ന്യൂദൽഹി: കസ്റ്റഡിയിലിരിക്കെ മരിക്കുന്ന തടവുകാരുടെ കുടുംബത്തിന് 7.5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന നിർദേശവുമായി ദൽഹി സർക്കാർ. ജയിൽ സംവിധാനത്തിനുള്ളിലെ പരാതികൾ പരിഹരിക്കാനും മനുഷ്യാവകാശങ്ങൾ ഉയർത്തിപ്പിടിക്കാനും ലക്ഷ്യമിട്ടുള്ള നിർദേശം അംഗീകാരത്തിനായി ലെഫ്റ്റനൻ്റ് ഗവർണർക്ക് സമർപ്പിച്ചിട്ടുണ്ട്.
ദൽഹി ആഭ്യന്തര മന്ത്രി കൈലാഷ് ഗെലോട്ട് ആണ് ഇക്കാര്യം അറിയിച്ചത്. കൈലാഷ് ഗെലോട്ട് തൻ്റെ സോഷ്യൽ മീഡിയയിൽ വിവരം പോസ്റ്റ് ചെയ്യുകയും ചെയ്തു. ജയിൽ സംവിധാനത്തിനുള്ളിൽ നീതിയും ഉത്തരവാദിത്തവും ഉറപ്പാക്കാൻ രൂപീകരിച്ച പുതിയ നയത്തിന്റെ ഭാഗമാണ് തീരുമാനം. ഈ നയത്തിൽ കുറ്റക്കാരായ ജയിൽ ഉദ്യോഗസ്ഥരുടെ ശമ്പളത്തിൽ നിന്ന് നഷ്ടപരിഹാരം വീണ്ടെടുക്കുന്നതിനുള്ള വ്യവസ്ഥയും ഉണ്ട്.
അസ്വാഭാവിക സാഹചര്യങ്ങളിൽ ജയിലിൽ മരിക്കുന്ന എല്ലാ തടവുകാരുടെയും കുടുംബങ്ങൾക്ക് പിന്തുണ നൽകുന്നതിനുള്ള ചുവടുവെപ്പാണിതെന്ന് സർക്കാർ പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ച തിഹാർ ജയിൽ സന്ദർശിച്ച ഗെഹ്‌ലോട്ട് ജയിലുകൾ മെച്ചപ്പെടുത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് പറഞ്ഞിരുന്നു. ജയിലിന്റെ അവസ്ഥ മെച്ചപ്പെടുത്താനുള്ള ദൽഹി സർക്കാരിന്റെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായി തിഹാർ ജയിൽ സന്ദർശിച്ച് തടവുകാർക്ക് ഏർപ്പെടുത്തിയിരിക്കുന്ന അടിസ്ഥാന സൗകര്യങ്ങൾ പരിശോധിച്ചതായും അദ്ദേഹം പറഞ്ഞു.
‘മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ നേതൃത്വത്തിൽ ദൽഹി സർക്കാർ ജയിലുകൾ നവീകരിക്കാൻ പ്രതിജ്ഞാബദ്ധരാണ്. തിഹാർ ജയിലിലേക്കുള്ള ഞങ്ങളുടെ സന്ദർശനം ജയിലിൻ്റെ അവസ്ഥ മെച്ചപ്പെടുത്തുന്നതിനും തടവുകാർക്ക് സ്വയം മെച്ചപ്പെടുത്താൻ അവസരം ഒരുക്കുന്നതിനും വേണ്ടിയാണ്. അതിനാവശ്യമായതെല്ലാം ഒരുക്കേണ്ടത് ഞങ്ങളുടെ കടമയാണ്,’ അദ്ദേഹം പറഞ്ഞു.
എൻ.ജി.ഒകൾ തടവുകാർക്ക് തൊഴിൽ പരിശീലനം നൽകുന്നതിനെ അദ്ദേഹം പ്രശംസിക്കുകയും ജയിലിൽ നിന്ന് പുറത്തിറങ്ങിയ ശേഷം തടവുകാരുടെ പുനരധിവാസത്തിന് ഈ പരിപാടികൾ സഹായകമാകുമെന്ന് പറയുകയും ചെയ്തു. വനിതാ തടവുകാർക്ക് ലഭ്യമായ മെഡിക്കൽ സൗകര്യങ്ങളും കൈലാഷ് ഗെലോട്ട് അവലോകനം ചെയ്യുകയും മെഡിക്കൽ റെക്കോർഡുകൾ ഡിജിറ്റലൈസ് ചെയ്യേണ്ടതിന്റെ ആവശ്യകത എടുത്ത് പറയുകയും ചെയ്തു.
തടവുകാരെ സമൂഹത്തിൻ്റെ മുഖ്യധാരയിലേക്ക് സമന്വയിപ്പിക്കുന്നതിന് തീവ്രമായ നൈപുണ്യ വികസന പരിപാടികൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
Content Highlight: Delhi govt proposes Rs 7.5 lakh compensation for families of prisoners who die in custody