| Monday, 31st January 2022, 10:23 pm

ദല്‍ഹി കൂട്ടബലാത്സംഗം; അന്ന് ആരെങ്കിലും കൂടെ നിന്നിരുന്നെങ്കില്‍ ഇത് സംഭവിക്കില്ലായിരുന്നെന്ന് യുവതിയുടെ കുടുംബം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വിവേക് വിഹാറില്‍ കൂട്ടബലാത്സംഗത്തിനിരയാവുകയും ക്രൂര മര്‍ദനത്തിന് ഇരയാവുകയും ചെയ്ത യുവതി സുഖം പ്രാപിക്കുന്നതായി കുടുംബം. എന്നാല്‍ തന്റെ കുഞ്ഞിനെ സംരക്ഷിക്കാനുള്ള മാനസികാവസ്ഥയിലല്ല യുവതിയെന്നും കുടുംബം പറഞ്ഞു.

ദല്‍ഹിയിലെ വിവേക് വിഹാറിലെ യുവതി കൂട്ടബലാത്സംഗത്തിനിരയായത് കഴിഞ്ഞ റിപബ്ലിക് ദിനത്തിലായിരുന്നു. മദ്യപാനികളാല്‍ കൂട്ട ബലാത്സംഗം ചെയ്യപ്പെട്ട യുവതിയെ മുടിമുറിച്ച് തെരുവിലൂടെ നടത്തിക്കുകയായിരുന്നു. സ്ത്രീകളടക്കമുള്ള സംഘമായിരുന്നു യുവതിയെ ആക്രമിച്ചത്.

ഭര്‍തൃമതിയായ യുവതിയാണ് നിഷ്ഠൂരമായ അതിക്രമത്തിനിരയായത്. യുവതിയെ അയല്‍വാസിയായ ഒരു യുവാവ് നിരന്തരമായി ശല്യപ്പെടുത്തിയിരുന്നു. തനിക്ക് യുവതിയെ ഇഷ്ടമാണെന്ന് ഇയാള്‍ പറഞ്ഞിരുന്നു.

ഇയാള്‍ കഴിഞ്ഞ നവംബറില്‍ ആത്മഹത്യ ചെയ്തു. ഇയാളുടെ ആത്മഹത്യക്ക് ഉത്തരവാദി യുവതിയാണെന്ന് കുടുംബം ആരോപിച്ചിരുന്നു. ഇതിനു പ്രതികാരമായായിരുന്നു അതിക്രമം.

കൂട്ടബലാത്സംഗത്തിനു ശേഷം യുവതിയുടെ മുടി മുറിച്ച്, മുഖത്ത് കറുത്ത പെയിന്റടിച്ച്, ചെരുപ്പ് മാലയണിഞ്ഞ് പ്രതികള്‍ തെരുവിലൂടെ നടത്തിക്കുകയായിരുന്നു.

അതേസമയം, ഒരു പെണ്‍കുട്ടിക്കും ഈ അവസ്ഥ വരരുതെന്നും സംഭവം നടന്നത് തെരുവിലോ റോഡിലോ അല്ലെന്നും യുവതിയുടെ പിതാവ് പറഞ്ഞു.

ബി.ജെ.പിയിലേയും കോണ്‍ഗ്രസിലേയും നേതാക്കള്‍ തങ്ങളെ സന്ദര്‍ശിച്ചെന്നും സഹായം വാഗ്ദാനം ചെയ്‌തെന്നും യുവതിയുടെ പിതാവ് പറഞ്ഞു.

‘ബി.ജെ.പി നേതാവായ ഗൗതം ഗംഭീറും കോണ്‍ഗ്രസിലെ അനില്‍ ചൗധരിയും ഞങ്ങളെ സന്ദര്‍ശിച്ചു. ഞങ്ങള്‍ക്ക് രണ്ട് മാസത്തെ റേഷന്‍ പോലും ചോദിക്കാതെ അവര്‍ തന്നു. ഞങ്ങള്‍ക്ക് എല്ലാ പിന്തുണയും സഹായവും വാഗ്ദാനം ചെയ്തു അല്ലാത്തപക്ഷം ആരാണ് ഞങ്ങളെ സഹായിക്കുന്നത് ഒരാള്‍ യാചിച്ചാലും അവര്‍ക്ക് സഹായം ലഭിക്കുന്നില്ല. വളരെയധികം നന്ദി,” അദ്ദേഹം പറഞ്ഞു

യുവതിക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്ന സമയത്ത് ആളുകള്‍ കുറച്ച് പിന്തുണ നല്‍കിയിരുന്നെങ്കില്‍ ഇത് സംഭവിക്കില്ലായിരുന്നെന്ന് യുവതിയുടെ സഹോദരി പറഞ്ഞു.

ഇന്ത്യയില്‍ സ്ത്രീകളെ പലരും മനുഷ്യരായിപ്പോലും കണക്കാക്കാറില്ലെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി നേരത്തെ പറഞ്ഞിരുന്നു.

20 വയസുള്ള പെണ്‍കുട്ടിയെ ആള്‍ക്കൂട്ടത്തിനിടയില്‍ വെച്ച് ക്രൂരമായി മര്‍ദിക്കുന്ന വീഡിയോ സമൂഹത്തിന്റെ അസ്വസ്ഥമായ മുഖമാണ് തുറന്നു കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അതേസമയം, രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വിവിധയിടങ്ങളില്‍ നിന്നുള്ളവര്‍ കൂട്ടബലാത്സംഗത്തിന്റെ പേരില്‍ വര്‍ഗീയ കലാപം ഉണ്ടാക്കാന്‍ ശ്രമിക്കുന്നതായി കേന്ദ്രം അറിയിച്ചിരുന്നു.

ഇര സിഖുകാരിയാണെന്നും അവളെ ആക്രമിച്ചവര്‍ ഹിന്ദുക്കളാണെന്നും തരത്തിലുള്ള വ്യാജവാര്‍ത്തകളാണ് ഇക്കൂട്ടര്‍ പ്രചരിപ്പിക്കുന്നത്. ഇതില്‍ ഉള്‍പ്പെട്ടവരെല്ലാം ‘ബേദ്കൂട്ട്’ പട്ടികജാതി ഹിന്ദു സമുദായത്തില്‍ നിന്നുള്ളവരാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നെങ്കിലും എല്ലാവരും യഥാര്‍ത്ഥത്തില്‍ പഞ്ചാബില്‍ നിന്നുള്ളവരാണെന്ന് പൊലീസ് പറഞ്ഞു.


Content Highlights: Delhi gang-rape; The girl’s family said it would not have happened if someone had stood by her that day

We use cookies to give you the best possible experience. Learn more