| Monday, 31st January 2022, 8:22 pm

ദല്‍ഹി കൂട്ടബലാത്സംഗത്തെ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വര്‍ഗീയ കലാപമുണ്ടാക്കാന്‍ ഉപയോഗിക്കുന്നു: കേന്ദ്രം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കാനഡ, യു.കെ, യു.എസ് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ സോഷ്യല്‍ മീഡിയ വഴി വര്‍ഗീയ കലാപം ഉണ്ടാക്കാന്‍ ശ്രമിക്കുന്നതായി കേന്ദ്രം.

ദല്‍ഹിയിലെ വിവേക് വിഹാറിലെ യുവതി കൂട്ടബലാത്സംഗം ചെയ്തതുപോലുള്ള സംഭവങ്ങള്‍ ഉപയോഗിച്ചാണ് ആളുകള്‍ സോഷ്യല്‍ മീഡിയയിലൂടെ കലാപത്തിന് ശ്രമിക്കുന്നതെന്ന് വിവിധ അന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പ് ഉദ്ധരിച്ച് സര്‍ക്കാര്‍ പറഞ്ഞു.

ഇര സിഖുകാരിയാണെന്നും അവളെ ആക്രമിച്ചവര്‍ ഹിന്ദുക്കളാണെന്നും തരത്തിലുള്ള വ്യാജവാര്‍ത്തകളാണ് ഇക്കൂട്ടര്‍ പ്രചരിപ്പിക്കുന്നത്. ഇതില്‍ ഉള്‍പ്പെട്ടവരെല്ലാം ‘ബേദ്കൂട്ട്’ പട്ടികജാതി ഹിന്ദു സമുദായത്തില്‍ നിന്നുള്ളവരാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നെങ്കിലും എല്ലാവരും യഥാര്‍ത്ഥത്തില്‍ പഞ്ചാബില്‍ നിന്നുള്ളവരാണെന്ന് പൊലീസ് പറഞ്ഞു.

ദല്‍ഹിയിലെ വിവേക് വിഹാറിലെ യുവതി കൂട്ടബലാത്സംഗത്തിനിരയായത് കഴിഞ്ഞ റിപബ്ലിക് ദിനത്തിലായിരുന്നു. മദ്യപാനികളാല്‍ കൂട്ട ബലാത്സംഗം ചെയ്യപ്പെട്ട യുവതിയെ മുടിമുറിച്ച് തെരുവിലൂടെ നടത്തിക്കുകയായിരുന്നു. സ്ത്രീകളടക്കമുള്ള സംഘമായിരുന്നു യുവതിയെ ആക്രമിച്ചത്.

യുവതിക്കെതിരെ വ്യക്തിവിദ്വേഷമുള്ളവരാണ് ഹീനമായ കുറ്റകൃത്യത്തിനു പിന്നിലെന്ന് പൊലീസ് പറഞ്ഞു. എട്ട് സ്ത്രീകളടക്കം പതിനൊന്ന് പേരാണ് സംഭവത്തില്‍ ഇതുവരെ അറസ്റ്റിലായിട്ടുള്ളത്.

സംഭവത്തെക്കുറിച്ചുള്ള ഈ വ്യാജ വാര്‍ത്തകള്‍ പ്രധാനമായും കാനഡ, യു.കെ, യു.എസ് എന്നിവിടങ്ങളില്‍ നിന്നാണ് പോസ്റ്റ് ചെയ്തതെന്ന് സുരക്ഷാ ഏജന്‍സികള്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

ഈ ക്യാമ്പയിനിന്റെ ഭാഗമായി ഇന്ത്യയില്‍ നിന്നും നിരവധി പോസ്റ്റുകള്‍ ഉണ്ടാക്കിയതായും ലുധിയാന, സഹരന്‍പൂര്‍, ബഹദൂര്‍ഗഡ്, മഥുര എന്നിവിടങ്ങളില്‍ നിന്ന് വന്ന പല പോസ്റ്റുകളും പിന്‍വലിച്ചതായും പൊലീസ് പറഞ്ഞു.

‘കൂട്ടബലാത്സംഗ കേസിലെ ഇര ആത്മഹത്യ ചെയ്തുവെന്ന് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിന് ദല്‍ഹി പൊലീസ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്,’ ആഭ്യന്തര മന്ത്രാലയത്തിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു,

1984ലെ സിഖ് കൂട്ടക്കൊലപ്പോലെ വിദേശ സ്വാധീനമുള്ളവര്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുകയും വര്‍ഗീയ കലാപത്തിന് പ്രേരിപ്പിക്കുകയും ചെയ്യുന്നുവെന്നാണ് സൂചന. സംഭവത്തെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ #SikhGenocideContinues, #NeverForget1984 തുടങ്ങിയ ഹാഷ്ടാഗുകള്‍ ഉപയോഗിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അത്തരത്തിലുള്ള മിക്ക ട്വീറ്റുകളിലും, ‘ഹിന്ദുത്വ സഖ്യകക്ഷികള്‍’, ‘മോറല്‍ ഡീഗ്രേഡേഷന്‍ മോദി’ തുടങ്ങിയ വാക്കുകളാണ് ഉപയോഗിച്ചിരിക്കുന്നതെന്ന് സോഷ്യല്‍ മീഡിയ പോസ്റ്റുകളുടെ അടിസ്ഥാനത്തില്‍ മനസിലാകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പഞ്ചാബ്, ഉത്തര്‍പ്രദേശ്, മണിപ്പൂര്‍, ഉത്തരാഖണ്ഡ്, ഗോവ എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് അടുത്ത മാസം ആരംഭിക്കും. മാര്‍ച്ച് 10നാണ് ഫലം പ്രഖ്യാപിക്കുക.


Content Highlights: Delhi gang-rape being used to provoke communal riots ahead of elections: Center

We use cookies to give you the best possible experience. Learn more