ബാന്ദ്ര ഇവിടെ ആവര്‍ത്തിക്കരുത്; ജനങ്ങളോട് അഭ്യര്‍ത്ഥനയുമായി ദല്‍ഹി സര്‍ക്കാര്‍; കടുത്ത ജാഗ്രതയില്‍ രാജ്യ തലസ്ഥാനം
national news
ബാന്ദ്ര ഇവിടെ ആവര്‍ത്തിക്കരുത്; ജനങ്ങളോട് അഭ്യര്‍ത്ഥനയുമായി ദല്‍ഹി സര്‍ക്കാര്‍; കടുത്ത ജാഗ്രതയില്‍ രാജ്യ തലസ്ഥാനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 14th April 2020, 9:24 pm

ന്യൂദല്‍ഹി: ലോക്ഡൗണ്‍ ലംഘിച്ച് മുംബൈയിലെ ബാന്ദ്രയില്‍ ആയിരക്കണക്കിന് തൊഴിലാളികള്‍ ഒത്തുകൂടിയതിന് പിന്നാലെ കടുത്ത ജാഗ്രതയില്‍ ദല്‍ഹി സര്‍ക്കാര്‍. ജനങ്ങളോട് ലോക്ഡൗണ്‍ പാലിക്കണമെന്നും ഇപ്പോള്‍ ഉള്ള ഇടങ്ങളില്‍ത്തന്നെ തുടരണമെന്നും സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചു.

ബാന്ദ്രയില്‍ സ്വദേശത്തേക്ക് മടങ്ങണം എന്നാവശ്യപ്പെട്ട് ആയിരക്കണക്കിന് തൊഴിലാളികളാണ് പ്രതിഷേധിച്ചത്. കൊവിഡ് നിര്‍ദ്ദേശങ്ങളെല്ലാം മറികടന്നായിരുന്നു തൊഴിലാളികള്‍ കൂട്ടമായി പ്രതിഷേധിച്ചത്.

ദിവസങ്ങളായി പട്ടിണിയിലാണെന്നും താമസിക്കുന്ന മുറികളില്‍നിന്നും ഇറക്കിവിടുകയാണെന്നും തൊഴിലാളികള്‍ പറഞ്ഞു. ഭക്ഷണം ആവശ്യപ്പെട്ട് സമീപത്തെ ചേരിയിലെ ആളുകളും സംഘത്തിലുണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.

പിരിഞ്ഞുപോകണമെന്ന് പൊലീസ് അവശ്യപ്പെട്ടെങ്കിലും പ്രതിഷേധക്കാര്‍ ഇത് കൂട്ടാക്കിയില്ല. തുടര്‍ന്ന് പൊലീസ് ലാത്തി വീശി.

പ്രധാനമന്ത്രി ലോക്ഡൗണ്‍ നീട്ടി പ്രഖ്യാപനം നടത്തിയതിന് പിന്നാലെയാണ് തൊഴിലാളികള്‍ക്കിടയില്‍ ആശങ്ക പരന്നതെന്നാണ് വിവരം. രാജ്യത്ത് മഹാരാഷ്ട്രയിലാണ് നിലവില്‍ ഏറ്റവുമധികം കൊവിഡ് രോഗികളുള്ളത്. ഈ സാഹചര്യത്തില്‍ ആയിരക്കണക്കിന് ആളുകള്‍ കൂട്ടമായി എത്തിയത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ