ന്യൂദല്‍ഹി: ദല്‍ഹിയില്‍ 23 കാരിയായ മെഡിക്കല്‍ വിദ്യാര്‍ഥിനിയെ കൂട്ടമാനഭംഗം ചെയ്ത സംഭവത്തില്‍ പ്രതികള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുമെന്ന് ദല്‍ഹി പോലീസ് അറിയിച്ചു. ആറ് പ്രതികളാണ് കേസില്‍ ഉള്ളത്.[]
നിലവില്‍ കൊലപാതകശ്രമം (307), തെളിവ് നശിപ്പിക്കല്‍ (201), തട്ടിക്കൊണ്ടുപോകല്‍ (365), കൂട്ടമാനഭംഗം 376-2(ജി), അസ്വാഭാവിക നിയമലംഘനം (377) തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
പെണ്‍കുട്ടിയുടെ മരണത്തില്‍ കലാശിച്ച സംഭവം അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി കാണണമെന്ന് കോടതിയോട് ആവശ്യപ്പെടുമെന്ന് ദല്‍ഹി പൊലീസ് പറഞ്ഞു.
പ്രായപൂര്‍ത്തിയാവത്ത ഒരാളുള്‍പ്പെടെ ആറു പേരാണ് പ്രതികള്‍. രാം സിങ്, പവന്‍ ഗുപ്ത, വിനയ് ശര്‍മ, മുകേഷ്, അക്ഷയ് സിങ് എന്നിവരാണ് സംഭവം നടന്ന് ദിവസങ്ങള്‍ക്കുള്ളില്‍ അറസ്റ്റിലായത്.
ആശുപത്രിയില്‍ നിന്ന് ഔദ്യോഗിക റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കുമെന്നും പൊലീസ് അറിയിച്ചു. പെണ്‍കുട്ടി മരിച്ചതായ വിവരം ഔദ്യോഗികമായി ലഭിച്ച ശേഷമാണ് ദല്‍ഹി പോലീസ് പ്രതികള്‍ക്കെതിരേ കൊലക്കുറ്റം ചുമത്തുമെന്ന് വ്യക്തമാക്കിയത്.
അടുത്ത ആഴ്ച ആദ്യം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്നും പോലീസ് പറഞ്ഞു. ആറാമത്തെ പ്രതിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് സംശയമുണ്ടെന്ന വിശദീകരണത്തോടെ പോലീസ് യഥാര്‍ഥ പേര് പുറത്തുവിട്ടിട്ടില്ല. ഇയാളുടെ പ്രായപരിശോധനയ്ക്കായി പോലീസ് കോടതിയുടെ അനുമതിയും തേടിയിട്ടുണ്ട്.
അതിവേഗകോടതിയിലെ വിചാരണക്ക് ശേഷം ഉടന്‍തന്നെ ശിക്ഷ വിധിക്കാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം.