| Tuesday, 21st December 2021, 9:09 am

സര്‍ക്കാര്‍ ക്ലിനിക്കിന്റെ നിര്‍ദേശാനുസരണം കഫ്‌സിറപ്പ് കഴിച്ച കുട്ടികള്‍ മരിച്ച സംഭവം; ഡോക്ടര്‍മാരെ പുറത്താക്കി ദല്‍ഹി സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കഫ്‌സിറപ്പ് കഴിച്ചതിന്റെ പരിണിതഫലം കാരണം ദല്‍ഹിയില്‍ മൂന്ന് കുട്ടികള്‍ മരിച്ച സംഭവത്തില്‍ മൂന്ന് ഡോക്ടര്‍മാരെ ദല്‍ഹി സര്‍ക്കാര്‍ പിരിച്ചുവിട്ടു.

ദല്‍ഹിയിലെ മൊഹല്ല ക്ലിനിക്കിലെ ഡോക്ടര്‍മാര്‍ക്കെതിരെയാണ് സര്‍ക്കാര്‍ നടപടി. തിങ്കളാഴ്ചയായിരുന്നു സര്‍ക്കാര്‍ നടപടിയെടുത്തത്.

ദല്‍ഹിയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളാണ് സര്‍ക്കാരിന് കീഴിലുള്ള ആം ആദ്മി മൊഹല്ല ക്ലിനിക്കുകള്‍.

ഡെക്‌സ്‌ട്രോമെതോര്‍ഫന്‍ (Dextromethorphan-DXM) എന്ന മരുന്നായിരുന്നു കുട്ടികള്‍ കഴിച്ചത്.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിട്ടിട്ടുണ്ടെന്നും ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയ്ന്‍ അറിയിച്ചു. ”നിര്‍ഭാഗ്യകരമായ മരണങ്ങളായിരുന്നു അത്. സംഭവത്തിന് പിന്നിലെ കാരണങ്ങളറിയാന്‍ വിശദമായ അന്വേഷണം തന്നെ നടത്തും.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ ദല്‍ഹി മെഡിക്കല്‍ കൗണ്‍സിലിനും കത്തയച്ചിട്ടുണ്ട്. സി.ഡി.എം.ഒ ഡോ. ഗീതയുടെ നേതൃത്വത്തില്‍ അന്വേഷണ കമ്മീഷനും രൂപീകരിച്ചിട്ടുണ്ട്,” മന്ത്രി പറഞ്ഞു.

ഏഴ് ദിവസത്തിനുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കമ്മീഷന് നല്‍കിയിരിക്കുന്ന നിര്‍ദേശം.

ഇക്കഴിഞ്ഞ ഒക്ടോബറിലായിരുന്നു ക്ലിനിക്കില്‍ നിന്നും ലഭിച്ച നിര്‍ദേശപ്രകാരം കുട്ടികള്‍ കഫ്‌സിറപ്പ് കഴിച്ചത്. മരിച്ചതില്‍ മൂന്ന് വയസുകാരനുമുണ്ടായിരുന്നു.

കഫ്‌സിറപ്പ് കഴിച്ച ശേഷം അസുഖബാധിതരായ കുട്ടികളെ കുഞ്ഞുങ്ങള്‍ക്ക് വേണ്ടിയുള്ള കലാവതി ശരണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ഒക്ടോബര്‍ 13ന് ഒരു കുട്ടിയും പിന്നീട് അതേ മാസം തന്നെ മറ്റ് രണ്ട് കുട്ടികളും മരിക്കുകയായിരുന്നു.

കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരം ഡെക്‌സ്‌ട്രോമെതോര്‍ഫന്‍ കഴിച്ചതിന്റെ പരിണിതഫലം കാരണം 16 പേരാണ് കലാവതി ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നത്. ഇതിലുള്‍പ്പെട്ട മൂന്ന് കുട്ടികളാണ് മരിച്ചത്.

കുട്ടികള്‍ക്ക് വേണ്ടി സാധാരണ ഈ മരുന്ന് നിര്‍ദേശിക്കപ്പെടാറില്ല. നാല് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് ഈ മരുന്ന് നിര്‍ദേശിക്കരുതെന്ന് എല്ലാ ക്ലിനിക്കുകള്‍ക്കും ഡിസ്‌പെന്‍സറികള്‍ക്കും സര്‍ക്കാര്‍ നിര്‍ദേശം നല്‍കണമെന്ന് ഡി.ജി.എച്ച്.എസ് ദല്‍ഹി സര്‍ക്കാരിന് സമര്‍പ്പിച്ച കത്തില്‍ പറയുന്നുണ്ട്.

ഒക്ടോബറില്‍ നടന്ന സംഭവം അന്ന് വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിവെച്ചിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Delhi government sacked three doctors whose wrong prescription of cough syrup led to three kids’ death

We use cookies to give you the best possible experience. Learn more