|

ദല്‍ഹിയിലെ ഭരണമേറ്റെടുക്കാന്‍ കേന്ദ്രത്തിന് ആകില്ല; ഭരിക്കാനുള്ള അവകാശം ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക്; സുപ്രീംകോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹി സര്‍ക്കാരും ലെഫ്റ്റനന്റ് ഗവര്‍ണറും തമ്മിലുള്ള അധികാര തര്‍ക്കത്തില്‍ ദല്‍ഹിയിലെ ഭരണമേറ്റെടുക്കാന്‍ കേന്ദ്രത്തിന് ആകില്ലെന്ന് സുപ്രീം കോടതി. ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കാണ് ഭരിക്കാനുള്ള അവകാശമെന്ന് ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് എം.ആര്‍ ഷാ, ജസ്റ്റിസ് കൃഷ്ണ മുരാരി, ജസ്റ്റിസ് ഹിമ കോലി, ജസ്റ്റിസ് പി.എസ് നരസിംഹ എന്നിവരടങ്ങുന്ന ഭരണഘടനാ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.

‘ദല്‍ഹി സര്‍ക്കാരിന് ഭരണപരമായ അവകാശങ്ങള്‍ ഉണ്ടാകും. പൊലീസ് ലാന്‍ഡ്, പബ്ലിക്ക് ഓര്‍ഡര്‍ എന്നിവ ഒഴിച്ചുള്ള എല്ലാ സേവനങ്ങളിലും സര്‍ക്കാരിന് പൂര്‍ണമായ അവകാശമുണ്ടാകും. ഉദ്യോഗസ്ഥരെ നിയമിക്കുവാനും അവരുടെ സ്ഥലമാറ്റം തീരുമാനിക്കുവാനുമുള്ള അവകാശം സര്‍ക്കാരിനാണ് ഉള്ളത്. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനാണ് ഇതിന് അവകാശം’, കോടതി വ്യക്തമാക്കി.

2019ല്‍ ദല്‍ഹി സര്‍ക്കാരിന് ഭരണപരമായ അവകാശങ്ങളില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഈ വിധിയോട് പൂര്‍ണ വിയോജിപ്പാണ് ഭരണഘടനാ ബെഞ്ച് പ്രകടിപ്പിച്ചത്. മന്ത്രി സഭയുടെ ഉപദേശപ്രകാരമാണ് ലഫ്റ്റനന്റ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടതെന്നും ക്രമസമാധാനം റവന്യൂ എന്നിവയിലായിരിക്കും കേന്ദ്രത്തിന് അധികാരമുണ്ടാകുകയെന്നും കോടതി പറഞ്ഞു.

ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനും സര്‍ക്കാരിനും ആശ്വാസം നല്‍കുന്നതാണ് വിധി. ഭരണഘടനയുടെ 239 അനുച്ഛേദ പ്രകാരം ദല്‍ഹിയുടെ ഭരണപരമായ അധികാരം ആര്‍ക്കാണെന്ന വിഷയമാണ് കോടതി പരിശോധിച്ചത്. ലെഫ്റ്റനന്റ് ഗവര്‍ണറെ ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ നിയന്ത്രിക്കുകയാണെന്ന് ചൂണ്ടികാട്ടി മുഖ്യമന്ത്രി കെജ്‌രിവാളാണ് ഹരജി നല്‍കിയിരുന്നത്. രാജ്യതലസ്ഥാനമായത് കൊണ്ട് ദല്‍ഹിയില്‍ മുഖ്യപങ്ക് വഹിക്കാനുണ്ടെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ വാദിച്ചത്.

Contenthighlight: Delhi government has control over administrative service: SC