നിര്‍ഭയ കേസ്: പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ മോചിപ്പിക്കണമെന്ന് ദല്‍ഹി ഹൈക്കോടതി
Daily News
നിര്‍ഭയ കേസ്: പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ മോചിപ്പിക്കണമെന്ന് ദല്‍ഹി ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 18th December 2015, 3:21 pm

DELHI-RAPE

ന്യൂദല്‍ഹി:  ദല്‍ഹി കൂട്ടമാനഭംഗ കേസില്‍ ശിക്ഷിക്കപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ മോചിപ്പിക്കാമെന്ന് ദല്‍ഹി ഹൈക്കോടതി ഉത്തരവിട്ടു. ശിക്ഷാ കാലാവധി നാളെ പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണ് വിധി. നിലവിലെ ജുവനൈല്‍ ചട്ടങ്ങള്‍ക്കനുസരിച്ച് പ്രതിയെ സ്‌പെഷ്യല്‍ ഹോമില്‍ താമസിപ്പിക്കാനാകില്ലെന്നും ഇക്കാര്യത്തില്‍ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് പ്രതിയുടെ മാതാപിതാക്കളുമായി സംസാരിക്കാമെന്നും കോടതി വ്യക്തമാക്കി.

പ്രതിയെ മോചിപ്പിക്കരുത് എന്നാവശ്യപ്പെട്ട് സുബ്രമണ്യന്‍ സ്വാമി നല്‍കിയ ഹര്‍ജിയില്‍ ഇടപെടാനാകില്ലെന്നും കോടതി വ്യക്തമാക്കി. പ്രതിയെ മോചിപ്പിച്ചാല്‍ സമൂഹത്തിന് ഭീഷണിയാവുമെന്ന് ചൂണ്ടിക്കാട്ടിയാണ് സുബ്രഹ്മണ്യന്‍ സ്വാമി ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. പുനരധിവാസം സംബന്ധിച്ച് വ്യക്തത വന്നിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിയെ വിട്ടയക്കരുതെന്ന് കേന്ദ്രം കോടതിയോട് ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ തങ്ങള്‍ക്ക് നീതി ലഭിച്ചില്ലെന്ന് നിര്‍ഭയയുടെ മാതാവ് ആശാദേവി പ്രതികരിച്ചു. പ്രതിയെ മോചിപ്പിച്ചാലും സര്‍ക്കാരിന്റെ നിരീക്ഷണത്തില്‍ വെക്കണമെന്നും ആശാദേവി പ്രതികരിച്ചു.

2012 ഡിസംബര്‍ 16നായിരുന്നു നിര്‍ഭയയെ (ജ്യോതി സിങ്) അഞ്ചുപേര്‍ ചേര്‍ന്ന് ഓടുന്ന ബസില്‍വെച്ച് ക്രൂരമായി മാനഭംഗപ്പെടുത്തിയിരുന്നത്. പെണ്‍കുട്ടിയോട് ഏറ്റവും ക്രൂരമായി പെരുമാറിയത് ഇയാളായിരുന്നു.