ദല്‍ഹിയില്‍ എല്ലാതരം പുകയില, പാന്‍മസാലകള്‍ക്കും നിരോധനം
Daily News
ദല്‍ഹിയില്‍ എല്ലാതരം പുകയില, പാന്‍മസാലകള്‍ക്കും നിരോധനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 15th April 2016, 10:35 am

tobacco

ന്യൂദല്‍ഹി: ഗുഡ്ക, പാന്‍മസാല, സര്‍ദ, ഖൈനി തുടങ്ങി എല്ലാതരം പുകയില ഉത്പ്പന്നങ്ങള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയതായി ദല്‍ഹി സര്‍ക്കാര്‍.

ഒരു വര്‍ഷത്തേക്കാണ് നിരോധനം. ദല്‍ഹിയില്‍ ഇവ ഇനി വില്‍ക്കുന്നതോ വാങ്ങുന്നതോ കൈവശം വയ്ക്കുന്നതോ ഇനി മുതല്‍ കുറ്റകരമായിരിക്കും.

ഇക്കാര്യം വ്യക്തമാക്കി ഭക്ഷ്യസുരക്ഷാവിഭാഗം കഴിഞ്ഞ ദിവസം വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട്.

സുപ്രീംകോടതി നിരീക്ഷണങ്ങളെ പിന്തുടര്‍ന്ന് സെപ്റ്റംബര്‍ 2012ല്‍തന്നെ ദല്‍ഹി സര്‍ക്കാര്‍ ഗുഡ്കയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.

എന്നാല്‍, ഗുഡ്ക എന്ന പേര് ഒഴിവാക്കി മറ്റു പേരുകളില്‍ പാന്‍മസാല വില്‍പ്പന തുടര്‍ന്നുവന്നിരുന്നു എന്ന് ആരോഗ്യവകുപ്പ് പറഞ്ഞു.

ഈ പശ്ചാത്തലത്തിലാണ് പുകയിലയുടെ ചവയ്ക്കുന്ന രൂപത്തിലുള്ള എല്ലാ വസ്തുക്കളുടെയും നിരോധനം ദല്‍ഹി സര്‍ക്കാര്‍ ഒരു വര്‍ഷത്തേക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

ഇതുപ്രകാരം പുകയില ഉത്പ്ന്നങ്ങളുടെ അവ ഏത് പേരിലുള്ളതാണെങ്കിലും അവ ഉത്പാദിക്കാനോ വിപണനം ചെയ്യാനോ ഉള്ള അനുമതി ഇനി മുതല്‍ ഉത്പാദകര്‍ക്കോ വിപണനക്കാര്‍ക്കോ ഉണ്ടായിരിക്കുന്നതല്ലെന്നും ഇവയുടെ വില്‍പ്പന ശ്രദ്ധയില്‍പ്പെടുന്ന പക്ഷം നിയമം അനുശാസിക്കുന്ന ശിക്ഷ ഇവര്‍ക്ക് ലഭിക്കുമെന്നും ഭക്ഷ്യസുരക്ഷാവിഭാഗം പുറത്തിറക്കിയ വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നുണ്ട്.