ന്യൂദല്‍ഹി: കേന്ദ്രത്തിന്റെ കര്‍ഷക നിയമങ്ങള്‍ക്കെതിരെ രാജ്യതലസ്ഥാനത്ത് കര്‍ഷകര്‍ നടത്തുന്ന സമരം 39 ദിവസം പിന്നിടുന്നു. സമരം നേരിടാന്‍ കേന്ദ്രം നടത്തിയ ചര്‍ച്ചകളൊന്നും ഇതുവരെ ഫലം കണ്ടിട്ടില്ല. ബില്ലുകള്‍ പിന്‍വലിക്കുന്നതു വരെ സമരം തുടരുമെന്ന നിലപാടില്‍ തന്നെയാണ് കര്‍ഷകര്‍ ഇപ്പോഴും.
ദല്‍ഹിയിലെ കൊടുംതണുപ്പും അപ്രതീക്ഷിതമായി പെയ്ത മഴയും തങ്ങളുടെ പോരാട്ടത്തെ ബാധിക്കില്ലെന്ന പറഞ്ഞ കര്‍ഷകര്‍ ഇപ്പോള്‍ വസ്ത്രങ്ങള്‍ ഉപേക്ഷിച്ച് നടത്തുന്ന പ്രതിഷേധം ചര്‍ച്ചയാകുകയാണ്.
കൊടുംതണുപ്പിലും വസ്ത്രങ്ങള്‍ ഉപേക്ഷിച്ച് തെരുവില്‍ സമരം ചെയ്യുന്ന കര്‍ഷകരുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടിരുന്നു.
‘ശൈത്യകാലത്ത് ഞങ്ങളുടെ പാടങ്ങളില്‍ വെള്ളം നനയ്ക്കുന്നത് ഇതിനേക്കാള്‍ കഠിനമാണ്. കാലാവസ്ഥയ്ക്ക് ഞങ്ങളുടെ സമരത്തെ ഇല്ലാതാക്കാന്‍ കഴിയില്ല’, കര്‍ഷകനായ ഹര്‍ജീത്ത് സിംഗ് ജോഹല്‍ പറഞ്ഞു.
പ്രതിസന്ധികള്‍ വരുമ്പോള്‍ പേടിച്ചുപോകുന്നവരല്ല തങ്ങളെന്നും മുന്നോട്ട് വെച്ച ആവശ്യങ്ങള്‍ നിറവേറുന്നത് വരെ പ്രക്ഷോഭം നയിക്കുമെന്നും കര്‍ഷകര്‍ പറഞ്ഞു.
അതേസമയം പ്രക്ഷോഭം ശക്തമാകുന്നതിനിടെ ദല്‍ഹി അതിര്‍ത്തിയില്‍ സമരം ചെയ്യുന്ന കര്‍ഷകന്‍ ആത്മഹത്യ ചെയ്തത് വാര്‍ത്തയായിരുന്നു. കര്‍ഷക നിയമത്തിനെതിരെ പ്രതിഷേധിച്ചാണ് ആത്മഹത്യയെന്ന് വ്യക്തമാക്കുന്ന കുറിപ്പും മൃതദേഹത്തിനടുത്ത് നിന്ന് കണ്ടെത്തിയിരുന്നു.
ഉത്തര്‍പ്രദേശിലെ രാംപുര്‍ ജില്ലയില്‍നിന്നുള്ള കാഷ്മിര്‍ സിങ് (75) ആണ് മരിച്ചത്.സമരസ്ഥലത്തിനടുത്ത് ഒരു ശൗചാലയത്തില്‍ തൂങ്ങി മരിച്ച നിലയില്‍ ഇദ്ദേഹത്തെ കണ്ടെത്തുകയായിരുന്നു.
കാര്‍ഷിക നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചുകൊണ്ടുള്ള ആത്മഹത്യാ കുറിപ്പാണ് കണ്ടെത്തിയതെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.
38 ദിവസങ്ങളായി തുടരുന്ന കര്‍ഷക സമരത്തിനിടെ ഇതുവരെ 30ല്‍ അധികം കര്‍ഷകര്‍ വിവിധ കാരണങ്ങളാല്‍ മരിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം സിംഗു അതിര്‍ത്തിയില്‍ ഹരിയാനയില്‍നിന്നുള്ള ഒരു പുരോഹിതന്‍ സ്വയം നിറയൊഴിച്ച് മരിച്ചിരുന്നു.
പൊലീസ് ഇതുവരെ ആത്മഹത്യയ്ക്കുള്ള കാരണം സ്ഥിരീകരിച്ചിട്ടില്ല. മൃതദേഹം സമരസ്ഥലത്തുതന്നെ അടക്കംചെയ്യണമെന്നും ആത്മഹത്യാ കുറിപ്പില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം കര്‍ഷകരുമായി വീണ്ടുമൊരു ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്രം അറിയിച്ചിരിക്കുകയാണ്. ജനുവരി നാലിനാണ് ചര്‍ച്ച.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക