ദല്‍ഹി സര്‍ക്കാരിന്റെ ബജറ്റ് രാമരാജ്യമെന്ന ആശയത്തെ അടിസ്ഥാനമാക്കിയായിരിക്കും: എ.എ.പി
India
ദല്‍ഹി സര്‍ക്കാരിന്റെ ബജറ്റ് രാമരാജ്യമെന്ന ആശയത്തെ അടിസ്ഥാനമാക്കിയായിരിക്കും: എ.എ.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 4th March 2024, 10:01 am

ന്യൂദല്‍ഹി: ദല്‍ഹി സര്‍ക്കാരിന്റെ തിങ്കളാഴ്ച നടക്കാനിരിക്കുന്ന സംസ്ഥാന ബജറ്റ് ‘രാമരാജ്യം’ എന്ന ആശയത്തിന്റെ അടിസ്ഥാനത്തിലായിരിക്കുമെന്ന് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ വൃത്തങ്ങള്‍ തന്നെയാണ് ഇത് സംബന്ധിച്ച സൂചന നല്‍കിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും വേണ്ടിയുള്ളതാണ് 2024-25 വര്‍ഷത്തെ ബജറ്റെന്ന് ദല്‍ഹി സര്‍ക്കാര്‍ അറിയിച്ചു. ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിന്റെ പത്താമത്തെ ബജറ്റാണ് തിങ്കളാഴ്ച നടക്കുന്നത്. രാമന്റെ തത്വങ്ങള്‍ക്കനുസൃതമായി സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും ബജറ്റ് ഗുണം ചെയ്യുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് നീക്കവുമായി ദല്‍ഹി സര്‍ക്കാര്‍ രംഗത്തെത്തിയത്. ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഇതിന് മുമ്പും തന്റെ രാമരാജ്യ സങ്കല്‍പ്പങ്ങളെ കുറിച്ച് സംസാരിച്ചിട്ടുണ്ട്.

എ.എ.പി സര്‍ക്കാര്‍ രാമരാജ്യത്തിന്റെ പത്ത് തത്ത്വങ്ങള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് തന്റെ റിപ്പബ്ലിക് ദിന പ്രസംഗത്തില്‍ കെജ്‌രിവാള്‍ അവകാശപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായി ജനങ്ങള്‍ക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം, ആരോഗ്യ സേവനങ്ങള്‍, സൗജന്യ വൈദ്യുതി, വെള്ളം എന്നിവ നല്‍കുമെന്നും സ്ത്രീ സുരക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ധനമന്ത്രി അതിഷിയെ കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയതിന് ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ ബജറ്റാണിത്. അനധികൃത കോളനികളിലെ വിവിധ സംരംഭങ്ങള്‍ക്കായി സര്‍ക്കാര്‍ ബജറ്റില്‍ 1,000 കോടി രൂപ നീക്കിവെക്കാന്‍ സാധ്യതയുണ്ട്.

Contant Highlight: Delhi Government’s Budget To Be Based On “Ram Rajya”: AAP