[]ന്യൂദല്‍ഹി:## ദല്‍ഹി കൂട്ടബലാത്സംഗക്കേസിലെ പ്രതികള്‍ക്ക് കോടതി വധശിക്ഷ വിധിച്ചു. നാല് പ്രതികളും കുറ്റക്കാരാണെന്ന് കോടതി നേരത്തേ കണ്ടെത്തിയിരുന്നു.
ദല്‍ഹി സാകേത് അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണെന്ന് നിരീക്ഷിച്ച കോടതി സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ഗൗരവത്തോടെ കാണണമെന്നും പറഞ്ഞു.
കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് പെണ്‍കുട്ടിയുടെ അമ്മ പ്രതികരിച്ചു.
മുകേഷ് സിങ്, വിനയ് ശര്‍മ, പവന്‍ ഗുപ്ത, അക്ഷയ് താക്കൂര്‍ എന്നീ പ്രതികളുടെ ശിക്ഷയാണ് ഇന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരി അഞ്ചിനായിരുന്നു കേസില്‍ വിചാരണ തുടങ്ങിയത്.
സെക്ഷന്‍ 302(കൊലപാതകം) പ്രകാരമാണ് പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചത്. ഇരയുടെ ശരീരത്തിലേറ്റ പരിക്കുകളില്‍ നിന്നും പ്രതികളുടെ ലക്ഷ്യം ബലാത്സംഗം മാത്രമല്ല കൊലപാതകം തന്നെയാണെന്ന് വ്യക്തമാകുന്നതായി കോടതി നിരീക്ഷിച്ചു.
പ്രോസിക്യൂഷന്‍ 85 സാക്ഷികളേയും പ്രതിഭാഗം 17 സാക്ഷികളേയും ഹാജരാക്കിയിരുന്നു. കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, കൊള്ള എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്.
അതേസമയം, സര്‍ക്കാറിന്റെ സമ്മര്‍ദ്ദം മൂലമാണ് പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചതെന്ന് പ്രതിഭാഗം അഭിഭാഷകര്‍ പറഞ്ഞു. വിധിക്കെതിരെ ദല്‍ഹി ഹൈക്കോടതിയെ സമീപിക്കുമെന്നും അഭിഭാഷകര്‍ അറിയിച്ചു.
അവസാന ശ്വാസം വരെ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുകയായിരുന്നെന്ന് വിധി പ്രസ്താവിച്ച ജഡ്ജി പറഞ്ഞു. ശിക്ഷ പ്രഖ്യാപിച്ചപ്പോള്‍ പ്രതികളിലൊരാളായ വിനയ് ശര്‍മ പൊട്ടിക്കരഞ്ഞു.
കേസിലെ ആറ് പ്രതികളില്‍ ബസ് ഡ്രൈവര്‍ രാം സിങ് തീഹാര്‍ ജയിലില്‍ തൂങ്ങിമരിച്ചിരുന്നു. പ്രതികളില്‍ പ്രായപൂര്‍ത്തിയാകാത്ത പ്രതി കുറ്റക്കാരനെന്ന് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് അടുത്തിടെ വിധിക്കുകയും ചെയ്തിരുന്നു. ജുവനൈല്‍ നിയമ പ്രകാരമുള്ള പരമാവധി ശിക്ഷയായ ദുര്‍ഗുണ പരിഹാര പഠനമാണ് ശിക്ഷ വിധിച്ചത്.
കഴിഞ്ഞ ഡിസംബര്‍ 16നാണ് ഡല്‍ഹിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ 23കാരിയായ പെണ്‍കുട്ടി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്.