ന മെഡിക്കല്‍ മാലിന്യത്തിന്റെ നിര്‍മാര്‍ജ്ജനവും ആശുപത്രിയുടെ ചുമതലയായിരിക്കും. രോഗികളെ പരിചരിക്കുന്നതിനുള്ള പ്രാഥമിക പരിശീലനം ഹോട്ടലിലെ ജീവനക്കാര്‍ക്ക് ആശുപത്രി നല്‍കും. ഹോട്ടല്‍ ജീവനക്കാരുടെ കുറവുവന്നാല്‍ പകരം ആളുകളെ ആശുപത്രി നല്‍കുമെന്നുമായിരുന്നു വാര്‍ത്ത.

എന്നാല്‍ ഇതിനു തൊട്ടുപിന്നാലെ രൂക്ഷവിമര്‍ശനവുമായി ദല്‍ഹി ഹൈക്കോടതി രംഗത്തെത്തുകയായിരുന്നു. ഇത്തരമൊരു നിര്‍ദ്ദേശം കോടതിയുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്നും ഈ തീരുമാനത്തില്‍ നിന്ന് പിന്‍മാറാന്‍ ദല്‍ഹി സര്‍ക്കാരിനോട് ഉത്തരവിട്ടെന്നും കോടതി പറഞ്ഞിരുന്നു.

‘രോഗികള്‍ക്ക് ഓക്‌സിജന്‍ പോലും കൊടുക്കാന്‍ കഴിയാത്ത നിങ്ങള്‍ ഞങ്ങള്‍ക്ക് 100 ബെഡുകള്‍ തരുമെന്ന് പറയുന്നു. വെറുതെ ഇത്തരം പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാതെയിരിക്കൂ. ഇതിലൂടെ കോടതിയെ സ്വാധീനിക്കാമെന്നാണോ കരുതിയത്,’ എന്നായിരുന്നു ഹൈക്കോടതി ചോദിച്ചത്.

അതേസമയം, ദല്‍ഹിയില്‍ കൊവിഡ് അതിരൂക്ഷമായി വ്യാപിക്കുകയാണ്. ഓക്സിജന്‍ ക്ഷാമം മൂലം ചികിത്സ വഴിമുട്ടി നില്‍ക്കുന്ന സാഹചര്യമാണ് നിലവില്‍.

ഓക്സിജന്‍ കിട്ടാതെ നിരവധിപേരാണ് ദല്‍ഹിയില്‍ മരിച്ചത്. ഓക്സിജന്‍ ഇല്ലാത്തതുകൊണ്ട് പല ആശുപത്രികളിലും പുതിയ രോഗികളെ പ്രവേശിപ്പിക്കുന്നില്ല. പ്രതിദിനം 20,000ലധികം പേര്‍ക്കാണ് ദല്‍ഹിയില്‍ കൊവിഡ് ബാധിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Delhi Govt Withdraws Plan To Convert Five Star Hotels To Covid Center For Judges

We use cookies to give you the best possible experience. Learn more