കേരളഹൗസിലെ ബീഫ് റെയിഡ്: പോലീസിനെതിരെ ദല്‍ഹി സര്‍ക്കാരിന്റെ റിപ്പോര്‍ട്ട്
Daily News
കേരളഹൗസിലെ ബീഫ് റെയിഡ്: പോലീസിനെതിരെ ദല്‍ഹി സര്‍ക്കാരിന്റെ റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 5th November 2015, 10:44 am

kerala-house

ന്യൂദല്‍ഹി:  ഗോമാംസം ഉണ്ടെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ കേരള ഹൗസില്‍ അതിക്രമിച്ച് കയറി റെയിഡ് നടത്തിയ ദല്‍ഹി പോലീസിന്റെ നടപടി നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി ആം ആദ്മി സര്‍ക്കാര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ദല്‍ഹി മൃഗസംരക്ഷണ ഡയറക്ടറാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ദല്‍ഹി കന്നുകാലി സംരക്ഷണ നിയമപ്രകാരം പരിശോധനകള്‍ നടത്താനുള്ള അവകാശം മൃഗസംരക്ഷണ വകുപ്പിനാണെന്നും പോലീസിന്റെ നടപടി നിയമവിരുദ്ധമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ. രാജീവ് ഖോസ്‌ലയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കേരളത്തിനും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനും നല്‍കും. പോലീസിന്റെ നടപടി തെറ്റായിരുന്നുവെന്നും റെയിഡുകള്‍ നടത്താന്‍ മൃഗസംരക്ഷണ വകുപ്പിനെ മുന്‍കൂറായി അറിയിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

അതേ സമയം പോലീസിന്റെ നടപടി റെയിഡ് അല്ലായിരുന്നുവെന്നും സംഘര്‍ഷം ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടി മാത്രമായിരുന്നുവെന്നുമാണ് ദല്‍ഹി പോലീസ് കമ്മീഷണര്‍ ബി.എസ് ബസ്സി സംഭവത്തെ ന്യായീകരിച്ചിരുന്നത്.

സംഭവത്തിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്നിരുന്നത്. ദല്‍ഹി പോലീസിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് കേരള സര്‍ക്കാര്‍ പറഞ്ഞിരുന്നു. ഇതിന്റെയടിസ്ഥാനത്തില്‍ വ്യാജപരാതി നല്‍കിയ വിഷ്ണു ഗുപ്തയെന്ന ഹിന്ദുസേന നേതാവിനെ കസ്റ്റഡിയില്‍ എടുത്തിരുന്നു.