'ദല്‍ഹി സര്‍ക്കാര്‍ ശ്രമിക്കുന്നത് പ്രതിച്ഛായ വര്‍ധിപ്പിക്കാന്‍ മാത്രം'; കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നത് ആരോഗ്യ സംവിധാനങ്ങള്‍ മോശമായത് കൊണ്ടെന്ന് കോണ്‍ഗ്രസ്
national news
'ദല്‍ഹി സര്‍ക്കാര്‍ ശ്രമിക്കുന്നത് പ്രതിച്ഛായ വര്‍ധിപ്പിക്കാന്‍ മാത്രം'; കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നത് ആരോഗ്യ സംവിധാനങ്ങള്‍ മോശമായത് കൊണ്ടെന്ന് കോണ്‍ഗ്രസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 7th June 2020, 4:33 pm

ന്യൂദല്‍ഹി: ദല്‍ഹിയില്‍ റെസ്‌റ്റോറന്റുകളും മാളുകളും തുറക്കാന്‍ തീരുമാനിച്ചതിന് പിന്നാലെ എതിര്‍പ്പുമായി കോണ്‍ഗ്രസ്. 25 ശതമാനത്തോളം കൊവിഡ് 19 രോഗികളുള്ള ദല്‍ഹി സമൂഹ വ്യാപനത്തിന്റെ വക്കിലാണെന്നും ഈ സമയത്ത് ദല്‍ഹിയില്‍ കടകളും റെസ്റ്റോറന്റുകളും തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയത് ശരിയായില്ലെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അജയ് മാക്കനാണ് ദല്‍ഹി നഗരം തുറന്നു പ്രവര്‍ത്തിക്കുന്നത് സംബന്ധിച്ച് എതിര്‍പ്പുമായി രംഗത്തെത്തിയത്. ദല്‍ഹിയില്‍ കൊവിഡ് സ്ഥിരീകരണ നിരക്ക് കൂടുകയും രോഗമുക്തരുടെ നിരക്ക്  കുറയുകയും ചെയ്യുന്നത് നാണം കെടുത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ദല്‍ഹിയിലെ ആശുപത്രികളുടെ സാഹചര്യം മോശമായതുകൊണ്ടാണ് ഇത് സംഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ദല്‍ഹി സര്‍ക്കാര്‍ പ്രതിച്ഛായ വര്‍ധിപ്പിക്കാനുള്ള ശ്രമം മാത്രമാണ് നടത്തുന്നതെന്നും അജയ് മാക്കന്‍ കുറ്റപ്പെടുത്തി. കൊവിഡിനെ പ്രതിരോധിക്കാന്‍ യാതൊരു പദ്ധതിയും നടപ്പാക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ സംസ്ഥാനത്തെ അടിസ്ഥാന ആരോഗ്യം മെച്ചപ്പെടുന്നതിന് മുമ്പ് ജൂണ്‍ എട്ടിന് തന്നെ റസ്‌റ്റോറന്റുകളും മാളുകളും തുറക്കാന്‍ അനുമതി നല്‍കിയത് അപക്വമായ തീരുമാനമാണ്,’ അജയ് മാക്കന്‍ പറഞ്ഞു.

ദല്‍ഹിയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ കൊവിഡ് രോഗികള്‍ക്ക് അനുമതി നിഷേധിക്കുന്നത് എന്തുകൊണ്ടാണെന്നും അജയ്മാക്കന്‍ ചോദിച്ചു. കൊവിഡ് രോഗികള്‍ക്ക് വേണ്ടി തയ്യാറാക്കിവെച്ചിരിക്കുന്ന 72 ശതമാനം വരുന്ന കിടക്കകളും ഒഴിഞ്ഞ് കിടക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ദല്‍ഹിയിലുള്ള 38 സര്‍ക്കാര്‍ ആശുപത്രികളില്‍ 33 എണ്ണത്തിലും കൊവിഡ് രോഗികള്‍ക്ക് പ്രവേശനം നല്‍കുകയോ അവരെ ചികിത്സിക്കുകയോ ചെയ്യുന്നില്ലെന്നും അജയ്മാക്കന്‍ ആരോപിച്ചു.

ജൂണ്‍ എട്ടുമുതല്‍ ഷോപ്പിംഗ് മാളുകളും റസ്റ്റോറന്റുകളും സംസ്ഥാന അതിര്‍ത്തികളും തുറക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ദല്‍ഹിയിലെ സ്വകാര്യ ആശുപത്രികളില്‍ കൊവിഡ് ചികിത്സ ദല്‍ഹി നിവാസികള്‍ക്ക് മാത്രമേ നല്‍കൂ എന്ന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ