വായുമലിനീകരണം കുറയ്ക്കാന്‍ പുതിയ പദ്ധതിയുമായി ദല്‍ഹി സര്‍ക്കാര്‍
national news
വായുമലിനീകരണം കുറയ്ക്കാന്‍ പുതിയ പദ്ധതിയുമായി ദല്‍ഹി സര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 15th October 2024, 11:55 am

ന്യൂദല്‍ഹി: നഗരത്തിലെ വായുമലിനീകരണം കുറയ്ക്കാന്‍ മൂടല്‍മഞ്ഞ് സ്‌പ്രേ ചെയ്യുന്ന ഡ്രോണുകള്‍ വാങ്ങാനൊരുങ്ങി ദല്‍ഹി സര്‍ക്കാര്‍. അന്തരീക്ഷത്തിലെ വായുവിന്റെ ഗുണനിലവാരം അളക്കാനും പൊടിയുടെ അളവ് കുറക്കാനും സഹായിക്കുന്ന സെന്‍സറുകളുള്ള ഡ്രോണുകളായിരിക്കും സര്‍ക്കാര്‍ വാങ്ങാന്‍ ലക്ഷ്യമിടുന്നതെന്നാണ് റിപ്പോര്‍ട്ട്.

‘ദല്‍ഹിയിലെ ഹോട്ട്സ്പോട്ടുകളില്‍ ഉണ്ടാവുന്ന മലിനീകരണം സമഗ്രമായി ട്രാക്ക് ചെയ്യുക എന്നതാണ് ഈ പദ്ധതിയുടെ ആശയം. വായു മലിനീകരണത്തിന്റെ സ്രോതസുകളെ തിരിച്ചറിയാനും സമയബന്ധിതമായി നടപടിയെടുക്കാനുമാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്,’ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

നഗരത്തിലെ മലിനീകരണ ഹോട്ട്‌സ്‌പോട്ടുകള്‍ ലക്ഷ്യമിട്ടാണ് ഈ പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. ഈ ശൈത്യകാലത്തായിരിക്കും മൂടല്‍മഞ്ഞ് സ്‌പ്രേ ചെയ്യുന്ന ഡ്രോണുകള്‍ സര്‍ക്കാര്‍ വാങ്ങുകയെന്ന് അധികൃതര്‍ അറിയിക്കുകയായിരുന്നു.

വായുമലീനീകരണത്തെ ചെറുക്കുന്നതിനോടൊപ്പം ഡ്രോണുകളില്‍ പി.എം2.5, പി.എം10 എന്നിവയുടെ അളവുകള്‍ രേഖപ്പെടുത്തുന്ന സംവിധാനവും ഉണ്ടായിരിക്കുമെന്നും സര്‍ക്കാര്‍ പ്രതിനിധികള്‍ അഭിപ്രായപ്പെട്ടിരുന്നു.

നഗരത്തിലെ ഏറ്റവും മലിനമായ പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ രൂപകല്‍പന ചെയ്ത് മൂന്ന് ഡ്രോണുകള്‍ ഏറ്റെടുക്കാന്‍ പരിസ്ഥിതി വകുപ്പ് ടെന്‍ഡര്‍ ഏര്‍പ്പെടുത്തിയിരുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അന്തരീക്ഷത്തിലുണ്ടാവുന്ന വായുവിന്റെ ഗുണനിലവാരം പരിശോധിക്കുക എന്നതിലുപരി വായു മലിനീകരണത്തിന്റെ പ്രാദേശിക സ്രോതസുകള്‍ കണ്ടെത്തുന്നതിനും പരിശോധിക്കുന്നതിനും ഈ പദ്ധതി ഉപകാരപ്രദമാവുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

അന്തരീക്ഷത്തിലെ പൊടിയുടെ അളവ് കുറയ്ക്കുന്നത് ലക്ഷ്യമിട്ടുകൊണ്ട് നടപ്പിലാക്കുന്ന ഈ പദ്ധതിക്ക് മറ്റ് സാധ്യതകളും ഉണ്ടെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.

ദല്‍ഹി സര്‍ക്കാര്‍ സെപ്റ്റംബര്‍ 25ന് പുറത്തിറക്കിയ പോയിന്റ് വിന്റര്‍ ആക്ഷന്‍ പ്ലാനിന്റെ ഭാഗമാണ് ഈ സംരംഭമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.

അതേസമയം പരിസ്ഥിതി മന്ത്രി ഗോപാല്‍ റോയ് മലിനീകരണ നിയന്ത്രണത്തില്‍ ഡ്രോണുകള്‍ ഉപയോഗിക്കേണ്ടതിന്റെ സാധ്യതകള്‍ ചൂണ്ടിക്കാട്ടിയിരുന്നു.

മുമ്പ് മലിനീകരണ സ്രോതസുകള്‍ സ്വമേധയാ കണ്ടെത്തിയിരുന്നുവെന്നും എന്നാല്‍ നിലവില്‍ അതിന് സാങ്കേതിക വിദ്യയുടെ തത്സമയ നിരീക്ഷണം ആവശ്യമാണെന്നും പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാന്‍ ഇത് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Content Highlight: Delhi government comes up with a new plan to reduce air pollution