ന്യൂദല്‍ഹി: മോദിസര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധസമരങ്ങള്‍ക്കെതിരെ രാജ്യത്തെ കര്‍ഷകര്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായി ദല്‍ഹി സര്‍ക്കാര്‍. പാര്‍ലമെന്റ് ലക്ഷ്യം വെച്ച് നീങ്ങുന്ന മാര്‍ച്ചിലെ കര്‍ഷകര്‍ക്കായി ദല്‍ഹി സര്‍ക്കാര്‍ മൊബൈല്‍ ടോയ്‌ലറ്റുകള്‍ സ്ഥാപിച്ചു.
പാര്‍ലമെന്റ് സ്ട്രീറ്റിലാണ് മൊബൈല്‍ ടോയ്‌ലറ്റുകള്‍ സ്ഥാപിച്ചിട്ടുള്ളത്. കര്‍ഷകരെ സഹായിക്കാന്‍ ആവശ്യമായ സന്നദ്ധപ്രവര്‍ത്തകരുമായി ദല്‍ഹി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളും രംഗത്തുണ്ട്.
ദല്‍ഹി സര്‍ക്കാരും ആം ആദ്മി പാര്‍ട്ടിയും നേരത്തെ തന്നെ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു. ദല്‍ഹി സര്‍വകലാശാലയിലെ ഐസ, എസ്.എഫ്.ഐ എന്നീ വിദ്യാര്‍ത്ഥി സംഘടനയിലെ പ്രവര്‍ത്തകര്‍ കര്‍ഷകര്‍ക്ക് ഭക്ഷണമടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നുണ്ട്. വിശ്രമത്തിനായുള്ള ടെന്റുകളും വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ഒരുക്കിയിട്ടുണ്ട്.
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഒരു ലക്ഷത്തോളം കര്‍ഷകരാണ് മാര്‍ച്ച് ചെയ്യുന്നത്. അഖിലേന്ത്യ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കര്‍ഷക മാര്‍ച്ച് നടക്കുന്നത്. 207 കര്‍ഷകസംഘടനകളുടെ കൂട്ടായ്മയാണ് കിസാന്‍ കോ-ഓര്‍ഡിനേഷന്‍ സമിതി.
ഇതിനു മുന്നോടിയായി ആറായിരത്തിലേറെ സമരവൊളന്റിയര്‍മാര്‍ പദയാത്രയായി വ്യാഴാഴ്ച രാംലീല മൈതാനത്തെത്തി. കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷികവിരുദ്ധ നയങ്ങള്‍ തുറന്നുകാട്ടുന്നതിന്റെ ഭാഗമായാണ് രണ്ടുദിവസത്തെ കര്‍ഷകറാലി. ദല്‍ഹിയിലെ നിസാമുദീന്‍, ബിജ്വാസന്‍, സബ്ജി മണ്ഡി, ആനന്ദ് വിഹാര്‍ എന്നിവിടങ്ങളില്‍നിന്നാണ് പദയാത്രകള്‍ എത്തിയത്.
വിള ഇന്‍ഷുറന്‍സ്, വിളകള്‍ക്ക് താങ്ങുവില, വനവകാശ നിയമം നടപ്പിലാക്കുക, കര്‍ഷകരുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനായി മാത്രം പാര്‍ലമെന്റ് സമ്മേളനം വിളിച്ചു ചേര്‍ക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കര്‍ഷകര്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തുന്നത്.
ആത്മഹത്യ ചെയ്ത കര്‍ഷകരുടെ തലയോട്ടികള്‍ കൈയിലേന്തിയാണ് തമിഴ്‌നാട്ടില്‍ നിന്നുള്ള കര്‍ഷകര്‍ രാജ്യതലസ്ഥാനത്തെത്തിയത്. ഇന്ന് പാര്‍ലമെന്റിനകത്ത് പ്രവേശിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ നഗ്നരായി പ്രതിഷേധിക്കുമെന്നും കര്‍ഷകര്‍ അറിയിച്ചിട്ടുണ്ട്.
സി.പി.ഐ.എം. കര്‍ഷകസംഘടനയായ അഖിലേന്ത്യാ കിസാന്‍സഭ, യോഗേന്ദ്ര യാദവിന്റെ സ്വരാജ് ഇന്ത്യ എന്നിവയാണ് കര്‍ഷകറാലി നയിക്കുന്ന പ്രധാന സംഘടനകള്‍. പാര്‍ലമെന്റ് മാര്‍ച്ചില്‍ പത്രപ്രവര്‍ത്തകന്‍ പി. സായ്‌നാഥ് ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും.
പ്രതിപക്ഷ പാര്‍ട്ടികള്‍ക്കു പുറമെ, പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയും എന്‍.ഡി.എ. കക്ഷികളായ ശിവസേന, അകാലിദള്‍ എന്നീ പാര്‍ട്ടികളെയും സംഘാടകര്‍ സമരത്തിലേയ്ക്കു ക്ഷണിച്ചിട്ടുണ്ട്.
അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാന്‍ കനത്ത സുരക്ഷാവലയത്തിലാണ് ദല്‍ഹി. ആയിരത്തിലേറെ പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്.