ന്യൂദൽഹി: ദൽഹിയിൽ കൊവിഡ് കേസുകൾ ഉയുമ്പോഴും ദൽഹി നിവാസികൾക്ക് ആശ്വാസം പകർന്ന് അരവിന്ദ് കെജ്‌രിവാൾ. കൊറോണ വൈറസിനേക്കാളും നാലുപടിമുന്നിലാണ് ദൽഹി സർക്കാരെന്നായിരുന്നു കെജ്‌രിവാളിന്റെ പ്രതികരണം.
ദൽഹിയിൽ കൊവിഡ് കേസുകളിൽ വലിയ വർദ്ധനയാണ് നേരിടുന്നത്. അത് അംഗീകരിക്കുന്നു എന്ന് പറഞ്ഞ കെജ്‌രിവാൾ ഇത് സംബന്ധിച്ച് ഭയപ്പെടാൻ ഒന്നുമില്ലെന്നും വ്യക്തമാക്കി. രാജ്യതലസ്ഥാനത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത കേസുകളിൽ 2100 പേർ മാത്രമാണ് ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലുള്ളത്. ബാക്കിയുള്ളവർ വീട്ടിൽ തന്നെ ചികിത്സയിലാണ്.
ഇപ്പോൾ തന്നെ സംസ്ഥാനത്ത് 6500 ബെഡുകൾ കൊവിഡ് രോഗികൾക്കായി തയ്യാറാണെന്നും 9500 ബെഡുകൾ അടുത്തയാഴച്ചയ്ക്കുള്ളിൽ തയ്യാറാകുമെന്നും കെജ്‌രിവാൾ കൂട്ടിച്ചേർത്തു. ഹോട്ടലുകളും സർക്കാർ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഏറ്റെടുക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങൾക്ക് അറുതിവരണമെന്നും രാജ്യം വളരെ മോശമായ സാഹചര്യത്തിലൂടെയാണ് ഇപ്പോൾ കടന്നു പോകുന്നതെന്നും കെജ്‌രിവാൾ കൂട്ടിച്ചേർത്തു. നേരത്തെ ദൽഹി സർക്കാർ കൊവിഡ് കേസുകളുടെ എണ്ണം മറച്ചുവെക്കാൻ മൃതദേഹങ്ങൾ രഹസ്യമായി സംസ്കരിക്കുകയാണ് എന്ന് ആരോപണം ഉയർന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് ഈ സാഹചര്യത്തിൽ രാഷ്ട്രീയം കളിക്കുന്നത് ഒഴിവാക്കണം എന്നായിരുന്നു കെജ്‌രിവാളിന്റെ മറുപടി.
ദൽഹിയിൽ ആകെ 17,386 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തതെന്നും ഇതിൽ 9142 കേസുകളാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 7,846 പേരാണ് രോഗവിമുക്തി നേടിയത്. 398 ആളുകൾ ദൽഹിയിൽ ഇതുവരെ കൊവിഡ് ബാധിച്ചു മരിച്ചു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക